Advertisment

ഇരട്ട ചാവേർ സ്‌ഫോടനങ്ങൾക്ക് പിന്നിൽ ഇന്ത്യയുടെ ചാരസംഘടനയാണെന്ന് പാകിസ്ഥാൻ : 65 മരണം

New Update
pakistan

ഡല്‍ഹി: നബി ദിനാഘോഷത്തിനിടെ പാകിസ്ഥാനില്‍ രണ്ടിടങ്ങളിലായി നടന്ന ചാവേറാക്രമണത്തില്‍ ഇന്ത്യയ്ക്കെതിരെ ഗുരുതര ആരോപണവുമായി പാകിസ്ഥാന്‍. ആക്രമണത്തില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ 'റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗിന്' (റോ) പങ്കുണ്ടെന്ന് പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി സര്‍ഫറാസ് ബുഗ്തി ആരോപിച്ചു. 

Advertisment

'സിവില്‍, മിലിട്ടറി, മറ്റ് എല്ലാ സ്ഥാപനങ്ങളും സംയുക്തമായി മസ്തുങ് ചാവേര്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ട ഘടകങ്ങള്‍ക്കെതിരെ സമരം ചെയ്യും. ചാവേര്‍ ആക്രമണത്തില്‍  ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ 'റോ'ക്ക് പങ്കുണ്ട്,' - പാകിസ്ഥാന്‍ മന്ത്രി ആരോപിച്ചു. 

ചാവേര്‍ ബോംബ് ആക്രമണകാരിയുടെ ഡിഎന്‍എ വിശകലനം ചെയ്യാന്‍ അയച്ചതായി പോലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ബലൂചിസ്ഥാനിലെ മദീന മസ്ജിദിന് സമീപം മസ്തുങ് എന്ന സ്ഥലത്ത് നടന്ന ഭീകരമായ ചാവേര്‍ സ്‌ഫോടനത്തില്‍ 60 പേര്‍ കൊല്ലപ്പെടുകയും 60ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ഹാംഗുവില്‍ പോലീസ് സ്റ്റേഷന്റെ പള്ളി ലക്ഷ്യമാക്കി നടന്ന രണ്ടാമത്തെ ബോംബ് ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അതേസമയം അജ്ഞാതനായ അക്രമിക്കെതിരെ കൊലപാതകക്കുറ്റങ്ങളും തീവ്രവാദ കുറ്റങ്ങളും അടങ്ങിയ എഫ്ഐആര്‍ ഫയല്‍ ചെയ്തതായി തീവ്രവാദ വിരുദ്ധ വകുപ്പിന്റെ (സിടിഡി) പ്രസ്താവന ഉദ്ധരിച്ച് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും സിടിഡി അറിയിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബലൂചിസ്ഥാനിലെ കാവല്‍ സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

 

Advertisment