Advertisment

രണ്ടാമൂഴത്തിലെ അതികായൻ, പിണറായിക്ക് കരുത്തായി പിന്നിൽ ഉറച്ചു, ചരിത്രം തിരുത്തി കുറിയ്ക്കാൻ പാർട്ടിയെ നയിക്കാനുള്ള നിയോഗം ഏറ്റെടുത്ത നയതന്ത്രജ്ഞൻ, കോടിയേരി ബാലകൃഷ്ണനെ രാഷ്ട്രീയ കേരളം അടയാളപ്പെടുത്തുക സമാനതകളില്ലാതെ വിശേഷണങ്ങളോടെ

New Update

publive-image

Advertisment

തിരുവനന്തപുരം : കേരളത്തിൽ ഒരു പാർട്ടിയ്ക്ക് തുടർഭരണം നേടുകയെന്നത് അസാദ്ധ്യമാണെന്ന് കരുതിയിരുന്ന 2021ൽ ഇടതുപക്ഷം അത് യാഥാർത്ഥ്യമാക്കിയതിന് പിന്നിൽ കോടിയേരി ബാലകൃഷ്ണൻ എന്ന സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയുടെ പങ്ക് നിസ്തുലമായിരുന്നു. ഇടതുപക്ഷത്തിന്റെ തുടർഭരണത്തിൽ അവഗണിക്കാനാകാത്ത ശക്തിയായിരുന്നു കോടിയേരി.

പിണറായി വിജയൻ മുന്നിൽ നിന്നപ്പോൾ പിന്നിൽ നിന്ന് തന്ത്രങ്ങൾ ആവിഷ്‌കരിച്ച തന്ത്രഞ്ജനായിരുന്നു കോടിയേരി. ചെറിയ പാർട്ടികളെയെല്ലാം കൂട്ടിയിണക്കി, പരാതിയും പരിഭവങ്ങളും ഉള്ള കക്ഷികളെ സമവായത്തിന്റെ പാതയിലേക്ക് എത്തിച്ചു. 140 മണ്ഡലങ്ങളിലും ശ്രദ്ധപതിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട പരിപാടികളിലെല്ലാം പ്രസംഗിച്ച് അണികളെ ആവേശഭരിതരാക്കി. കെട്ടുറപ്പോടെ പാർട്ടിയെ നയിച്ചതിന് ഫലം ലഭിച്ചു. രണ്ടാമതും സിപിഎം അധികാരത്തിലെത്തി.

പിന്നാലെ ആരെയും പിണക്കാതെ മന്ത്രിസ്ഥാനങ്ങൾ വീതിച്ചു നൽകി. ആരോഗ്യം മോശമായ ഘട്ടത്തിലും നിർബന്ധബുദ്ധിയോടെ മാധ്യമങ്ങൾക്ക് മുന്നിലെത്തി വാർത്താസമ്മേളനം നടത്തി. കത്തിനിന്ന ഗവർണർ സർക്കാർ പോരിൽ സർക്കാരിന് ആവശ്യമായ പ്രതിരോധം തീർത്തു. വിറയാർന്ന ചുണ്ടുകളും വരണ്ട കണ്ണുകളുമായി അദ്ദേഹം ക്യാമറകൾക്ക് മുന്നിലെത്തിയപ്പോൾ എതിരാളികളുടെ പോലും നെഞ്ചുലച്ചു.


കണ്ണൂർ കോടിയേരി മാടപ്പീടകയിൽ നിന്നും കേരളത്തിന്റെ രാഷ്ട്രീയ വിഹായസിലേക്ക് അക്ഷരാർത്ഥത്തിൽ ഉദിച്ചുയർന്ന നക്ഷത്രമായിരുന്നു കോടിയേരി ബാലകൃഷ്ണൻ.


വിദ്യാർഥിപ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. തലശേരി കോടിയേരിയിൽ സ്‌കൂൾ അധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബർ 16ന് ജനനം.

അമ്മാവൻ നാണു നമ്പ്യാരായിരുന്നു ബാലകൃഷ്ണനെ കമ്യൂണിസത്തിലേക്കു കൈപിടിച്ചത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കേരള സ്റ്റുഡൻസ് ഫെഡറേഷൻ സംഘടനയിൽ ചേർന്നു പ്രവർത്തനം ആരംഭിച്ചു. അച്ഛൻ കുഞ്ഞുണ്ണിക്കുറുപ്പ് അധ്യാപകനായിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛനെ നഷ്ടപ്പെട്ടു. അമ്മ കൃഷിപ്പണി ചെയ്തും പശുക്കളെ വളർത്തിയുമാണ് കുടുംബത്തെ നോക്കിയത്. നാലു സഹോദരിമാരുടെ ഇളയ സഹോദരനായിരുന്നു. മണി എന്നാണ് അമ്മയും ബന്ധുക്കളും വിളിച്ചിരുന്നത്.

publive-image


പ്രസംഗിക്കാൻ ഏറെ താൽപര്യമായിരുന്നു. അഞ്ചാം ക്ലാസുമുതൽ സ്‌കൂളുകളിൽ പ്രസംഗ മത്സരങ്ങളിൽ പങ്കെടുത്തു തുടങ്ങി. കോടിയേരി ദേശീയവായനശാലയാണ് വായനാശീലം വളർത്തിയത്.


ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം മാഹി മഹാത്മാഗാന്ധി കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നു. കോളേജ് യൂണിയൻ ചെയർമാനായിരുന്നു. തുടർന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ബിരുദവിദ്യാർഥിയായി. യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർഥിയായിരിക്കെ 1973ൽ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി. 1979 വരെ ആ സ്ഥാനത്ത് തുടർന്നു.

1971ലെ തലശേരി കലാപകാലത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളിൽ സജീവമായി. സിപിഐ എം ബ്രാഞ്ച് സെക്രട്ടറി, ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച കോടിയേരി 1980 - 82ൽ ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു.1990 - 95ൽ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി. 1988ലെ ആലപ്പുഴ സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗമായി. 1995ൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ കോടിയേരി 2002ൽ ഹൈദരാബാദ് 17-ാം പാർടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിലെത്തി. 2008ലെ 19ാം പാർടി കോൺഗ്രസിൽ പിബി അംഗമായി.

അടിയന്തരാവസ്ഥയിൽ അറസ്റ്റിലായ കോടിയേരി, ലോക്കപ്പിൽ ക്രൂരമർദനത്തിന് ഇരയായി. മിസ പ്രകാരം കണ്ണൂർ സെൻട്രൽ ജയിലിൽ അടയ്ക്കപ്പെട്ടു. കർഷകരുടെ ആവശ്യങ്ങളുന്നയിച്ച് നടത്തിയ റെയിൽവേ സമരത്തിൽ പൊലീസിന്റെ ഭീകരമർദനമേറ്റു. 1982ൽ തലശേരിയിൽനിന്നാണ് ആദ്യമായി നിയമസഭാംഗമായത്. 1987, 2001, 2006, 2011ലും തലശേരിയെ പ്രതിനിധാനംചെയ്തു. 2006 -11ൽ ആഭ്യന്തര, ടൂറിസം മന്ത്രിയായിരുന്നു. ജനമൈത്രി പൊലീസ് പദ്ധതി അക്കാലത്താണ് നടപ്പാക്കിയത്. 2001, 2011 പ്രതിപക്ഷ ഉപനേതാവായിരുന്നു. പാർലമെന്ററി രംഗത്തും ഭരണാധികാരി എന്ന നിലയിലും കഴിവുതെളിയിച്ച കോടിയേരി പാർടി സെക്രട്ടറി എന്ന നിലയിൽ അത്യുജ്വല പ്രവർത്തനം കാഴ്ചവച്ചു.

publive-image


2015ൽ ആലപ്പുഴ സമ്മേളനത്തിൽ പിണറായി വിജയൻ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് കോടിയേരി ആദ്യം നേതൃപദവി ഏറ്റെടുത്തത്.


തുടർന്ന് 2018ൽ തൃശൂരിൽ ചേർന്ന സമ്മേളനത്തിലും കോടിയേരി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അസുഖത്തെ തുടർന്ന് 2020 ൽ ഒരു വർഷത്തോളം സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിഞ്ഞുനിന്നു. പിന്നീട് ചുമതലകളിലേക്ക് തിരിച്ചെത്തിയതായിരുന്നു. രോഗനില വഷളായതോടെ ആഗസ്റ്റിൽ ചുമതല ഒഴിഞ്ഞു. തുടർന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു.

Advertisment