Advertisment

ജന്മനാട്ടിൽ അന്ത്യാഞ്ജലി; വീരമൃത്യു വരിച്ച വൈശാഖിന്റെ സംസ്‌കാരം ഇന്ന്

New Update

publive-image

Advertisment

കൊല്ലം: പൂഞ്ചിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ എച്ച്. വൈശാഖിന്റെ സംസ്‌കാരം ഇന്ന് നടക്കും. പൊതുദർശനത്തിന് ശേഷം ഉച്ചയ്‌ക്ക് 12.30ന് കൊല്ലത്തെ വീട്ടുവളപ്പിലാണ് സംസ്‌കാരം.

തിരുവനന്തപുരം വിമാനത്താവളത്തിൽ ബുധനാഴ്ച രാത്രിയെത്തിച്ച മൃതദേഹം സേനയെ പ്രതിനിധീകരിച്ച് കേണൽ മുരളി ശ്രീധരൻ ഏറ്റുവാങ്ങി. പാങ്ങോട് ക്യാമ്പ് അഡ്മിൻ കമാൻഡന്റാണ് മുരളി ശ്രീധരൻ. സർക്കാരിനായി മന്ത്രി എൻ.ബാലഗോപാൽ പുഷ്പചക്രം അർപ്പിച്ചു.

എം.പി.കൊടിക്കുന്നിൽ സുരേഷ്, കളക്ടർ നവജ്യോത് ഖോസ, ബിജെപി ജില്ലാ അദ്ധ്യക്ഷൻ വി.വി.രാജേഷ് എന്നിവരും അന്തിമോപചാരമർപ്പിച്ചിരുന്നു. തുടർന്ന് പാങ്ങോട് മിലിറ്ററി ക്യാമ്പിൽ ഭൗതിക ദേഹമെത്തിച്ചു. കഴിഞ്ഞ തിങ്കളാഴ്‌ച്ച പുലർച്ചെയാണ് വൈശാഖ് ഉൾപ്പെടെ അഞ്ച് സൈനികർ പൂഞ്ചിൽ വീരമൃത്യുവരിച്ചത്.

ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്ന് പൂഞ്ച് ജില്ലയിലെ സുരൻഖോട്ട് മേഖലയിലെ ഗ്രാമങ്ങളിൽ നടത്തിയ തിരച്ചിലിനിടയാണ് ഏറ്റുമുട്ടൽ ഉണ്ടായതും വൈശാഖ് അടക്കം അഞ്ച് സൈനികർ വീരമൃത്യു വരിച്ചതും. പൂഞ്ചിലെ സേവനം അവസാനിക്കാൻ രണ്ടു മാസം മാത്രം ബാക്കിയുളളപ്പോഴാണ് വീരമൃത്യു.

Advertisment