Advertisment

സംസ്ഥാനത്ത് സ്ത്രീ സുരക്ഷ വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെടുന്നു; ഡിജെ പാർട്ടിയെന്ന പേരിൽ നടക്കുന്നത് അഴിഞ്ഞാട്ടം: വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീസുരക്ഷ വലിയരീതിയില്‍ ചോദ്യം ചെയ്യപ്പെടുകയാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. ഡിജെ പാർട്ടിയെന്ന പേരിൽ നടക്കുന്നത് അഴിഞ്ഞാട്ടമാണെന്നും അവര്‍ പറഞ്ഞു. വനിതാ കമ്മിഷൻ സംസ്ഥാനതല സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ.

സ്ത്രീകള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന മേഖലയില്‍ സുരക്ഷിതമായി ജോലി ചെയ്യാനും സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്താനം കഴിയുന്ന വിധത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നും ജാഗ്രതവേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കേരളം മറ്റു സംസ്ഥാനങ്ങൾക്കു മുൻപിൽ ലജ്ജിക്കേണ്ട സ്ഥിതിയാണ്. അഴിഞ്ഞാട്ടം നടക്കുന്ന വേദികളായി ഡിജെ പാർട്ടികൾ മാറുന്നത് ജാഗ്രതയോടെ കാണണം.

തിരക്കേറിയ നഗരങ്ങളില്‍ സ്ത്രീകള്‍ക്ക് രാത്രി സമയങ്ങളില്‍ സഞ്ചരിക്കാന്‍ കഴിയുന്നില്ല എന്നത് കേരളം പോലെ ഒരു സംസ്ഥാനത്തിന് ഒട്ടും ഭൂഷണമായ കാര്യമല്ലെന്നും അവര്‍ പറഞ്ഞു. കൊച്ചിയില്‍ 19-കാരിയായ മോഡല്‍ കാറില്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു അവര്‍.

യുവതി അവരുടെ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് സഞ്ചരിക്കുന്ന സമയത്ത് കൂട്ട ബലാത്സംഗത്തിന് ഇരയായി. അവർ ആ സമയത്ത് മദ്യപിച്ചിരുന്നു എന്നാണ് വാർത്ത. മദ്യപിച്ചാൽ മാത്രം ആക്രമിക്കപ്പെടണമെന്നില്ലെന്നും പുരുഷൻമാർ മദ്യപിച്ചാൽ ആക്രമിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകാറില്ലല്ലോയെന്നും സതീദേവി ചോദിച്ചു.

സ്ത്രീയെ ഒറ്റയ്ക്ക് രാത്രി കണ്ടുകഴിഞ്ഞാല്‍ കേവലം ശരീരമായി കണുന്നു എന്ന വീക്ഷണഗതിയാണ് കേരളത്തില്‍ പരക്കെയുള്ളതെന്ന് അവര്‍ പറഞ്ഞു. കലാരംഗത്തുള്ള സ്ത്രീകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയുന്നില്ലെന്ന അവസ്ഥ സമൂഹത്തിലെ തെറ്റായ വീക്ഷണഗതിയാണ്. കുറ്റമറ്റ രീതിയിലുള്ള പൊലീസ് സംവിധാനത്തിന്റെ സാന്നിധ്യം ഉണ്ടാകേണ്ടതുണ്ടെന്നും സതീദേവി പറഞ്ഞു.

Advertisment