Advertisment

എതിര്‍സ്വരങ്ങളെ നേരിട്ട് സിപിഐയില്‍ കൂടുതല്‍ കരുത്തനായി കാനം രാജേന്ദ്രന്‍; 'പ്രായപരിധി'യില്‍ പണി കിട്ടി ദിവാകരനും ഇസ്മയിലും പുറത്ത്; ഇ.എസ്. ബിജിമോള്‍ക്കും സ്ഥാനമില്ല ! തുടര്‍ച്ചയായി മൂന്നാം തവണയും പാര്‍ട്ടിയെ നയിക്കാന്‍ കാനത്തെ തിരഞ്ഞെടുത്തത് ഐകകണ്ഠ്യേന

New Update

publive-image

Advertisment

തിരുവനന്തപുരം: എതിര്‍സ്വരങ്ങളെ എതിരിട്ട് സിപിഐയില്‍ കരുത്ത് കാട്ടി കാനം രാജേന്ദ്രന്‍. എന്‍.ഇ. ബലറാം, പി.കെ. വാസുദേവന്‍ നായര്‍ എന്നിവര്‍ക്ക് ശേഷം മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായി തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ട നേതാവായി മാറുകയാണ് കാനം. ഏകകണ്‌ഠേനയായിട്ടാണ് കാനത്തെ തിരഞ്ഞെടുത്തത്.

സമ്മേളനം തുടങ്ങുന്ന സമയത്ത് തന്നെ പ്രായപരിധിയുടെ വിഷയത്തിലും ഒപ്പം തന്നെ സംസ്ഥാന സമ്മേളനത്തിലും സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാൽ ദേശീയ നേതൃത്വം ഇടപെട്ട് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിന്റെ സാധ്യതകൾ ഒഴിവാക്കണമെന്ന നിർദ്ദേശം മുന്നോട്ട് വെക്കുകയായിരുന്നു. പ്രകാശ് ബാബുവോ വിഎസ് സുനിൽകുമാറോ മത്സരിക്കുമെന്ന തരത്തിൽ സൂചനകളുണ്ടായിരുന്നു. എന്നാൽ സംസ്ഥാന കൗൺസിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കാനം വിരുദ്ധ ചേരി ദുർബലമായി.

കോട്ടയം സമ്മേളനത്തില്‍ ആദ്യം

കോട്ടയം സമ്മേളനത്തിൽ പന്ന്യൻ രവീന്ദ്രൻ സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലായിരുന്നു കാനം രാജേന്ദ്രൻ ആദ്യം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. അതിന് ശേഷം മലപ്പുറം, തിരുവനന്തപുരം സമ്മേളനങ്ങളിലും തിരഞ്ഞെടുക്കപ്പെട്ടു. മൂന്നൂ തവണയാണ് ഒരാൾക്ക് സെക്രട്ടറിയാകാൻ സാധിക്കുക. 96 അംഗ കൗൺസിൽ 101 ആക്കി ഉയർത്തിയപ്പോൾ തന്നെ കാനം മേൽക്കൈ നേടിയിരുന്നു. ഈ സാഹചര്യത്തിലാണ് മത്സരം ഒഴിവാക്കപ്പെട്ടത്.

ദിവാകരനും, ഇസ്മയിലും പുറത്ത്‌

പ്രായപരിധി നിർദ്ദേശം ശക്തമായി നടപ്പിലാക്കിയതോടെ ഇത്തവണ സംസ്ഥാന കൗൺസിലിൽ നിന്ന് സി ദിവാകരനും കെഎ ഇസ്മായിലും പുറത്തായി. നേരത്തെ 75 വയസ് പ്രായപരിധിയെ ചോദ്യംചെയ്ത് ഇരുവരും രംഗത്തുവന്നിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ പ്രായപരിധി നിബന്ധന സംബന്ധിച്ചുള്ള മാര്‍ഗരേഖ ദേശീയ കൗണ്‍സില്‍ തീരുമാനിച്ചതാണെന്ന് അസി. സെക്രട്ടറി കെ. പ്രകാശ് ബാബു നേരത്തെ വ്യക്തമാക്കിയിരുന്നു.

പീരുമേട് എംഎല്‍എ വാഴൂര്‍ സോമനും സംസ്ഥാന കൗണ്‍സിലില്‍ ഇല്ല. ഇ.എസ്.ബിജിമോളെയും സംസ്ഥാന കൗണ്‍സിലില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാനം അനുകൂലിയായ ഇഎസ് ബിജിമോളെ ജില്ലാ പ്രതിനിധിപട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് മാത്രമല്ല പാർട്ടി കോൺഗ്രസ് പ്രതിനിധി പോലും ആക്കിയില്ല, കൊല്ലത്ത് നിന്ന് ജിഎസ് ജയലാലും എറണാകുളത്ത് നിന്ന് പി രാജുവും ഒഴിവാക്കപ്പെട്ടു.

കരുത്ത് കാട്ടി കാനം

14 ജില്ലകളിൽ എട്ട് ജില്ലകൾ കാനം രാജേന്ദ്രന് ഒപ്പം നിൽക്കുകയും നാല് ജില്ലകൾ ഭാഗികമായി അദ്ദേഹത്തിനൊപ്പമുള്ള നിലപാട് സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ മറ്റൊരാൾ മത്സരിച്ചാൽ വിജയിക്കില്ല എന്ന സാധ്യത ഉയർന്നിരുന്നു.

സംസ്ഥാന കൗണ്‍സിൽ അംഗങ്ങളെ നിശ്ചയിക്കുന്നതിൽ ജില്ലാ ഘടകങ്ങളിൽ വലിയ മത്സരം പ്രതീക്ഷിച്ചെങ്കിലും എറണാകുളത്ത് മാത്രമാണ് മത്സരം നടന്നത്. ഭൂരിപക്ഷമുള്ള എറണാകുളത്ത് മുൻ സെക്രട്ടറി പി. രാജു അടക്കം മൂന്ന് പേരെ വെട്ടി കാനം പക്ഷം കരുത്ത് കാട്ടി.

Advertisment