Advertisment

ഇടുക്കി ബ്ലോക്ക് ആരോഗ്യ മേള ; ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തില്‍ ആരോഗ്യമേള സംഘടിപ്പിച്ചു. ആരോഗ്യ മേളയുടെ ഉദ്ഘാടനവും കുടുംബശ്രീ ഫണ്ട് വിതരണോത്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് നിര്‍വഹിച്ചു. ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ കരുത്തും കരുതലും ഉണ്ടാകണമെന്ന സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതിഫലനമാണ് ബ്ലോക്കുകള്‍ കേന്ദ്രികരിച്ച് നടത്തുന്ന ആരോഗ്യമേളയെന്ന് ഉദ്ഘാടനം നിര്‍വഹിച്ചു അദ്ദേഹം പറഞ്ഞു.

ആരോഗ്യമുള്ള ജനതയാണ് ഒരു നാടിന്റെ സമ്പത്ത് എന്ന തിരിച്ചറിവോടെയാണ് ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നത്. സമയബന്ധിതമായി രോഗങ്ങളെ തിരിച്ചറിയാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയെന്നത് ദീര്‍ഘവീക്ഷണമുള്ള ഭരണകൂടത്തിന്റെ സമീപനമാണ്. ഇതിന്റെ ഭാഗമായിട്ടാണ് സംസ്ഥാനത്ത് വെല്‍നെസ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

പ്രദര്‍ശന വിപണനമേളകളുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് നിര്‍വഹിച്ചു. കഞ്ഞിക്കുഴിയില്‍ നിന്നാരംഭിച്ച ആരോഗ്യ വിളംബര റാലിയോടെയാണ് ആരോഗ്യമേളയ്ക്ക് തുടക്കമായത്. ഡി.പി.എം ഡോ. കെ അനൂപ് വിളബര റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. ആരോഗ്യമേളക്ക് മുന്നോടിയായി നടത്തിയ മാരത്തോണില്‍ വിജയിച്ച ഷെറിന്‍ ജോസ്, അജിത് കെ, ശരണ്‍. എസ് എന്നിവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ദേശിയ പഞ്ചഗുസ്തി മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ഇടുക്കി സ്വദേശികളായ ജേക്കബ് ജോസഫ്, സിജോ, ജിന്‍സി ജോസ് എന്നിവരെയും യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് അനുമോദിച്ചു.

publive-image

ആരോഗ്യ മേളയോട് അനുബന്ധിച്ച് വിവിധ വിഷയങ്ങളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ബേസിക് ലൈഫ് സപ്പോര്‍ട്ട് എന്ന വിഷയത്തില്‍ ഡോ. സന്‍ജോയ് സെമിനാര്‍ നയിച്ചു. വൈദ്യുതി വകുപ്പ് നടത്തിയ സെമിനാറില്‍ മഴക്കാല വൈദ്യുതി അപകടങ്ങളും മുന്‍കരുതലും എന്ന വിഷയത്തില്‍ ഓവര്‍സിയര്‍ പ്രേംലാല്‍ ക്ലാസ് നയിച്ചു. കൗമാരക്കാരുടെ ആരോഗ്യ പ്രശ്‌നം എന്ന വിഷയത്തില്‍ ഡോ. ചിഞ്ചു ജോസ് ക്ലാസുകള്‍ നയിച്ചു. വിമുക്തി ബോധവത്കരണ ക്ലാസ്, അഗ്നി രക്ഷാ സേവനം, ഭക്ഷ്യ സുരക്ഷാ വിഭാഗം എന്നീ വകുപ്പുകളും സെമിനാറുകള്‍ നടത്തി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എബി തോമസ്, കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ജോസഫ്, അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് കെ.എസ്, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ്, ത്രിതല പഞ്ചായത്തംഗങ്ങളായ കെ.ജി സത്യന്‍, ഡിറ്റാജ് ജോസഫ്, പ്രദീപ് എം.എം, ഷൈനി റെജി, ഉഷാ മോഹനന്‍, സിബിച്ചന്‍ തോമസ്, ജെസ്സി തോമസ്, ആലീസ് വര്‍ഗ്ഗീസ്, ടിന്‍സി തോമസ്, ബേബി ഐക്കര, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ഡോ.സുരേഷ്, ഡോ. നിത്യാ പി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment