Advertisment

നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിനെതിരെ കേസെടുക്കാമെന്ന് വീണ്ടും നിയമോപദേശം ! താന്‍ പറഞ്ഞത് തന്റെ കീഴിലെ വിശ്വാസികളോടുമാത്രമാണെന്ന ബിഷപ്പിന്റെ വാദം നിലനില്‍ക്കില്ല. യൂട്യൂബ് ചാനല്‍ രഹസ്യമല്ല; പൊതുമാധ്യമം തന്നെ ! പൊതുമാധ്യമത്തിലൂടെ സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയതില്‍ കേസെടുക്കാമെന്ന നിര്‍ദേശം സര്‍ക്കാരിന് മുന്നില്‍ ? കരുതലോടെ മുന്നോട്ടു നീങ്ങിയാല്‍ മതിയെന്ന് പോലീസിന് നിര്‍ദേശം. ബിഷപ്പ് പറഞ്ഞ കാര്യങ്ങളില്‍ കഴമ്പില്ലെന്ന് പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ! ഏറെ കാത്തിരുന്ന ശേഷം ഇന്നലെ പാലാ രൂപതാധ്യക്ഷനെതിരെ മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടത് നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലെന്നും സൂചന

New Update

 

Advertisment

publive-image

കൊച്ചി: നര്‍ക്കോട്ടിക് ജിഹാദ് പരമാര്‍ശത്തില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിനെതിരെ കേസെടുക്കാമെന്ന് വീണ്ടും നിയമോപദേശം. ബിഷപ്പ് പറഞ്ഞത് വസ്തുതകളല്ലെന്നും സമുദായ സ്പര്‍ധ വളര്‍ത്താനിടയുള്ള പരാമര്‍ശമാണെന്നുമാണ് നിയമോപദേശത്തില്‍ പറയുന്നത്.

നേരത്തെ തന്റെ ഭരണത്തിന്‍ കീഴിലുള്ള വിശ്വാസ സമൂഹത്തോട് പറഞ്ഞ കാര്യമാണ് വിവാദമാക്കിയതെന്ന ബിഷപ്പിന്റെ വാദവും നിലനില്‍ക്കില്ല. എട്ടുനോമ്പ് തിരുന്നാളിന്റെ സമാപനത്തോടനുബന്ധിച്ച് പാലാ രൂപതയിലെ കുറവിലങ്ങാട് പള്ളിയില്‍ വെച്ചാണ് ലൗ ജിഹാദിനൊപ്പം കേരളത്തില്‍ നര്‍ക്കോട്ടിക് ജിഹാദും നടക്കുന്നുവെന്നും കത്തോലിക്കരായ ചെറുപ്പക്കാരെ മയക്കുമരുന്നിന് അടിമപ്പെടുത്തുന്നുവെന്നും ബിഷപ്പ് കല്ലറങ്ങാട് പ്രസംഗിച്ചത്.

കുറവിലങ്ങാട് പള്ളിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ലൈവായി ബിഷപ്പിന്റെ പ്രസംഗം പുറത്തുവന്നത്. യൂട്യൂബ് ചാനല്‍ പൊതുമാധ്യമമാണെന്നും ഇവിടെ സ്വകാര്യത വാദം നിലനില്‍ക്കില്ലെന്നുമാണ് നിയമോപദേശം. ഏതെങ്കിലും വിശ്വാസികളോട് സ്വകാര്യ സംഭാഷണം നടത്തിയതെന്നോ, രഹസ്യമായി പറഞ്ഞതെന്നോ ഇതിനെ കാണാനാകില്ല.

അതുകൊണ്ടുതന്നെ തന്റെ വിശ്വാസികളോടുള്ള പ്രഖ്യാപനമായും ഇതിനെ കാണാനാവില്ല. നിലവില്‍ ബിഷപ്പിന്റെ പ്രസംഗം സംപ്രേഷണം ചെയ്ത ചാനലിന് 25000 ലേറെ സസ്‌ക്രൈബേഴ്‌സുണ്ട്. ബിഷപ്പിന്റെ പ്രസംഗം 20000 ത്തിലേറെ പേര്‍ ഈ ചാനലിലൂടെ കണ്ടിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ബിഷപ്പിന്റെ വാദം പൊള്ളയാണെന്നും പറയുന്നു.

നേരത്തെ സമാനമായ പ്രസംഗങ്ങളും വീഡിയോകളും യൂടൂബിലൂടെ വന്നപ്പോള്‍ സ്വീകരിച്ച നടപടികള്‍ ഇക്കാര്യത്തിലും ബാധകമാണെന്നും നിയമ വിദഗ്ദര്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. വിഷയത്തില്‍ ആദ്യം പോലീസിന് ലഭിച്ച നിയമോപദേശവും ബിഷപ്പിനെതിരെ കേസെടുക്കാമെന്നായിരുന്നു. എന്നാല്‍ ബിഷപ്പിന്റെ വിശദീകരണത്തോടെ കേസെടുക്കേണ്ട സാഹചര്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പറഞ്ഞിരുന്നു.

എന്നാല്‍ ഇന്നലെ മുഖ്യമന്ത്രി ബിഷപ്പിന്റെ പ്രസ്താവനയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതു കേസെടുക്കുന്നതിന്റെ മുന്നോടിയായിട്ടാണോയെന്നാണ് ഉയരുന്ന സംശയം. നിയമോപദേശം കിട്ടിയെങ്കിലും തിടുക്കത്തില്‍ ഒരു നടപടിയും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല.

തന്റെ പരമാര്‍ശത്തില്‍ നിന്നും ബിഷപ്പ് പിന്നോക്കം പോയതായോ ഉറച്ചു നില്‍ക്കുന്നതായോ ഇപ്പോള്‍ വ്യക്തമല്ല. ഈ വിഷയത്തിന് ശേഷം ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടോ പാലാ രൂപതയോ ഇക്കാര്യത്തില്‍ ഔദ്യോഗികമായ വിശദീകരണം നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ കാത്തിരുന്ന് നടപടിയെടുക്കാനാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

അതിനിടെ ബിഷപ്പിന്റെ പരമാര്‍ശത്തില്‍ യാതൊരു കഴമ്പുമില്ലെന്നു തന്നെയാണ് സംസ്ഥാന പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്നാണ് സൂചന. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ബിഷപ്പിനെതിരെ മുഖ്യമന്ത്രിയുടെ ഇന്നലത്തെ കടുത്ത പരാമര്‍ശങ്ങളെന്നാണ് വിവരം.

 

NEWS
Advertisment