Advertisment

ഓണം കഴിഞ്ഞപ്പോള്‍ പനി പിടിമുറുക്കി ; കോട്ടയം ജില്ലയില്‍ കൊവിഡും സമാന ലക്ഷണങ്ങളുള്ള വൈറൽ പനിയും

author-image
സുനില്‍ പാലാ
Updated On
New Update

publive-image

Advertisment

ഓണത്തിന്റെ കൊട്ടിക്കലാശം കഴിഞ്ഞപ്പോള്‍ കോട്ടയം ജില്ലയില്‍ കൊവിഡും സമാന ലക്ഷണങ്ങളുള്ള വൈറൽ പനിയും പിടിമുറുക്കി. ഔദ്യോഗിക കണക്കുകൾ ലഭ്യമല്ലെങ്കിലും ജില്ലയിലെ വിവിധ സര്‍ക്കാര്‍ - സ്വകാര്യ ആശുപത്രികളിലായി നുറുകണക്കിന് രോഗികളാണിപ്പോള്‍ ചികിത്സയിലുള്ളത്.

പാലായ്ക്കടുത്തുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഉള്‍പ്പെടെ വിവിധ സ്വകാര്യ ആശുപത്രികളിലെയും ചികിത്സാ കേന്ദ്രം രോഗികളെക്കൊണ്ട് നിറഞ്ഞു. പുതുതായി എത്തുന്നവരെ മരുന്ന് കൊടുത്ത് വീട്ടിലേക്ക് പറഞ്ഞയക്കേണ്ട സ്ഥിതിയാണ്.

നീണ്ടുനില്‍ക്കുന്ന ശക്തമായ പനി, ജലദോഷം, തൊണ്ടവേദന എന്നീ ലക്ഷണങ്ങളോടെയാണ് എല്ലാവരും ചികിത്സ തേടുന്നത്. സമാന ലക്ഷണങ്ങളോടെ വൈറല്‍ പനിയും ഉള്ളതിനാല്‍ മിക്കവരും കൊവിഡ് ടെസ്റ്റ് നടത്താതെതന്നെ മരുന്നു വാങ്ങി മടങ്ങുകയാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

കൊവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ തന്നെയാണ് ഇപ്പോഴും വ്യാപകമായിട്ടുള്ളത്. രുചി, മണം എന്നിവയ്‌ക്കൊപ്പം തൊണ്ടയിലെ ഇൻഫക്ഷൻ മൂലം സംസാരശേഷികൂടി ഏതാനും ദിവസത്തേക്ക് നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടെന്ന് രോഗികളില്‍ പലരും പറയുന്നു.

അടുത്തിടെ വന്ന ഒമിക്രോണിനേക്കാള്‍ അല്‍പ്പംകൂടി കടുപ്പുമേറിയതാണ് ഇപ്പോള്‍ കണ്ടുവരുന്നത്. ദേഹമാസകലം വേദനയും ഛര്‍ദ്ദിയും അതിസാരവുമൊക്കെ പല രോഗികളിലും കണ്ടു വരുന്നതായി ഭരണങ്ങാനത്ത് സ്വകാര്യ ആശുപത്രിയിലെ ചീഫ് ഫിസിഷ്യനായ ഡോ.ജി.ഹരീഷ്‌കുമാര്‍ പറഞ്ഞു. വീട്ടില്‍ പരിപൂര്‍ണ്ണ വിശ്രമത്തില്‍ കഴിയുകയാണ് പ്രധാനമായും ചെയ്യേണ്ടത്. ഇതോടൊപ്പം ധാരാളം വെള്ളം കുടിക്കണം. രണ്ട് മണിക്കൂര്‍ ഇടവിട്ട് ആവികൊള്ളുകയും ഉപ്പുവെള്ളത്തില്‍ തൊണ്ട ഗാര്‍ഗിള്‍ ചെയ്യുകയും വേണം.

ഇതേസമയം രോഗം ബാധിച്ച പലരും പുറത്തറിയിക്കാതെ തന്നെ ചികിത്സ തേടുന്നുമുണ്ട്. ഇത് മറ്റുള്ളവരിലേക്കും രോഗം പടരാന്‍ ഇടയാക്കും. ഓണക്കാലത്ത് മാസ്‌ക്കിന്റെ ഉപയോഗം വളരെ കുറഞ്ഞതും രോഗം വ്യാപകമാകാന്‍ കാരണമായതായി ഡോക്ടര്‍മാര്‍ പറയുന്നു.

Advertisment