Advertisment

സി.വി. വർഗീസിൻറെ ആരോപണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ; ഉടുമ്പന്നൂർ- മണിയാറൻകുടി റോഡ് യാഥാർത്ഥ്യമാക്കും- ഡീൻ കുര്യാക്കോസ് എം.പി.

New Update

publive-image

Advertisment

ഉടുമ്പന്നൂർ- മണിയാറൻകുടി റോഡ് യാഥാർത്ഥ്യമാകും എന്ന് മനസിലായതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കരുവാക്കി റോഡിന് അനുമതിക്ക് തടസ്സം സ്രഷ്ടിക്കാനുള്ള ശ്രമങ്ങളാണ് സി.വി. വർഗീസ് നടത്തുന്നതെന്ന് ഡീൻ കുര്യാക്കോസ് എം.പി. 2018 ൽ പി.എം.ജി.എസ്.വൈ ഫേസ് 2 പദ്ധതികൾ അവസാനിച്ചതിന് ശേഷം 2019 ഓഗസ്റ്റ് മാസത്തിൽ ഫേസ് 3 ആരംഭിച്ചപ്പോൾ ആദ്യം നൽകിയ റോഡാണ് ഉടുമ്പന്നൂർ- മണിയാറൻകുടി റോഡ്. പി.എം.ജി.എസ്.വൈ ഫേസ് 3 യിൽ ജില്ലയിൽ 133 കി.മി റോഡുകളുടെ നിർമ്മാണത്തിനായുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിലാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിൽ വനംവകുപ്പിൻറെ അനുമതി വേണ്ടത് മണിയാറൻകുടി- ഉടുമ്പന്നൂർ റോഡിന് മാത്രമാണ്. ഇതിനായി സംസ്ഥാന സർക്കാരിലും ഫോറസ്റ്റ് വകുപ്പിലും ശക്തമായ ഇടപെടൽ നടത്തി വരുന്നതായും എം.പി അറിയിച്ചു.

കേന്ദ്ര സർക്കാരിൻറെ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുന്ന റോഡുകൾക്ക് വനംവകുപ്പ് അനുമതി പ്രത്യേകമായി നൽകേണ്ടതാണെന്നും അകാരണമായി അനുമതി നിഷേധിക്കരുത് എന്ന് കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയം 2017-ൽ തന്നെ വിജ്ഞാപനം ഇറക്കിയിട്ടുള്ളതാണ്. 2015 ൽ ഇടുക്കി എം.എൽ.എ. റോഷി അഗസ്റ്റ്യൻ ഈ റോഡിന് ഫണ്ട് അനുവദിച്ചപ്പോൾ കേന്ദ്ര ഫണ്ട് ആണെങ്കിൽ വനം വകുപ്പിൻറെ അനുമതി നൽകാമായിരുന്നുവെന്ന് 26.10.2015 ൽ വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം.എൽ.എക്ക് മറുപടി നൽകിയിരുന്നതുമാണ്.

publive-image

പി.എം.ജി.എസ്.വൈ മാനദണ്ഡമനുസരിച്ച് 8 മീറ്റർ വീതിയാണ് യഥാർത്ഥത്തിൽ നൽകേണ്ടത്. എന്നാൽ പ്രസ്തുത റോഡിൽ 3 മീറ്റർ വീതിക്കുള്ള സർവ്വേക്കാണ് സിസിഎഫ് അനുമതി നൽകിയിരുന്നത്. ഇത് പ്രസ്തുത പദ്ധതിയുടെ നിർമ്മാണ അന്തിമ അനുമതിക്ക് തടസമാകും എന്ന് മനസിലാക്കി എം.പി. എന്ന നിലയിൽ വനം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലയിൽ നിന്നുളള മന്ത്രി റോഷി അഗസ്റ്റിൻറെ സന്നിദ്ധ്യത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ യോഗം തിരുവനന്തപുരത്ത് വിളിപ്പിക്കുകയും യോഗത്തിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ വനം വകുപ്പ് സർവ്വേക്ക് അനുമതി നൽകുകയും തുടർന്ന് സർവ്വേ പൂർത്തീകരിക്കുകയും ചെയ്തിട്ടുള്ളതാണ്.

19.5 കി.മി നീളം 8 മീറ്റർ വീതിയിൽ നിർമ്മിക്കുമ്പോൾ കൂടുതൽ വനഭൂമി ഏറ്റെടുക്കേണ്ട വരും എന്ന് മനസിലാക്കി വനംവകുപ്പ് വീണ്ടും അനുമതിക്ക് തടസം നിൽക്കുകയും കഴിഞ്ഞ മാസം വനം മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ 8 മീറ്റർ എന്നുള്ളത് 6 മീറ്റർ വീതിയായി കുറച്ച് പ്രത്യേകാനുമതി നേടുവാൻ ചീഫ് എഞ്ചിനീയറോട് നിർദ്ദേശിച്ചു. കൂടാതെ ഡിസംബർ 6 നുള്ളിൽ ജോയിൻറ് വേരിഫിക്കേഫൻ നടത്തി എത്രമരങ്ങൾ മുറിക്കണം എത്ര സ്ഥലം ഏറ്റെടുക്കണം എന്നത് സംബന്ധിച്ച് റിപ്പോർട്ടും, ബന്ധപ്പെട്ട രേഖകളും സമർപ്പിക്കാനാണ് മന്ത്രി നിർദ്ദേശിച്ചിട്ടുള്ളത്. ഇതിന് വിപരീതമായി റോഡ് നിർമ്മാണം അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യങ്ങളുമായാണ് സി.പി.എം. നീങ്ങുന്നത് എന്നതിൻറെ തെളിവാണ് കോതമംഗലം ഡി.എഫ്.ഒ കഴിഞ്ഞ ദിവസം ജോയിൻറ് വേരിഫിക്കേഷൻ സമയത്ത് എതിർ നിലപാട് എടുത്തതെന്ന് അദ്ദേഹം ആരോപിച്ചു.

എന്നാൽ എം.പി. എന്ന നിലയിൽ ഏല്ലാവരെയും സമന്വയിപ്പിച്ച് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് റിപ്പോർട്ട് പരിവേഷ് സൈറ്റിൽ അപ് ലോഡ് ചെയ്ത് കേന്ദ്ര സർക്കാരിൻറെ അന്തിമാനുമതി ലഭിക്കുന്നതിനുള്ള ശക്തമായ നടപടികളുമായി മുന്നോട്ടു പോവുകയാണ്. ഈ അനുമതി ലഭിക്കുന്നത് സിസിഎഫ്, പി.സിസിഎഫ് തലത്തിൽ നൽകുന്ന റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ്. ഈ റിപ്പോർട്ട് അനുകൂലമാക്കി മാറ്റുന്നതിനാണ് സംസ്ഥാന സർക്കാരിൻറെ ഇടപെടൽ വേണ്ടത്. സംസ്ഥാന സർക്കാർ ശക്തമായ നിലപാടെടുത്താൽ ഇക്കാര്യം സാദ്ധ്യമാകുമെന്നും എംപി. പറഞ്ഞു.

ഇക്കാര്യത്തിൽ അനാവശ്യ വിവാദങ്ങൾക്ക് താനില്ലെന്നും ഈ പ്രദേശത്തെ ജനങ്ങളുടെ ചിരകാല അഭിലാഷം പൂർത്തിയാക്കുന്നതിന് എം.പി. എന്ന നിലയിൽ മുന്നിൽ നിൽക്കുമെന്നും, വ്യക്തി ഹത്യയുടെയും വിദ്വേഷത്തിൻറെയും രാഷ്ട്രീയം മാറ്റിവച്ച് ഈ റോഡ് നിർമ്മാണം സാധ്യമാക്കുന്നതിന് കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും എം.പി. കൂട്ടിച്ചേർത്തു.

Advertisment