Advertisment

"ആ കണ്ണീർത്തുള്ളികൾ എൻ്റെ കൈകളിൽ നിന്ന് മായുന്നില്ല"; അജിത് സുകുമാരൻ

author-image
സുനില്‍ പാലാ
Updated On
New Update

publive-image

Advertisment

"80 വയസ്സുള്ള ആ അമ്മയുടെ രണ്ടുതുള്ളി കണ്ണുനീര്‍ എന്റെ കൈയ്യിലേക്ക് വീണു. ഏതൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെയും കൈകളെ ശുദ്ധീകരിക്കുന്ന ഒന്നാന്തരം ഔഷധമാണ് ഇത്തരം കണ്ണീരുകള്‍. ആ അമ്മയുടെ മുഖവും കണ്ണുനീരും ഇപ്പോഴും എന്റെ മനസ്സിന്റെ നേര്‍മുമ്പിലുണ്ട്".

കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറലായ ആദ്യ മലയാളിയും ഇന്ത്യാ ഗവണ്‍മെന്റിന്റെ ചീഫ് സര്‍വ്വേയറു (ഷിപ്പിംഗ്)മായ അജിത് കുമാര്‍ സുകുമാരന്‍ ഇത് പറയുമ്പോള്‍ വാക്കുകളിടറി, മിഴി നിറഞ്ഞു.

ഇടപ്പാടി ആറ്റുതീരം റെസിഡന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഓണാഘോഷ സമ്മേളനത്തില്‍ നല്‍കിയ സ്വീകരണത്തിന് മറുപടി പറയവെയാണ് സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് താന്‍ വന്നപ്പോഴുണ്ടായ വികാരതീവ്രമായ അനുഭവം അജിത് കുമാര്‍ സുകുമാരന്‍ സദസ്സുമായി പങ്കുവച്ചത്.

''2004-ല്‍ ആന്‍ഡമാനില്‍ ജോലി ചെയ്യുന്ന കാലഘട്ടത്തിലാണ് സുനാമി ആഞ്ഞടിച്ചത്. 15,000 പേര്‍ ഒറ്റയടിക്ക് മരണത്തിന് കീഴടങ്ങി. താമസിച്ചുകൊണ്ടിരുന്ന കെട്ടിടവും ഫര്‍ണ്ണിച്ചറുമെല്ലാം ഇളകിയാടി. അവിടെ നിന്ന് വന്‍കരകളിലേക്കുള്ള എല്ലാ യാത്രാമാര്‍ഗ്ഗവും അടഞ്ഞു. 1500 പേരെ വഹിക്കാവുന്ന ഒരു കപ്പല്‍ യാത്രയ്ക്ക് ഫിറ്റാണോയെന്ന്പരിശോധിക്കാനാണ് ഞാന്‍ എത്തിയത്. എങ്ങനെയും കപ്പലില്‍ കയറി രക്ഷപെടാന്‍ ഇടിച്ചുനില്‍ക്കുന്ന ജനസഞ്ചയത്തിലൂടെ പോലീസിന്റെ അകടമ്പടിയോടെ ഞാന്‍ നടക്കുമ്പോള്‍ പിന്നില്‍ നിന്ന് ഒരു കൈ എന്നെ പിടിച്ച് വലിച്ചു. തിരിഞ്ഞു നോക്കുമ്പോള്‍ 80 വയസ്സ് പ്രായമുള്ള ഒരമ്മ. 5 വയസ്സുള്ള ഒരുകുട്ടിയെ കൈയ്യില്‍ പിടിച്ചിട്ടുണ്ട്.

"എങ്ങനെയെങ്കിലും കര താണ്ടാന്‍ സഹായിക്കണം സാര്‍, " അമ്മ കെഞ്ചി. ആ അമ്മയെയും മകനെയും കൂടി ഞാന്‍ കപ്പലിലേക്ക് കൊണ്ടുപോകാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. പോകുന്ന വഴി അമ്മ തന്റെ കഥ പറഞ്ഞു. അമ്മയുടെ വീട് തമിഴ്‌നാട്-ആന്ധ്രാ അതിര്‍ത്തിയിലെ ഏതോ ഉള്‍ഗ്രാമത്തിലായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ആന്‍ഡമാനില്‍ കുടിയേറിയതാണ്. ഭര്‍ത്താവ് നേരത്തെ മരിച്ചു. സുനാമിയില്‍ ഏക മകനും ഭാര്യയും അവരുടെ മൂത്ത കുട്ടിയും മരിച്ചു. ബാക്കിയായത് ഈ ഇളയകുട്ടിയാണ്. എങ്ങനെയെങ്കിലും തമിഴ്‌നാട്ടിലെത്തി പഴയ ബന്ധുക്കളെ ആരെയെങ്കിലും കണ്ടെത്താമെന്ന പ്രതീക്ഷയോടെയാണ് അമ്മയുടെ യാത്ര.

കപ്പലില്‍ കയറ്റിയതിന്റെ സന്തോഷത്തില്‍ കയ്യിലുണ്ടായിരുന്ന മുഷിഞ്ഞ സഞ്ചിയില്‍ന്ന് കുറെ കീറിത്തുടങ്ങിയ നോട്ടുകളെടുത്ത് ആ അമ്മ എന്റെ നേരെ നീട്ടി; അവരുടെ ഏക സമ്പാദ്യമാണ് ഇങ്ങനെ വെച്ചു നീട്ടുന്നത്. ഇതുകണ്ട് എന്തുപറയണമെന്ന് അറിയാതെ നിന്ന ഞാന്‍ എന്റെ പേഴ്‌സിലുണ്ടായിരുന്ന നോട്ടുകള്‍ മുഴുവനെടുത്ത് ആ അമ്മയ്ക്ക് കൊടുത്തു. അവര്‍ എന്റെ കൈയ്യില്‍ മുറുകെ പിടിച്ചു. രണ്ടുതുള്ളി ചുടുകണ്ണീര്‍ എന്റെ കൈകളിലേക്ക് വീണു. ലോകത്തെ ഏത് സാനിറ്റൈസറിനേക്കാളും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കൈകളെ ശുദ്ധമാക്കുന്നത് ഇത്തരം കണ്ണീരുകളാണെന്നാണ് എന്റെ വിശ്വാസം.'' ഗദ്ഗദത്തോടെ അജിത്കുമാര്‍ സുകുമാരന്‍ പറഞ്ഞു നിര്‍ത്തി.

അച്ഛന്‍ നാവിലെഴുതി, അമ്മ കണക്ക് പഠിപ്പിച്ചു; ജീവിതക്കണക്കും.

"അച്ഛനും അമ്മയും എന്നതിനപ്പുറം എന്റെ ഗുരുക്കന്‍മാര്‍ കൂടിയാണ് എന്റെ മാതാപിതാക്കള്‍. അച്ഛനാണ് എന്റെ നാവില്‍ ഹരി:ശ്രീ കുറിച്ചത്. അമ്മ കണക്കു പഠിപ്പിച്ചു. ആ ജീവിത ക്കണക്ക് ഞാനിന്നേവരെ തെറ്റിച്ചിട്ടില്ല. കഴിഞ്ഞ 21 വര്‍ഷമായി ഭരണനിര്‍വഹണ രംഗത്തെ ഉന്നത ശ്രേണിയില്‍ ഇരിക്കുമ്പോഴും എന്നെ നയിക്കുന്നത് മാതാപിതാക്കള്‍ കാണിച്ചുതന്ന നേര്‍വഴിയാണ്''-റിട്ട. ഹെഡ്മാസ്റ്റര്‍മാരായ ഇടപ്പാടി നന്ദനത്ത് സുകുമാരന്‍- നളിനി ദമ്പതികളുടെ മകനായ അജിത് കുമാര്‍ പറഞ്ഞു.

ആറ്റുതീരം റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ ടോമിച്ചന്‍ കുഴിമറ്റം, ശ്രീനിവാസന്‍ നായര്‍, ബേബി വലിയകുന്നത്ത്, ജോസ് പാലോലി, ജില്ല പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍, ഭരണങ്ങാനം പഞ്ചായത്ത് മെമ്പര്‍ ജോസുകുട്ടി അമ്പലമറ്റം എന്നിവര്‍ ചേര്‍ന്ന് അജിത് കുമാറിനെ ആദരിച്ചു. ജോര്‍ജ്ജ് കരുണയ്ക്കല്‍ ഓണസന്ദേശം നൽകി

Advertisment