Advertisment

മൂന്ന് വർഷത്തിന് ശേഷം ഇടുക്കി ഡാമിന്റെ ഷട്ടറുകൾ ഇന്ന് വീണ്ടും തുറക്കും; ഡാം തുറന്നാൽ വെള്ളം ഏതെല്ലാം വഴികളിലൂടെ?

New Update

publive-image

Advertisment

കോട്ടയം: ഇടുക്കി ഡാം ഇന്ന് രാവിലെ 11 മണിക്ക് തുറക്കും. ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തുന്നത്. ഡാമിന്റെ രണ്ടും മൂന്നും നാലും ഷട്ടറുകള്‍ ഘട്ടംഘട്ടമായി ഉയര്‍ത്തും. സെക്കന്‍ഡില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുകയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

മുന്‍കരുതലിന്റെ ഭാഗമായി 64 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കും. ഇടുക്കി, വാത്തിക്കുടി, തങ്കമണി, കഞ്ഞിക്കുഴി മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡാം മേഖലയിലേക്ക് രാത്രികാല യാത്ര വേണ്ടെന്നും പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇപ്പോഴത്തെ നിലയില്‍ രാവിലെ 7 മണിക്ക് ജലനിരപ്പ് അപ്പര്‍ റൂള്‍ കര്‍വിലെത്തും. വേണ്ടത്ര മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഇടുക്കിയില്‍നിന്ന് വെള്ളമൊഴുക്കുന്ന പ്രദേശങ്ങളിലെല്ലാമാണ് ജാഗ്രതാനിര്‍ദേശം. പൊതുജനങ്ങളും അധികാരികളും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു.

2018ലെ പ്രളയകാലത്താണ് ഇടുക്കി അണക്കെട്ട് അവസാനമായി തുറന്നത്. 26 വർഷങ്ങൾക്ക് ശേഷം അന്ന് തുറന്നപ്പോൾ കാണാൻ ജനങ്ങൾ തടിച്ചുകൂടിയിരുന്നു. മൂന്ന് വർഷത്തിന് ശേഷമാണ് ഇടുക്കി ഡാമിന്റെ ഷട്ടറുകൾ ഇന്ന് വീണ്ടും തുറക്കുന്നത്.

ഷട്ടർ തുറന്നാൽ ചെറുതോണി പുഴയിലേക്കാണ് ആദ്യം വെള്ളം എത്തുക. സ്പിൽവേയിലൂടെ വെള്ളം ചെറുതോണി പുഴയിലൂടെ ഒഴുകി വെള്ളക്കയത്ത് പെരിയാറിൽ ചേരും. തൊടുപുഴ-പുളിയൻമല സംസ്ഥാനപാതയിലെ ചെറുതോണി ചപ്പാത്തു നിറഞ്ഞാൽ ഇടുക്കി-കട്ടപ്പന റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടേക്കാം. ഏറ്റവും അവസാനം ആലുവാപ്പുഴയിലെത്തി അറബിക്കടലിലായിരിക്കും വെള്ളം ചേരുക.

1920കളിൽ മലങ്കര എസ്‌റ്റേറ്റ് സൂപ്രണ്ടായിരുന്ന ജോണും ആദിവാസി മൂപ്പനായ കൊലുമ്പനുമായിരുന്നു അണക്കെട്ട് നിർമ്മിച്ചത്. പിന്നീട് കൊലുമ്പൻ മരിച്ചെങ്കിലും ആദരസൂചകമായി കൊലുമ്പന്റെ പ്രതിമ അണക്കെട്ടിന്റെ സമീപം സ്ഥാപിച്ചു. ഏതാണ്ട് 552 അടിയാണ് അണക്കെട്ടിന്റെ ഉയരം. ആദ്യം 1981 ഒക്ടോബറിലും, പിന്നീട് 1992ലും, അതിനും ശേഷം 2018ലുമാണ് ഇടുക്കി തുറന്നിട്ടുള്ളത്. 2398ആണ് പരമാവധി ജലസംഭരണ ശേഷി.

ഡാമിന് അഞ്ചു ഷട്ടറുകളുണ്ട്. മധ്യഭാഗത്തെ ഷട്ടറാണ് ആദ്യം തുറക്കുന്നത്. പിന്നീട് വലത്തെ അറ്റത്തെയും ഇടത്തെ അറ്റത്തെയും ഏതെങ്കിലും ഒരു ഷട്ടർ ഉയർത്തും. പിന്നാലെ മറ്റു രണ്ടു ഷട്ടറുകൾ. വെള്ളമൊഴുകുന്ന പ്രദേശങ്ങളിൽ കർശന ജാഗ്രതാനിർദ്ദേശമാണ് നൽകിയിരിക്കുന്നത്.

NEWS
Advertisment