Advertisment

പെയ്തിറങ്ങിയത് റെക്കോര്‍ഡ് മഴയും കൊടുങ്കാറ്റും; ആഘാതം വിട്ടുമാറാതെ ന്യൂയോര്‍ക്ക്; താറുമാറായി നഗര സംവിധാനങ്ങള്‍, കരകയറാതെ തെരുവുകള്‍

വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നും ജനം ജാഗ്രത പാലിക്കണമെന്നും ഗവര്‍ണര്‍ അറിയിച്ചിരുന്നു

New Update
flood

പേമാരിയും കൊടുങ്കാറ്റും സൃഷ്ടിച്ച ആഘാതത്തില്‍നിന്നും കരകയറാതെ ന്യൂയോര്‍ക്ക്. വെള്ളിയാഴ്ച തകര്‍ത്തുപെയ്ത മഴയിലും കൊടുങ്കാറ്റിന്റെയും ഫലമായി താറുമാറായ നഗരസംവിധാനങ്ങള്‍ ഇനിയും പുനഃസ്ഥാപിക്കാനായിട്ടില്ല. നഗരത്തില്‍ ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.  റോഡുകളും ഹൈവേകളും വെള്ളത്തിനടിയിലാണ്. നിരവധി കടകളില്‍ വെള്ളം കയറി. വാഹനങ്ങള്‍ മുങ്ങിയ അവസ്ഥയിലാണ്. പലയിടത്തും വൈദ്യുതിയും കുടിവെള്ളവും തടസപ്പെട്ടു.

Advertisment

420 സ്‌റ്റേഷനുകളും മുപ്പതിലധികം ലൈനുകളുമുള്ള ലോകത്തിലെ ഏറ്റവും വലിയ ട്രെയിന്‍ ശൃംഖലയായ ന്യൂയോര്‍ക്ക് സബ്‌വേ സര്‍വീസുകളും തടസപ്പെട്ടിരുന്നു. നഗരത്തിലുടനീളമുള്ള തെരുവുകളിലൂടെയും ബേസ്മെന്റുകളിലേക്കും സ്‌കൂളുകളിലേക്കും സബ്വേകളിലേക്കും വാഹനങ്ങളിലേക്കും വെള്ളപ്പൊക്കം ഇരച്ചുകയറുകയായിരുന്നു. 

വാഹനങ്ങള്‍, കെട്ടിടങ്ങള്‍, റോഡുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ കുടുങ്ങിക്കിടന്ന ആളുകളെ വളരെ ശ്രമകരമായാണ് രക്ഷിക്കുകയുണ്ടായത്. മൂന്നു മണിക്കൂറിനുള്ളില്‍ പെയ്തത് ഒരു മാസത്തെ മഴയെന്നാണ് റിപ്പോര്‍ട്ട്. 1948ന് ശേഷമുള്ള ഏറ്റവും വലിയ മഴയാണ് ന്യൂയോര്‍ക്ക് വെള്ളിയാഴ്ച നേരിട്ടത്. കൊടുങ്കാറ്റിന്റെ ഏറ്റവും വലിയ തീവ്രതയാണ് നഗരത്തിലുണ്ടായത്. 

മൂന്നു മുതല്‍ 6 ഇഞ്ച് വരെ മഴ വെള്ളിയാഴ്ച പെയ്തിരുന്നു. വൈകുന്നേരത്തോടെ കൂടുതല്‍ മഴ പെയ്യുകയും പിന്നീട് ക്രമേണ കുറയുകയുമായിരുന്നു. 1,400 സ്‌കൂളുകളില്‍ 150 എണ്ണത്തിലും വെള്ളം കയറി. സബ്വേകളിലേക്കും റെയില്‍വേയിലേക്കും വെള്ളം കുതിച്ചെത്തി. ബ്രൂക്ലിനിലെ 10 ട്രെയിന്‍ ലൈനുകളിലും മൂന്ന് മെട്രോ-നോര്‍ത്ത് ട്രെയിന്‍ ലൈനുകളിലും സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. 

മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ അതോറിറ്റി വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഏഴ് സബ്വേ ലൈനുകളില്‍ സേവനം പൂര്‍ണമായും പുനഃസ്ഥാപിച്ചു.

വെള്ളിയാഴ്ച ന്യൂയോര്‍ക്ക് സിറ്റി ഏരിയയിലെ മൂന്ന് വിമാനത്താവളങ്ങളിലും ഫ്‌ളൈറ്റ് വൈകി. ന്യൂയോര്‍ക്കിലെ ലാഗ്വാര്‍ഡിയ വിമാനത്താവളത്തിലെ ചരിത്രപ്രസിദ്ധമായ മറൈന്‍ എയര്‍ ടെര്‍മിനലിനുള്ളില്‍ വെള്ളപ്പൊക്കം ഉണ്ടായതിനെത്തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിടാന്‍ നിര്‍ബന്ധിതരായി. വിമാനത്താവളത്തിലെ ഏറ്റവും ചെറിയതും സ്പിരിറ്റ്, ഫ്രോണ്ടിയര്‍ എയര്‍ലൈനുകള്‍ക്കുള്ളതുമായ ടെര്‍മിനല്‍ വെള്ളിയാഴ്ച രാത്രി വീണ്ടും തുറന്നു.

വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നും ജനം ജാഗ്രത പാലിക്കണമെന്നും ഗവര്‍ണര്‍ അറിയിച്ചിരുന്നു. വെള്ളക്കെട്ട് നിറഞ്ഞ റോഡുകളിലൂടെ സഞ്ചരിക്കാന്‍ പാടില്ലെന്നും ജനങ്ങള്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പരിശോധിച്ച് ജാഗ്രത തുടരണമെന്നും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിത്താമസിക്കണമെന്നും ഗവര്‍ണര്‍ നിര്‍ദേശം നല്‍കി.

 

Advertisment