Advertisment

കാർഷിക വിലകൾക്ക് വിലയില്ല, നിത്യോപയോഗ സാമഗ്രികൾക്ക് വില കുതിച്ച് കേറുന്നു; കർഷകർ ദുരിതത്തിൽ 

New Update

publive-image

Advertisment

തൊടുപുഴ: റബർ, നാളികേരം, കുരുമുളക് ഉൾപ്പെടെയുള്ള കാർഷികോത്പന്നങ്ങൾക്ക് വിലയിടിയുകയും പച്ചക്കറി, പലവ്യഞ്ജനം ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങലുടെ വില കുതിച്ചുയരുകയും ചെയ്യുന്നത് കർഷകരടക്കമുള്ള ഇടത്തരക്കാരുടെ ജീവിതം ദുരിതപൂർണമാക്കുന്നു. ഡിസംബർ ആദ്യവാരം റബർ വില 190ൽ എത്തിയതോടെ വലിയ പ്രതീക്ഷയിലായിരുന്നു റബർ കർഷകർ. എന്നാൽ മഴ മാറി ടാപ്പിംഗ് സാധാരണ നിലയിലേക്ക് എത്തിയതോടെ ദിവസങ്ങൾക്കകം വില കുത്തനെ ഇടിഞ്ഞു.

ആർ.എസ്.എസ് 4ന് 158 രൂപയായിരുന്നു കഴിഞ്ഞ ശനിയാഴ്ച. ഒരു കിലോ റബർ ഉത്പാദിപ്പിക്കാൻ 175 രൂപ ചെലവുവരുമെന്നാണ് റബർ ബോർഡിന്റെ കണക്ക്. ഇതേ നില തുടർന്നാൽ ഏതാനും ദിവസങ്ങൾക്കകം വില 150 ലും താഴെ എത്താനുള്ള സാധ്യതയാണുള്ളത്. നാളികേരത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. മറ്റു സസ്യ എണ്ണകൾക്ക് വില കുതിച്ചുയരുമ്പോഴാണ് നാളികേരത്തിന്റെയും വെളിച്ചെണ്ണയുടെയും വില ഗണ്യമായി കുറയുന്നത്. ഇതിനു പരിഹാരമായി കേരഫെഡ്, നാളികേരവികസന കോർപ്പറേഷൻ, കേരഗ്രാമം പദ്ധതി പ്രകാരം രൂപീകരിച്ച തദ്ദേശ സ്ഥാപന സമിതികൾ, സഹകരണ സംഘങ്ങൾ എന്നിവയിലൂടെ സംഭരണം നടത്താനാണ് സർക്കാരിന്റെ ശ്രമം.

പച്ചത്തേങ്ങയും കൊപ്രയും സംഭരിക്കുമെന്ന് സർക്കാർ പറയുമ്പോഴും ഇത് സംബന്ധിച്ച് വ്യക്തതയില്ല. ഇത്തരം സാഹചര്യങ്ങളിൽ തമിഴ്നാട് അടക്കമുള്ള സ്ഥലങ്ങളിൽ നിന്നും നാളികേരം എത്തിച്ച് വില്പന നടത്തുകയാണ് ചെയ്യുന്നത്. ഇത് സംസ്ഥാനത്തെ കർഷകരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സർക്കാർ നേരത്തെ പ്രഖ്യാപിച്ച താങ്ങുവിലയായ 32 രൂപയിൽ കുറവ് വന്നത് കർഷകർക്ക് കനത്ത തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് സംഭരണത്തിന് സർക്കാർ തലത്തിൽ ശ്രമം ആരംഭിച്ചിരിക്കുന്നത്. തന്നാണ്ടുവിളകളായ ഇഞ്ചി, മഞ്ഞൾ എന്നിവയ്ക്കും ഏലം, കൊക്കോ, കുരുമുളക്, കാപ്പി തുടങ്ങിയവയ്ക്കും വിലയിടിഞ്ഞത് കർഷകരെ കൂടുതൽ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.

ആവശ്യ സാധന വില മേലേയ്ക്ക് നിത്യോപയോഗ സാധനങ്ങളുടെ വില യാതൊരു നിയന്ത്രണവും ഇല്ലാതെ കുതിച്ച് കയറുകയാണ്. ഇത് എല്ലാ വിഭാഗം ജനത്തിന്റെയും ജീവിതം പ്രതിസന്ധിയിലാക്കുകയാണ്. വിലക്കയറ്റം പിടിച്ച് നിറുത്താൻ സർക്കാർ തലത്തിൽ ചില ഇടപെടലുകൾ നടത്തുന്നുണ്ടെങ്കിലും അതൊന്നും കൂടുതൽ പ്രവർത്തികം ആകുന്നുമില്ല. ഇന്ധനവില വർദ്ധനയാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായി പറയുന്നതെങ്കിലും കനത്ത മഴയും കൊവിഡ് വ്യാപനവും കൃഷി നാശവും ഡെങ്കി ഉൾപ്പെടെയുള്ള പകർച്ച വ്യാധികളും മറ്റൊരു തരത്തിൽ വൻ പ്രതി സന്ധിയാണ് സൃഷ്ടിക്കുന്നത്.

Advertisment