Advertisment

2018,19 എന്നീ വര്‍ഷങ്ങളിലെ പ്രളയത്തില്‍ നിന്നും ഒട്ടേറെ പാഠങ്ങള്‍ നാം പഠിച്ചതാണ്. നെതര്‍ലണ്ട് മാതൃകയെക്കുറിച്ച് അവിടെ പോയി പഠിച്ചു. തുടര്‍ നടപടിയെക്കുറിച്ച് ഇപ്പോഴും ആര്‍ക്കുമറിയില്ല-വിമർശിച്ച് ചെറിയാൻ ഫിലിപ്പ്

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയ ദുരന്തനിവാരണ വിഷയത്തില്‍ വിമര്‍ശനവുമായി ചെറിയാന്‍ ഫിലിപ്പ്. ഭരണാധികാരികൾ ദുരന്തനിവാരണത്തിനു വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്നതിനു ശേഷം ദുരിതാശ്വാസ ക്യാംപിൽ കണ്ണീർ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണെന്നു ചെറിയാൻ ഫിലിപ്പ് സമൂഹ മാധ്യമത്തിലെഴുതി.

2018,19 വര്‍ഷങ്ങളിലെ പ്രളയത്തിന് പിന്നാലെ നെതര്‍ലന്‍ഡ് മാതൃക അവിടെപോയി പഠിച്ചിട്ടും തുടര്‍നടപടികളെ കുറിച്ച് ഒന്നും അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം...

കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി ആഘാതം എന്നിവ മൂലം കേരളത്തില്‍ എപ്പോള്‍ വേണമെങ്കിലും പ്രളയവും വരള്‍ച്ചയും പ്രതീക്ഷിക്കാം.

ഭൂമിയില്‍ മഴവെള്ളം കെട്ടിക്കിടക്കാന്‍ ഇടമുണ്ടായാല്‍ മാത്രമേ പ്രളയത്തേയും വരള്‍ച്ചയേയും പ്രതിരോധിക്കാനാവൂ. രണ്ടിനേയും നേരിടാന്‍ ദീര്‍ഘകാല പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കണം.

വെള്ളം കെട്ടിക്കിടക്കാന്‍ ചതുപ്പുനിലങ്ങളോ വയലുകളോ ഇല്ലെങ്കില്‍ മഴവെള്ളം കരഭൂമിയിലേക്ക് പ്രവേശിക്കും. നദികളില്‍ മണ്ണ് നിറഞ്ഞ് ആഴമില്ലാതായതോടെയാണ് കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയത്.

മഴവെള്ളം ഭൂഗര്‍ഭത്തിലേക്ക് കിനിഞ്ഞിറങ്ങിയാല്‍ മാത്രമേ കിണറുകളിലെയും കുളങ്ങളിലേയും വെള്ളം വറ്റാതിരിക്കൂ. ഭൂഗര്‍ഭ ജലമില്ലെങ്കില്‍ ജലക്ഷാമം രൂക്ഷമാകും. സ്ഥല- ജല മാനേജ്‌മെന്റിലൂടെ മാത്രമേ രണ്ടു വിപത്തുകളെയും നേരിടാനാവൂ.  ഭരണാധികാരികള്‍ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്നതിനു ശേഷം ദുരിതാശ്വാസ ക്യാമ്പില്‍ കണ്ണീര്‍ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും  ചെയ്യുന്നത് ജനവഞ്ചനയാണ്.

2018,19 എന്നീ വര്‍ഷങ്ങളിലെ പ്രളയത്തില്‍ നിന്നും ഒട്ടേറെ പാഠങ്ങള്‍ നാം പഠിച്ചതാണ്. നെതര്‍ലണ്ട് മാതൃകയെക്കുറിച്ച്  അവിടെ പോയി പഠിച്ചു. തുടര്‍ നടപടിയെക്കുറിച്ച് ഇപ്പോഴും ആര്‍ക്കുമറിയില്ല.

അറബിക്കടലിലെ ന്യൂനമര്‍ദ്ദം കുറയുകയും മഴ ശമിക്കുകയും ചെയ്യാതിരുന്നെങ്കില്‍ പെരുമഴയോടൊപ്പം എല്ലാ ഡാമുകളും തുറന്നു വിടുന്ന സാഹചര്യത്തില്‍ കേരളത്തിലെ പല ജില്ലകളും വെള്ളത്തിനടിയില്‍ ആകുമായിരുന്നു. മഹാഭാഗ്യം എന്നു പറഞ്ഞാല്‍ മതി.

പശ്ചിമഘട്ട നിരയിലെ മനുഷ്യന്റെ ബലാല്‍ക്കാരവും ചൂഷണവും അവസാനിപ്പിച്ചില്ലെങ്കില്‍ മഴയോടൊപ്പം ഉരുള്‍പൊട്ടലും ഒരു സ്ഥിരം പ്രതിഭാസമായി തീരും. പ്രകൃതിയെയും പരിസ്ഥിതിയേയും കൊല്ലുന്നവര്‍ മനുഷ്യക്കുരുതിക്കും വഴി തുറക്കുന്നു.

cheriyan philip
Advertisment