Advertisment

ഇസ്മയിലും ദിവാകരനും അനിരുദ്ധനും സി.പി.ഐ പാർട്ടി കോൺഗ്രസിലും ഇളവില്ല; 'പ്രായപരിധി' വ്യവസ്ഥ നടപ്പാക്കുന്നതോടെ മുതിര്‍ന്ന നേതാക്കള്‍ക്ക് നഷ്ടമാകുന്നത് എല്ലാ ഭാരവാഹിത്വവും! മൂവരും ഇനി ഏത് ഘടകത്തില്‍ പ്രവര്‍ത്തിക്കണമെന്ന തീരുമാനം സംസ്ഥാന കൗണ്‍സിലിന്റേത്‌; മുതിർന്ന നേതാക്കളുടെ വിടവാങ്ങൽ സമ്മേളനമായി വിജയവാഡ പാർട്ടി കോൺഗ്രസ്

New Update

publive-image

Advertisment

തിരുവനന്തപുരം: സി.പി.ഐയിലെ മുതിർന്ന നേതാക്കളായ കെ.ഇ. ഇസ്മയിലിനും സി. ദിവാകരനും എൻ. അനിരുദ്ധനും പാർട്ടി കോൺഗ്രസിലും ഇളവില്ല. ദീർഘകാലം പാർട്ടിയുടെ ഉപരി ഘടകങ്ങളിലുണ്ടായിരുന്ന ഈ നേതാക്കൾക്ക് എല്ലാ ഭാരവാഹിത്വവും നഷ്ടമാകും. പാർട്ടി ദേശിയ സംസ്ഥാന കൗൺസിലുകളിലും എക്സിക്യൂട്ടീവുകളിലോ അംഗങ്ങളാകുന്നതിന് 75 വയസ് പ്രായപരിധി നടപ്പാക്കണമെന്ന നിർദ്ദേശത്തിന് ഭരണഘടനാ ഭേദഗതിയിലൂടെ സാധുത നൽകാൻ പാർട്ടി കോൺഗ്രസിലെ ഭരണഘടനാ പരിഷ്കാരങ്ങൾ സംബന്ധിച്ച കമ്മീഷനും തീരുമാനിച്ചതോടെയാണ് മുതിർന്ന നേതാക്കൾ പ്രാഥമിക അംഗങ്ങൾ മാത്രമായത്.


ഇസ്മയിലും ദിവാകരനും അനിരുദ്ധനും ഇനി ഏത് ഘടകത്തിൽ പ്രവർത്തിക്കണമെന്ന കാര്യത്തിൽ സംസ്ഥാന കൗൺസിലായിരിക്കും തീരുമാനമെടുക്കുക.


കാനം രാജേന്ദ്രന് സർവാധിപത്യമുളള സംസ്ഥാന കൗൺസിൽ വിരുദ്ധ പക്ഷത്തെ നേതാക്കളോട് കരുണ കാട്ടുമോ എന്നാണ് ഇനി അറിയാനുളളത്. 75 പ്രായപരിധി കർശനമായി നടപ്പാക്കാൻ സംസ്ഥാന സമ്മേളനം തീരുമാനിച്ചപ്പോൾ സംസ്ഥാന കൗൺസിലിൽ നിന്ന് പുറത്തായ ഇസ്മയിലിനും ദിവാകരനും പാർട്ടി കോൺഗ്രസിലായിരുന്നു പ്രതീക്ഷ. ഭരണഘടനാ പരിഷ്കാരം സംബന്ധിച്ച കമ്മീഷന്റെ തലപ്പത്ത് കാനം രാജേന്ദ്രൻ വന്നതോടെ ആ പ്രതീക്ഷയും അസ്തമിച്ചു. പ്രായപരിധി നടപ്പാക്കുന്നതിനുളള ഭരണഘടനാ ഭേദഗതി കൊണ്ടുവരാൻ കമ്മീഷനിൽ ധാരണയായതോടെ പാർട്ടി കോൺഗ്രസ് അംഗീകാരമെന്ന സാങ്കേതികത മാത്രമേ മുന്നിലുളളു.


കമ്മീഷൻ റിപ്പോർട്ടുകൾ തളളിക്കളയുന്ന പതിവ് സി.പി.ഐ പാർട്ടി കോൺഗ്രസിൽ ഇല്ലാത്തതിനാൽ പ്രായപരിധി മാനദണ്ഡം എന്ന യാഥാർത്ഥ്യം അംഗീകരിക്കാൻ മുതിർന്ന നേതാക്കൾ നിർബന്ധിതരായിരിക്കുകയാണ്.


സംസ്ഥാന -ദേശീയ കൗൺസിലുകളിൽ അംഗമാകുന്നതിനും ഭാരവാഹിത്വത്തിനും 75 വയസ് നിർബന്ധമാക്കുക മാത്രമാണ് പാർട്ടി കോൺഗ്രസിലെ കമ്മീഷൻ കൈക്കൊണ്ട തീരുമാനം. ജില്ലാ -മണ്ഡലം കമ്മിറ്റികളിൽ പ്രായപരിധി ബാധകമാക്കുന്ന കാര്യത്തിൽ വ്യക്തതയില്ല. കേരളത്തിലെ സമ്മേളനങ്ങളിൽ ഈ രണ്ടുഘടകങ്ങളിലും പ്രായപരിധി മാനദണ്ഡം കർശനമായി നടപ്പാക്കിയിരുന്നു. അസിസ്റ്റന്റ് സെക്രട്ടറിമാരിൽ ഒരാൾ 65 വയസിൽ താഴെയുളളയാളും മറ്റൊരാൾ 50 വയസിൽ താഴെയുളളയാളാകണമെന്ന നിർദ്ദേശത്തിലും അവ്യക്തതയുണ്ട്.

സംസ്ഥാന -ദേശിയ കൗൺസിലിലെ അംഗത്വത്തിന് 75 വയസ് എന്നതാണ് ഭരണഘടനാ ഭേദഗതി എന്നതിനാൽ അസിസ്റ്റന്റ് സെക്രട്ടറിമാരുടെ പ്രായത്തിൽ ഇനി കടുംപിടിത്തം ഉണ്ടാകില്ലെന്നാണ് ഒരുപക്ഷം. എന്നാൽ പ്രായപരിധി നടപ്പാക്കുമ്പോൾ ഒപ്പമുളള നിർദ്ദേശങ്ങളും നടപ്പാകുമെന്നാണ് മറുപക്ഷത്തിൻരെ വാദം. ഇക്കാര്യത്തിൽ പാർട്ടി കോൺഗ്രസ് സമാപനത്തോടെ വ്യക്തതയുണ്ടാകുകയുളളു എന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. പ്രായ പരിധി തീരുമാനം നടപ്പാക്കുന്നതോടെ മുതിർന്ന നേതാക്കളുടെ വിടവാങ്ങൽ സമ്മേളനമായി വിജയവാഡ പാർട്ടി കോൺഗ്രസ് മാറി.


കൊല്ലം പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഡി. രാജ സെക്രട്ടറി സ്ഥാനത്ത് തുടരുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ട്.


രാജയുടെ നേതൃത്വം പരാജയമാണെന്ന് കേരള ഘടകം വിമർശിച്ചതാണ് രാജയുടെ സാധ്യതകൾക്ക് മേൽ കരി നിഴൽ വീഴ്ത്തിയത്. കാനം രാജേന്ദ്രന് രാജ സെക്രട്ടറി സ്ഥാനത്ത് തുടരാൻ താൽപര്യമില്ല. കാനം ആ നിലപാടിൽ ഉറച്ചുനിന്നാൽ രാജയ്ക്ക് വീണ്ടുമൊരുവസരം കിട്ടാനിടയില്ല.

Advertisment