Advertisment

ഗവര്‍ണറെ വിമര്‍ശിച്ചു എന്ന കുറ്റത്തിന് മന്ത്രിമാരെ പുറത്താക്കാന്‍ ഒരുങ്ങുന്ന ഈ ഗവര്‍ണറുടെ മാനസികനില പരിശോധിക്കണം; മാനസികപ്രശ്‌നങ്ങളുള്ള ഒരാള്‍ സംസ്ഥാനതലവന്റെ ചുമതലയില്‍ ഇരിക്കുന്നത് രാജ്യത്തിന് തന്നെ അപമാനമാണ്! കേരളത്തിലിന്ന് നടക്കുന്നത് കള്ളനും പോലീസും കളിയല്ല, കള്ളനും കള്ളനു കഞ്ഞിവച്ചവനും തമ്മിലുള്ള ചക്കളത്തിപ്പോരാട്ടമാണ്-ഷിബു ബേബി ജോണ്‍

New Update

publive-image

Advertisment

കൊല്ലം: കേരളത്തിലിന്ന് നടക്കുന്നത് കള്ളനും പോലീസും കളിയല്ല, കള്ളനും കള്ളനു കഞ്ഞിവച്ചവനും തമ്മിലുള്ള ചക്കളത്തിപ്പോരാട്ടമാണെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നടത്തിയ അഡ്ജസ്റ്റുമെന്റുകളുടെ ഭാഗമായാണ് ക്രമവിരുദ്ധമായ വൈസ് ചാന്‍സിലര്‍ നിയമനങ്ങളെല്ലാം നടന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

യു.ജി.സി മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തി സംസ്ഥാന സര്‍ക്കാരിനോടൊപ്പം ചേര്‍ന്ന് എല്ലാ നിയമവിരുദ്ധനിയമനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച ഗവര്‍ണര്‍ ഇപ്പോള്‍ ഭരണഘടനയ്ക്ക് അംബേദ്ക്കര്‍ പോലും ചിന്തിക്കാത്ത വ്യാഖ്യാനങ്ങള്‍ നല്‍കി നല്ലപിള്ള ചമയാന്‍ ശ്രമിക്കുന്നതില്‍ എന്ത് ധാര്‍മികതയാണുള്ളതെന്നും ഷിബു ബേബി ജോണ്‍ ചോദിച്ചു.

ഗവര്‍ണറുടെ ഈ ചവിട്ടുനാടകത്തിന് വേദിയൊരുക്കിയത് പിണറായി വിജയനും മന്ത്രിമാരുമാണെന്ന് പറയാതെവയ്യ. നിയമവും വ്യവസ്ഥയുമെന്തെന്ന് അറിയാന്‍പാടില്ലാത്ത കേരളത്തിലെ മന്ത്രിമാര്‍ എല്ലാ നിയമങ്ങളെയും കാറ്റില്‍ പറത്തി കേരളത്തിലെ സര്‍വകലാശാലകളില്‍ വൈസ്ചാന്‍സിലര്‍ പദവി മുതല്‍ താഴേക്ക് സ്വന്തക്കാരെ തിരുകിക്കയറ്റിയപ്പോള്‍ എല്ലാത്തിനും കൂട്ടുനില്‍ക്കുകയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍.

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയെയാകെ തകര്‍ക്കാന്‍ ഇത്രയുംകാലം കൂട്ടുനിന്ന ഗവര്‍ണര്‍ ഇപ്പോള്‍ കൈകഴുകിയാല്‍ പീലാത്തോസ് ആകില്ല. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം മറന്ന് എല്ലാ തട്ടിപ്പുകള്‍ക്കും കൂട്ടുനിന്നിട്ട് ഇപ്പോള്‍ നാടകം കളിക്കുന്ന താങ്കളുടെ സ്ഥാനം ചരിത്രത്തിലെന്നും യൂദാസിന്റെതായിരിക്കും.

ഗവര്‍ണറെ വിമര്‍ശിച്ചു എന്ന കുറ്റത്തിന് മന്ത്രിമാരെ പുറത്താക്കാന്‍ ഒരുങ്ങുന്ന ഈ ഗവര്‍ണറുടെ മാനസികനില പരിശോധിക്കണം. മാനസികപ്രശ്‌നങ്ങളുള്ള ഒരാള്‍ സംസ്ഥാനതലവന്റെ ചുമതലയില്‍ ഇരിക്കുന്നത് രാജ്യത്തിന് തന്നെ അപമാനമാണ്. ചര്‍ച്ച ചെയ്യപ്പെടേണ്ട സുപ്രധാന വിഷയങ്ങളെയെല്ലാം മൂലയ്‌ക്കൊതുക്കി സംസ്ഥാനസര്‍ക്കാരും ഗവര്‍ണറും കൂടി നടത്തുന്ന ഈ ടോം & ജെറി കളി, കാലങ്ങളായി ഉന്നതജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ജനതയെയാകെ അപഹാസ്യരാക്കുന്നതാണെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ തിരിച്ചറിയണമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

Advertisment