Advertisment

തെളിനീരോഴുകും നവകേരളം: പന്നിയാര്‍ പുഴ ശുചീകരിച്ചു

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

തെളിനീരൊഴുകും നവകേരള പദ്ധതിയുടെ ഭാഗമായി കാലവര്‍ഷത്തിനു മുന്നോടിയായി രാജകുമാരി ഗ്രാമപഞ്ചായത്തിന്റ നേതൃത്വത്തില്‍ പന്നിയാര്‍ പുഴ ശുചീകരിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു നിര്‍വ്വഹിച്ചു.

തൊഴിലുറപ്പ് തൊഴിലാളികളുടെയും പ്രദേശ വാസികളുടെയും സഹകരണത്തോടെയാണ് പുഴ ശുചീകരണം നടത്തിയത്. സംസ്ഥാന വ്യാപകമായി മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പന്നിയാര്‍ പുഴയുടെ ശുചീകരണം നടത്തി. പന്നിയാര്‍ പുഴക്ക് പുറമെ നീരുറവകളും, ജലസ്രോതസുകളും, നീര്‍ച്ചാലുകളും വൃത്തിയാക്കുന്ന പ്രവര്‍ത്തങ്ങളും ഇതിനോടൊപ്പം നടത്തി വരികയാണ്.

രാജകുമാരി ഗ്രാമപഞ്ചായത്തും സേനാപതി ഗ്രാമപഞ്ചായത്തും അതിര്‍ത്തി പങ്കിടുന്ന ഇല്ലിപാലം ചപ്പാത്തില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങളും തടിക്കഷണങ്ങളും നീക്കം ചെയ്ത് പുഴയുടെ ഒഴുക്കിനെ സുഗമമാക്കുന്ന ജോലികളാണ് നിലവില്‍ പുരോഗമിക്കുന്നത്. മഴക്കാലത്തിന് മുന്നോടിയായി ശുചീകരണ പ്രവര്‍ത്തങ്ങള്‍ പൂര്‍ത്തികരിക്കാനുള്ള അവസാന ഘട്ട ശ്രമത്തിലാണ് പഞ്ചായത്ത് അധികൃതര്‍.

സംസ്ഥാനത്തെ എല്ലാ ജലസ്രേതസുകളെയും മാലിന്യ മുക്തമാക്കി വൃത്തിയോടെ നിലനിര്‍ത്തുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കി വരുന്ന ബൃഹത് പദ്ധതിയാണ് തെളിനീരൊഴുകും നവകേരളം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിത കേരളം മിഷന്റെയും ശുചിത്വ മിഷന്റെയും പങ്കാളിത്തത്തോടെ വിവിധ വകുപ്പുകളുടെ സഹകരണത്തിലാണ് ജല സ്രോതസ്സുകളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലും മലിന ജല സംസ്‌ക്കരണത്തിനും കക്കൂസ് മാലിന്യ നിര്‍മാര്‍ജനത്തിനും ഖരമാലിന്യ സംസ്‌ക്കരണത്തിനും ശാസ്ത്രീയ സംവിധാനങ്ങളൊരുക്കി ജലസ്രോതസുകളിലേക്കുള്ള മാലിന്യ നിക്ഷേപം ഇല്ലാതാക്കി ജലശുചിത്വത്തില്‍ സുസ്ഥിരത കൈവരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പന്നിയാര്‍ പുഴയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വൈസ്പ്രസിഡന്റ് അജേഷ് മുകളേല്‍, പഞ്ചായത്ത് അംഗം മഞ്ജു ബിജു എന്നിവരും നേതൃത്വം നല്‍കി.

Advertisment