Advertisment

ഗവർണർ ഇറങ്ങിയാൽ ആർക്കും തടുക്കാനാവില്ലെന്ന് ജസ്​റ്റിസ് കെമാൽ പാഷ, പഴയ കോടതി വിധികൾ കാട്ടി ഗവർണറെ ആരോ തെ​റ്റിദ്ധരിപ്പിച്ചിരിക്കാമെന്ന് പി.ഡി.ടി ആചാരി; മന്ത്രിമാരെ പിൻവലിക്കുമെന്ന ഗവർണറുടെ വിരട്ടലിൽ നിയമലോകം രണ്ടു തട്ടിൽ; ജനാധിപത്യ സർക്കാരിനു മേലുള്ള അട്ടിമറി ശ്രമമെന്നും ആരോപണം

New Update

publive-image

Advertisment

തിരുവനന്തപുരം: ഗവർണറുടെ മഹനീയ പദവിയെ ഇനി ആക്ഷേപിച്ചാൽ മന്ത്രിസ്ഥാനം പിൻവലിക്കുമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിരട്ടലിൽ രണ്ട് തട്ടിലായി നിയമലോകം. ഗവർണർ ഉഗ്രപ്രതാപിയാണെന്നും അദ്ദേഹം അധികാരങ്ങൾ എടുത്തു പ്രയോഗിച്ചാൽ ആർക്കും തടയാനാവില്ലെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതി റിട്ട ജഡ്ജ് ജസ്ററിസ് കെമാൽ പാഷ രംഗത്തെത്തി. പഴയ കോടതി ഉത്തരവുകൾ കാട്ടി ഗവർണറെ ആരോ തെറ്റിദ്ധരിപ്പിച്ചെന്നാണ് ലോക്സഭാ സെക്രട്ടറി ജനറലായിരുന്ന പി.ഡി.ടി ആചാരി പറയുന്നത്.


ഗവർണറുടെ പ്രീതിയിൽ തുടരുന്ന മന്ത്രിയെ പിൻവലിക്കാൻ ഗവർണർക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി കെമാൽ പാഷ പറഞ്ഞു.


നിയമനാധികാരിയായ ഗവർണർക്ക് മന്ത്രിയെ നീക്കം ചെയ്യാനുമാവും. ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കുന്നതിന് തടസം എന്നത് മതിയായ കാരണമാണ്. സംസ്ഥാനത്തിന്റെ ഭരണത്തലവനും ഒന്നാം പൗരനുമായ ഗവർണർക്ക് ഇതിന് ഭരണഘടനാപരമായ അധികാരമുണ്ട്. വിവേചനാധികാരമുപയോഗിച്ച് മന്ത്രിയെ പിൻവലിച്ചാൽ ഗവർണർക്കെതിരേ കേസിന് പോവാൻ സർക്കാരിന് കഴിയില്ലെന്നും കമാൽപാഷ പറഞ്ഞു.


സ്വന്തം ഇഷ്ടപ്രകാരം മന്ത്രിസ്ഥാനം റദ്ദാക്കാനുള്ള അധികാരം ഗവർണർക്കില്ലെന്ന് ലോകസഭാ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി ആചാരി പറഞ്ഞു.


അങ്ങനെ ചെയ്യുന്നതിനുള്ള അധികാരം ഗവർണർക്ക് ഭരണഘടന നൽകുന്നുമില്ല. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമേ ഗവർണർക്ക് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാനാവൂ. ഇന്ത്യൻ ഭരണഘടനയനുസരിച്ച് മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ മന്ത്രിമാരെ മാ​റ്റാൻ ഗവർണർക്ക് അധികാരമില്ല.

ഗവർണർക്ക് പ്രീതിയുള്ളിടത്തോളം പദവിയിൽ തുടരാമെന്നു ഭരണഘടനയിൽ പറയുന്നതിലെ 'പ്രീതിയെ' തോന്നിയ രീതിയിൽ വ്യാഖ്യാനിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രിയുടെ അനുവാദമുണ്ടെങ്കിൽ മന്ത്രിയെ മാ​റ്റുന്നതിനു തടസമില്ല. ഗവർണർ സ്വന്തം നിലയിൽ മന്ത്രിമാരെ നീക്കിയാൽ അത് സമാന്തരഭരണമാകും. ഭരണത്തിൽ ഇടപെടാൻ ഗവർണർക്ക് അധികാരമില്ലെന്നും മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭ പിരിച്ചുവിടാനും മന്ത്രിമാരെ പിൻവലിക്കാനും ഗവർണർക്ക് ഭരണഘടനയുടെ 164(1) വകുപ്പ് ഉപാധികളോടെ അധികാരം നൽകുന്നുണ്ട്. സർക്കാർ ഭൂരിപക്ഷമില്ലാതെ അധികാരത്തിൽ തുടരുമ്പോഴാണ് പിരിച്ചുവിടുന്നത്. മന്ത്രിമാരുടെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ ശുപാർശ പ്രകാരമാണ് ഗവർണർ ഉത്തരവിടേണ്ടത്. ഗവർണർക്ക് സ്വമേധയാ ഉത്തരവിടാൻ കഴിയില്ല. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണ് കൂടുതൽ അധികാരം. ഗവർണർക്ക് കൂടുതൽ അധികാരമുണ്ടെന്ന് പഴയ കോടതി വിധികളുടെ അടിസ്ഥാനത്തിൽ ഗവർണറെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കാം. അത്തരം കോടതി വിധികൾ പലതും പിന്നീട് ഓവർ റൂൾ ചെയ്യപ്പെട്ടിട്ടുണ്ടെന്നും ആചാരി പറഞ്ഞു.


മുഖ്യമന്ത്രിയുടെ ഉപദേശമില്ലാതെ ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാനാവില്ലെന്ന് സുപ്രീംകോടതി അഭിഭാഷകൻ എംആർ അഭിലാഷ് പ്രതികരിച്ചു.


മന്ത്രിസഭ നിയമസഭയോടാണ് ഉത്തരവാദിത്തപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മാത്രമേ മന്ത്രിയെ മാ​റ്റാൻ കഴിയൂ. അതല്ലാതെ ഗവർണർക്ക് രാഷ്ട്രീയമായതോ വ്യക്തിപരമായതോ ആയ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒരു മന്ത്രിയെ പിൻവലിക്കാനാവില്ല. അത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ അട്ടിമറിക്കലാണെന്നും അദ്ദേഹം വ്യക്തമാക്കി.


ഗവർണറുടെ നടപടി പൂർണമായി ശരിയല്ലെന്ന് നിയമവകുപ്പ് മുൻ അഡി. സെക്രട്ടറി സി. രാമകൃഷ്ണൻ പറഞ്ഞു.


മന്ത്രിമാരെ മുഖ്യമന്ത്രിയുടെ ശുപാർശപ്രകാരം നിയമിക്കുന്നതാണ്. മന്ത്രിസഭയുടെ ശുപാർശയുണ്ടെങ്കിലേ ഗവർണർക്ക് പ്രീതിയില്ലാതാക്കുകയും മന്ത്രിയെ പിൻവലിക്കുകയും ചെയ്യാനാവൂ. അദ്ദേഹം പറഞ്ഞു. ഗവർണർ സ്വന്തം നിലയ്ക്ക് മന്ത്രിയെ മാ​റ്റിയാൽ സർക്കാരിനു കോടതിയെ സമീപിക്കാമെന്ന് മ​റ്റുചില നിയമവിദഗ്ദ്ധർ വ്യക്തമാക്കി. 356 അനുച്ഛേദ പ്രകാരം സർക്കാരുകളെ പിരിച്ചുവിടാൻ ഗവർണർക്ക് രാഷ്ട്രപതിയോട് ശുപാർശ ചെയ്യാൻ അധികാരമുണ്ട്. എന്നാൽ രാഷ്ട്രപയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്.

Advertisment