Advertisment

കരമനയില്‍ വഴിയോരക്കച്ചവടക്കാരിയുടെ മീന്‍ പൊലീസ് തട്ടിത്തെറിപ്പിച്ചതായി പരാതി; നിഷേധിച്ച് പൊലീസ്

New Update

publive-image

Advertisment

തിരുവനന്തപുരം: ആറ്റിങ്ങലിൽ അഞ്ചുതെങ്ങ് സ്വദേശി അൽഫോൺസയുടെ മീൻ കുട്ട തട്ടിത്തെറിപ്പിച്ച സംഭവം കെട്ടടങ്ങും മുന്നെ സമാനമായ പരാതിയുമായി കരമനയിലെ മീൻ വിൽപ്പനക്കാരി. കരമനയില്‍ വഴിയോരക്കച്ചവടക്കാരിയുടെ മീന്‍ പൊലീസ് തട്ടിത്തെറിപ്പിച്ചതായാണ് പരാതി.

കരമന പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി. സംഭവത്തില്‍ മന്ത്രി ആന്റണി രാജുവിന് പരാതി നല്‍കിയതായി വലിയതുറ സ്വദേശി മരിയ പുഷ്പം പറഞ്ഞു. ജീവിക്കാന്‍ വേറെ മാര്‍ഗമില്ലെന്നും അസുഖബാധിതയാണെന്നും കരഞ്ഞുപറഞ്ഞിട്ടും സ്ഥലത്തെത്തിയ രണ്ട് പൊലീസുകാരും മീന്‍ തട്ടിയെറിഞ്ഞെന്ന് പരാതിക്കാരി ആരോപിച്ചു.

കരമന സ്റ്റേഷനിലെ എസ്‌ഐയും മറ്റൊരു പൊലീസുകാരനുമാണ് മീന്‍ വലിച്ചെറിഞ്ഞതെന്ന് മരിയ പുഷ്പം പറഞ്ഞു. നഷ്ടമായ മീനിന്റെ പണം പിരിച്ചുകൊടുക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍. അതേസമയം തങ്ങളല്ല മീൻ കുട്ട തട്ടിത്തെറിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.

ഇതോടെ ആരോപണത്തിൽ വ്യക്തത വരുത്താനാകുമെന്നാണ് കരുതുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് സ്ഥലത്തെത്തിയ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും കരമന പൊലീസും പറഞ്ഞു.

 

NEWS
Advertisment