Advertisment

അന്തസ് തകർക്കുന്ന പ്രതികരണം നടത്തുന്ന  മന്ത്രിമാരെ പുറത്താക്കുമെന്ന ഗവർണറുടെ പ്രഖ്യാപനത്തോട് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതികരണം കരുതലോടെ മാത്രം; ഭരണഘടന പദവിയിൽ ഉളളവർ ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ പാര്‍ട്ടിയില്‍ ധാരണ! ഗവർണർക്ക് ചുട്ട മറുപടി നൽകാൻ തുനിഞ്ഞ മുഖ്യമന്ത്രി വിമർശനം പരോക്ഷ പ്രതികരണത്തിൽ ഒതുക്കിയതും മന്ത്രി എം.ബി.രാജേഷ് ഗവർണർക്കെതിരായ പോസ്റ്റ് മുക്കിയതും പാര്‍ട്ടി ഇടപെടലിനെ തുടര്‍ന്ന്‌; വിട്ടുവീഴ്ചയ്ക്കില്ലെന്ന സന്ദേശം ആവർത്തിച്ച് ഗവര്‍ണറും

New Update

publive-image

Advertisment

തിരുവനന്തപുരം: അന്തസ് തകർക്കുന്ന പ്രതികരണം നടത്തുന്ന  മന്ത്രിമാരെ പുറത്താക്കുമെന്ന ഗവർണറുടെ പ്രഖ്യാപനത്തോട് മുഖ്യമന്ത്രിയും മന്ത്രിമാരും കരുതലോടെ പ്രതികരിച്ചാൽ മതിയെന്ന് ധാരണ. രൂക്ഷമായ വിമർശനം അടങ്ങുന്ന പ്രതികരണം നടത്തി പുതിയ പ്രകോപനം സൃഷ്ടിക്കേണ്ടെന്ന വീണ്ടുവിചാരത്തിലാണ് കരുതൽ.


ഇതിന്റെ ഭാഗമായാണ് ഗവർണർക്ക് ചുട്ട മറുപടി നൽകാൻ തുനിഞ്ഞ മുഖ്യമന്ത്രി വിമർശനം പരോക്ഷ പ്രതികരണത്തിൽ ഒതുക്കിയതും മന്ത്രി എം.ബി.രാജേഷ് ഗവർണർക്കെതിരായ പോസ്റ്റ് പൊടുന്നനെ പിൻവലിച്ചതും.


സർവകലാശാലകളിൽ ചില കാര്യങ്ങൾ ചെയ്യുമ്പോൾ ചില പിപ്പിടികൾ നമുക്കെതിരെ തിരിയും അതൊന്നും കാര്യമാക്കേണ്ടന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഗവർണർക്കെതിരെ വാർത്താ സമ്മേളനം നടത്തി അദ്ദേഹത്തിന്റെ മാനസികനില പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുളള മുഖ്യമന്ത്രി പാർട്ടി നിർദ്ദേശപ്രകാരമാണെന്നാണ് വിമർശനത്തിൽ നിന്ന് പിന്മാറിയത്.

ഫേസ്ബുക്കിലൂടെ രൂക്ഷമായി പ്രതികരിച്ച എം.ബി.രാജേഷ് പോസ്റ്റ് മുക്കിയതും പാർട്ടി ഇടപെടലിലാണ്. രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ സി.പി.എം ഗവർണർക്കെതിരെ വിമർശനം ശക്തമാക്കുകയും ഭരണഘടന പദവിയിൽ ഉളളവർ വിമർശനത്തിൽ മാറിനിൽക്കാനുമാണ് പാർട്ടിയുടെ നേതൃതലത്തിലെ ധാരണ.


ഗവർണറുടെ ട്വീറ്റിന് പിന്നാലെ കടുത്ത വിമർശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോയും സംസ്ഥാന സെക്രട്ടറിയും വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു.


അന്തസ് കെടുത്തുന്ന തരത്തിൽ പ്രതികരിക്കുന്ന മന്ത്രിമാരെ പുറത്താക്കുമെന്ന ഗവർണറുടെ പ്രഖ്യാപനം ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് സി.പി.എമ്മിന്റെ നിലപാട്. ഇത്തരം പ്രസ്താവനകളിൽ നിന്ന് രാഷ്ട്രപതി ഗവർണറെ തടയണമെന്നും സി.പി.എം ആവശ്യപ്പെടുന്നു. ഗവർണറുടെ നിലപാട് ഭരണഘടനാ വിരുദ്ധമെന്ന് പറയുമ്പോഴും മുഖ്യമന്ത്രിയേയും മന്ത്രിമാരെയും പ്രതികരണത്തിൽ നിന്ന് വിലക്കുന്നത് പാർട്ടിയ്ക്കുളളിലെ ആശയക്കുഴപ്പത്തിൻറെ സൂചനയാണ്.

കർശനമായ സമീപനം എന്ന് പുറത്തുപറയുമ്പോഴും ഉളളിൽ ആശങ്കയുണ്ടെന്നാണ് ഈ 'കരുതലിൽ' നിന്ന് വായിച്ചെടുക്കേണ്ടത്. ഗവർണറുടെ പ്രീതി ഉളളിടത്തോളം കാലമേ മന്ത്രിസ്ഥാനത്ത് തുടരാനാകൂ എന്ന വ്യവസ്ഥയുളളപ്പോഴും മന്ത്രിയെ പുറത്താക്കാൻ ഗവർണർക്ക് കഴിയില്ല. ഏതെങ്കിലും മന്ത്രിയുടെ പ്രവർത്തനത്തിൽ അതൃപ്തി ഉണ്ടെങ്കിൽ അത് മുഖ്യമന്ത്രിയെ അറിയിക്കാം.

മന്ത്രിസഭാംഗത്തെ പുറത്താക്കണൊ വേണ്ടെയോ എന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാം.ഈ വിദഗ്ധോപദേശത്തിൻരെ ബലത്തിലാണ് സി.പി.എം ഗവർണർക്കെതിരെ രംഗത്ത് വരുന്നത്. എന്നാൽ ഇതിന് വിരുദ്ധമായ അഭിപ്രായം ചില കോണുകളിൽ നിന്നെങ്കിലും ഉയരുന്നുണ്ട്. അതാണ് മുഖ്യമന്ത്രിയോടും മന്ത്രിമാരോടും കരുതലോടെ നീങ്ങാൻ സി.പി.എം നിർദ്ദേശിച്ചത്.


മന്ത്രിമാരുടെ പ്രതികരണത്തിൽ അസന്തുഷ്ടി വ്യക്തമാക്കി നടപടി മുന്നറിയിപ്പ് നൽകിയ ഗവർണർ വിട്ടുവീഴ്ചയ്ക്കില്ലെന്ന സന്ദേശം ആവർത്തിച്ച് വ്യക്തമാക്കുകയാണ്. ട്വീറ്റിന് പിന്നാലെ കേരള സർവകലാശാലയിലെ സെർച്ച കമ്മിറ്റിയുടെ കാലാവധി നീട്ടിക്കൊണ്ട് വിജ്ഞാപനം ഇറക്കിയതാണ് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം.


24ന് വിരമിക്കുന്ന കേരള വി.സിക്ക് പകരം താൽപര്യമുളള സീനിയർ പ്രൊഫസർമാരിൽ ആർക്കെങ്കിലും വൈസ് ചാൻസിലറുടെ ചുമതല നൽകാനും ഗവർണർ ഒരുങ്ങുന്നുണ്ട്. ഇതിന്റെ ഭാഗമായി കേരളയിലെയും ഇതര സർവകലാശാലകളിലെയും സീനിയർ പ്രൊഫസർമാരുടെ പട്ടിക ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisment