Advertisment

ആലപ്പുഴ ജില്ലയില്‍ ദുരന്ത നിവാരണ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി; കുട്ടനാട് മേഖലയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത; നദികളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം

New Update

publive-image

Advertisment

ആലപ്പുഴ: കോട്ടയം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ കുട്ടനാട് മേഖലയില്‍ ജലനിരിപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നും ഈ പ്രദേശങ്ങളില്‍ നദികളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ അറിയിച്ചു.

ശക്തമായ മഴ തുടരാനും നദികളിലും മറ്റ് ജലാശയങ്ങളിലും ജലനിരപ്പ് ഉയരാനുമുള്ള സാധ്യത കണക്കിലെടുത്ത് ആലപ്പുഴ ജില്ലയില്‍ ദുരന്ത നിവാരണ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി. സമീപ ജില്ലകളില്‍ പല കേന്ദ്രങ്ങളിലും ജലനിരപ്പ് ഗണ്യമായി ഉയര്‍ന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത വേണ്ടതുണ്ട്. ജില്ലയില്‍ കോവിഡ് പ്രതിരോധം ഉറപ്പാക്കി ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുന്നതിന് സൈക്ലോണ്‍ ഷെല്‍റ്ററുകള്‍ ഉള്‍പ്പെടെ 470 കെട്ടിടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. അടിയന്തിര സാഹചര്യമുണ്ടായാല്‍ കുട്ടനാട് പ്രദേശത്തെ കിടപ്പു രോഗികളെ മാറ്റി പാര്‍പ്പിക്കാനായി ആലപ്പുഴ ടൗണ്‍ ഹാളില്‍ സൗകര്യമൊരുക്കി.

ജലത്തിന്‍റെ ഒഴുക്ക് സുഗമമാക്കുന്നതിന് തണ്ണീര്‍മുക്കം, തോട്ടപ്പള്ളി, അന്ധകാരനഴി പൊഴികളുടെ ഷട്ടറുകളും ജില്ലയിലെ മറ്റു പൊഴികളും തുറന്നിട്ടുണ്ട്. പഞ്ചായത്തുകളുടെ അധീനതയിലുള്ള താല്‍ക്കാലിക ഓരുമുട്ടുകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്ത് നീരൊഴുക്ക് വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യമുണ്ടായാല്‍ ആളുകളെ മാറ്റി പാര്‍പ്പിക്കാനായി രണ്ട് സൈക്ലോണ്‍ ഷെല്‍റ്ററുകളാണ് സജ്ജമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ജില്ലയില്‍ എത്തിയ എന്‍.ഡി.ആര്‍.എഫിന്റെ 21 അംഗ സംഘം കുട്ടനാട്ടിലും വെള്ളപ്പൊക്ക സാധ്യതയുള്ള മറ്റു സ്ഥലങ്ങളിലും കടല്‍ക്ഷോഭസാധ്യതാ മേഖലകളിലും സന്ദര്‍ശനം നടത്തി സ്ഥിതി വിലയിരുത്തി. എല്ലാ താലൂക്കുകളിലും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തീരദേശത്തെയും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെയും വില്ലേജ് ഓഫീസുകളിലും കണ്‍ട്രോള്‍ റൂമുകളുണ്ട്.

Advertisment