Advertisment

കെപിസിസി നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ചു പാലാ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാർ സിപിഎം അംഗങ്ങൾക്കൊപ്പം വിനോദയാത്രപോയത് വിവാദത്തിൽ! സിപിഎം അംഗങ്ങൾ യുഡിഎഫ് കൗൺസിലർമാർക്കൊപ്പം യാത്രപോയത് എൽഡിഎഫിലും ചർച്ചയായേക്കും

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം: കെ റെയിൽ സമരത്തെ തുടർന്ന് സിപിഎമ്മുമായി വേദി പങ്കിടുന്നതിൽ നിന്നും കോൺഗ്രസ് പ്രവർത്തകർക്ക് കെപിസിസി നേതൃത്വം വിലക്ക് ഏർപ്പെടുത്തിയത് ലംഘിച്ചു പാലായിലെ കോൺഗ്രസ് നഗരസഭാ കൗൺസിലർമാർ സിപിഎം കൗൺസിലർമാർക്കൊപ്പം ഉല്ലാസ യാത്രയിൽ പങ്കെടുത്തത് വിവാദത്തിൽ.

പാലാ നഗരസഭയിലെ പ്രതിപക്ഷ നേതാവ് ഒഴികെയുള്ള മറ്റു കോൺഗ്രസ് കൗൺസിലർമാരും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം കൗൺസിലർമാരുമാണ് സിപിഎം കൗൺസിലർമാർക്കൊപ്പം വാഗമണ്ണിൽ ഉല്ലാസയാത്രയിൽ പങ്കെടുത്തത്.

ഭരണകക്ഷിയിൽ ആണെങ്കിലും യുഡിഎഫ് കൗസിലർമാർക്കൊപ്പം സിപിഎം അംഗങ്ങളും വിനോദയാത്രയിൽ ഉണ്ടെന്നത് ഇടതുമുന്നണിയിലും വിവാദമാകുകയാണ്.

നഗരസഭാ കൗൺസിലിൽ കേരളാ കോൺഗ്രസ് എമ്മിനെതിരെ സിപിഎം - കോൺഗ്രസ് - ജോസഫ് വിഭാഗം അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന ആരോപണത്തിന് അടിവരയിടുന്നതാണ് കൗൺസിലർമാരുടെ ഞായറാഴ്ചയിലെ വാഗമൺ യാത്രയെന്ന് കേരളാ കോൺഗ്രസിന്റെ പാലായിലെ പ്രാദേശിക നേതൃത്വത്തിന് ആരോപണം ഉണ്ട്. ഇടതുമുന്നണിയുടെ ഐക്യം തകർക്കുന്ന നടപടികളിൽ ചിലർ മനഃപൂർവ്വം ഇടപെടുന്നുവെന്ന ആരോപണവും ഇവർക്കുണ്ട്. ഇക്കാര്യം സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും നീക്കമുണ്ട്.

അതേസമയം കെപിസിസി നേതൃത്വം വിലക്ക് ലംഘിച്ചു സിപിഎം അംഗങ്ങൾക്കൊപ്പം വിനോദയാത്രപോയ കോൺഗ്രസ് അംഗങ്ങൾക്കെതിരെ നടപടി വേണമെന്ന ആവശ്യം കോൺഗ്രസിലും ശക്തമാണ്. കെ റെയിൽ സമരത്തിനിടെ കോട്ടയം ഡി സി സി അധ്യക്ഷനെതിരെ കേസെടുത്ത സാഹചര്യവും ജില്ലയിൽ നിലവിലുണ്ട്. സംഭവത്തിൽ കോൺഗ്രസിന്റെ മണ്ഡലം നേതൃത്വവും പാർലമെന്ററി പാർട്ടി നേതൃത്വവും ഉത്തരം പറയേണ്ടിവരും.

Advertisment