Advertisment

പോസ്റ്റ് ഓഫീസ്, റേഷൻ കട, ഫ്‌ളവർ മിൽ ഇതൊക്കെ ചേർന്ന വഴിയമ്പലം ജംക്ഷൻ; ആരെയും ആകർഷിക്കുന്ന ഈ ഗ്രാമീണ ഭംഗിയിൽ സിബിമലയിലും കൂട്ടരും ആകൃഷ്ടരായി ! ഈ കാരണങ്ങൾകൊണ്ടാണ് ബാലകൃഷ്ണപിള്ള 'മുത്താരംകുന്ന് പി.ഒ'യ്ക്ക് മേലിലയുടെ പേര്‌ നിർദ്ദേശിച്ചത്, അല്ലാതെ കറണ്ടും ഫോണുമില്ലാത്ത നാടെന്ന നിലയിലല്ല-ശ്രീകണ്ഠന്‍ നായര്‍ അറിയുവാന്‍ സുഹൃത്ത് പ്രകാശ് നായര്‍ മേലില എഴുതുന്നു

New Update

സിബി മലയിൽ സംവിധാനം നിർവഹിച്ച മേലിലയിൽ ഷൂട്ട്‌ചെയ്ത മുത്താരംകുന്ന് പി.ഓ എന്ന സിനിമയുമായി ബന്ധപ്പെട്ട് ആര്‍ ശ്രീകണ്ഠന്‍ നായരുടെ പ്രസ്താവനയില്‍ പ്രതികരണവുമായി അദ്ദേഹത്തിന്റെ സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ പ്രകാശ് നായര്‍ മേലില രംഗത്ത്. ടെലഫോണും വൈദ്യുതിയും എത്താത്ത ഗ്രാമമെന്ന നിലയിലാണ് ആർ . ബാലകൃഷ്ണപിള്ള സിനിമയ്ക്കായി മേലിലയെ നിർദ്ദേശിച്ചതെന്ന് ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞിരുന്നു.

Advertisment

publive-image

ചിത്രത്തിൽ മേലില വഴിയമ്പലത്തിൽ ഇന്നും നിലകൊള്ളുന്ന മേടക്കടയും തൊട്ടടുത്ത് പോസ്റ്റ് ഓഫീസും കാണാം

പ്രകാശ് നായര്‍ മേലിലയുടെ കുറിപ്പ് ഇങ്ങനെ

ശ്രീമാൻ ശ്രീകണ്ഠൻ നായർ അറിയുവാൻ .....

24 ന്യൂസ് ചാനൽ മേധാവി ശ്രീകണ്ഠൻ നായർ സൂര്യ ഫെസ്റ്റിവൽ വേദിയിലും സഫാരി ചാനലിലും നടത്തിയ പ്രസംഗമാണ് ഈ കുറിപ്പിനാധാരം.

താങ്കളെപ്പോലെ ഞാനും ഒരു മേലില സ്വദേശിയാണ്. നമ്മുടെ വീടുകൾ തമ്മിലും അധികം ദൂരമില്ല. മേലില പ്രൈമറി സ്‌കൂളിലും ആവണീശ്വരം ഹൈ സ്‌കൂളിലും താങ്കൾ എന്നേക്കാൾ ജൂനിയർ ആയിരുന്നു. താങ്കൾ പ്രസംഗത്തിൽ പ്രതിപാദിച്ച റേഷൻ കടയിൽ സാധനങ്ങൾ തൂക്കാനും കണക്കെഴുതാനും നിന്ന കാലയളവിൽ തൊട്ടടുത്തൊരു മുറുക്കാൻ കടയിൽ ഞാനുമുണ്ടായിരുന്നത് ഓർക്കുമല്ലോ. നമ്മൾ തമ്മിൽ അക്കാലത്ത് സൗഹൃദവും ഉണ്ടായിരുന്നു.

പിന്നീട് ഞാൻ ഉത്തരേന്ത്യക്ക് ചേക്കേറിയപ്പോഴും താങ്കളെ നേരിട്ടും ഫോണിലൂടെയും പലതവണ ബന്ധപ്പെട്ടിട്ടുമുണ്ട്. താങ്കൾ ഏഷ്യാനെറ്റിൽ ജോലിചെയ്യുന്ന സമയത്ത് ഞാൻ അവിടെ വന്നിട്ടുണ്ട്. എന്റെ മകൾ തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് പഠിക്കുന്ന സമയത്ത് ലോക്കൽ ഗാർഡിയനായി താങ്കളുടെ പേരാണ് ചേർത്തിരുന്നത്. ഇതൊക്കെ അറിയാമല്ലോ ?

താങ്കളുടെ പ്രസംഗത്തിൽ പറഞ്ഞ പല കാര്യങ്ങളൊടും എനിക്ക് ശക്തമായ വിയോജിപ്പുണ്ട്. അതിൽ പ്രധാനപ്പെട്ടത് സിബി മലയിൽ സംവിധാനം നിർവഹിച്ച മേലിലയിൽ ഷൂട്ട്‌ചെയ്ത മുത്താരംകുന്ന് പി.ഓ എന്ന സിനിമയുമായി ബന്ധപ്പെട്ടുള്ളതാണ്. ടെലഫോണും വൈദ്യുതിയും എത്താത്ത ഗ്രാമമെന്ന നിലയിലാണ് ആർ . ബാലകൃഷ്ണപിള്ള സിനിമയ്ക്കായി മേലിലയെ നിർദ്ദേശിച്ചതെന്ന താങ്കളുടെ പറച്ചിൽ ശുദ്ധ അസംബന്ധമാണ്. ആ ചിത്രം ഷൂട്ട്‌ ചെയ്ത 84 -85 കാലഘട്ടത്തിൽ മേലിലയിൽ വൈദ്യുതിയും ടെലിഫോണും ഉണ്ടായിരുന്നു എന്ന വസ്തുത താങ്കൾ മനപ്പൂർവ്വം ഈ വേദികളിൽ മറച്ചുവയ്ക്കുകയായിരുന്നു.

അന്ന് താങ്കളുടെ പിതാവിന്റെ റേഷന്കടയ്ക്ക് തൊട്ടടുത്തുണ്ടായിരുന്ന മേടക്കടയുടെയും പട്ടാളസ്വാമിയുടെയും കടയ്ക്കുമുന്നിൽ തെരുവുവിളക്കും വഴിയമ്പലത്തിലെ കടകളിലും അവിടെ പ്രവർത്തിച്ചിരുന്ന തയ്യൽക്കടയിലും വരെ വൈദ്യുതിയുണ്ടായിരുന്നു. താങ്കൾ പ്രൈമറി സ്‌കൂളിൽ പഠിക്കുന്ന കാലത്താണ് മേലില ക്ഷേത്രത്തിൽ പുതിയ ഉച്ചഭാഷിണി മുഴങ്ങുന്നത്. മുത്താരംകുന്ന് സിനിമാ ടീം വാടകയ്‌ക്കെടുത്ത ക്ഷേത്രത്തിനടുത്തുള്ള വീട്ടിലും വൈദ്യുതിയുണ്ടായിരുന്നു. അന്ന് എന്റെ അറിവിൽ മേലിലയിൽ ഏതാണ്ട് മൂന്നോളം വീടുകളിൽ (തോട്ടത്തിൽ, ജോർജ് സർ, പോറ്റിസാർ) ടെലഫോൺ ഉണ്ടായിരുന്നു.

അതുപോലെതന്നെ ജയറാം അഭിനയിച്ച കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ എന്ന സിനിമയിലെയും നല്ലൊരു ഭാഗം മേലിലയിലാണ് ഷൂട്ട് ചെയ്തിട്ടുള്ളത്.

എന്തുകൊണ്ട് മുത്താരംകുന്ന് പി.ഓ എന്ന ചിത്രത്തിനായി മേലില തെരഞ്ഞെടുക്കപ്പെട്ടു ?

വൈദ്യുതിയും, ടെലഫോണും എത്താത്ത നാടെന്ന നിലയിലല്ല, മറിച്ച് വളരെ പ്രകൃതി രമണീയമായ ഗ്രാമം എന്ന നിലയിലാണ് മേലിലായിലെ വഴിയമ്പലം ഉൾപ്പെടെയുള്ള സ്ഥലം അവർ തെരഞ്ഞെടുത്തത്. നാലു പാടും നോക്കെത്താ ദൂരത്തുള്ള പാടശേഖരങ്ങളും, ജലസമൃദ്ധമായിരുന്ന മൂന്നു തോടുകളുടെ സംഗമ സ്ഥാനവും, തൊട്ടടുത്തുള്ള ക്ഷേത്രങ്ങളും ചിറയും കൂടാതെ ആ വയലേലയോട് ചേർന്ന് ഒരു കൊച്ചു ടൗൺഷിപ്പും.

പോസ്റ്റ് ഓഫീസ്, റേഷൻ കട, ഫ്‌ളവർ മിൽ, തയ്യൽക്കട,ചായക്കടകൾ, മേലിലായിലെ ആദ്യത്തെ മേടക്കട എന്നറിയപ്പെടുന്ന ഒരു ഇരുനിലകെട്ടിടം ഇതൊക്കെ ചേർന്ന വഴിയമ്പലം ജംക്ഷൻ. ആരെയും ആകർഷിക്കുന്ന ഈ ഗ്രമീണ ഭംഗിയിൽ സിബിമലയിലും കൂട്ടരും ആകൃഷ്ടരായി എന്നതാണ് വാസ്തവം.

ഈ കാരണങ്ങൾകൊണ്ടാണ് ബാലകൃഷ്ണപിള്ള മേലിലയുടെ പേർ നിർദ്ദേശിച്ചത്. അല്ലാതെ കറണ്ടും ഫോണുമില്ലാത്ത നാടെന്ന നിലയിൽ അദ്ദേഹം തുടർച്ചയായി എംഎല്‍എ ആയിരുന്ന മണ്ഡലത്തിലെ ഒരു ഗ്രാമത്തെ നിർദ്ദേശിച്ചാൽ അതദ്ദേഹത്തിനുപോലും നാണക്കേടും അപമാനകാരവുമല്ലേ ?

1972 ലെ വെള്ളപ്പൊക്കസമയത്ത് കുണ്ടാപ്പാലം തകർന്ന് ഒഴുകിവന്ന മല വെള്ളം ആ വഴിയമ്പലം ജംക്ഷനിലെ ഞാനിരുന്ന മുറക്കാൻ കടയെ പകുതിയോളം മുക്കിക്കളഞ്ഞപ്പോൾ രക്ഷപെടാനാകാതെ കടയിൽ ഒറ്റപ്പെട്ടുപോയ എന്നെ അന്ന് അരയോളം വെള്ളത്തിൽ നീന്തിവന്ന് കട ഒരുവിധം അടച്ച് രക്ഷപെടുത്തിയത് മഞ്ഞാലത്തു മന്മഥൻ പിള്ളയും മേലൂട്ട് ചന്ദ്രൻ എന്നിവരും ചേർന്നായിരുന്നു. അന്ന് രക്ഷപെടാനായി മേടക്കടയുടെ മുകളിൽ നിന്നവരെ പിന്നീട് വടംകെട്ടിയാണ് ക്ഷേത്രാങ്കണത്തിൽ ആളുകൾ എത്തിച്ചത്.

താങ്കളുടെ റേഷൻ കടയിൽ ആളുകൾ സ്വർണ്ണം പണയം വച്ചാണ് റേഷൻ വാങ്ങിയിരുന്നതെന്നും അതെല്ലാം വെള്ളത്തിൽ ഒഴുകിപ്പോയി എന്നതും പുതിയ അറിവാണ്. പവൻ കണക്കിന് സ്വർണ്ണം പിന്നീടാളുകൾ അച്ഛനോട് മടക്കി ചോദിച്ചു എന്ന താങ്കളുടെ പറച്ചിൽ കേട്ട് സത്യത്തിൽ കണ്ണുതള്ളിപ്പോയി.

മേലില ഭദ്രകാളി ക്ഷേത്രത്തിലെ മുടിയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് താങ്കൾ പറഞ്ഞ കാര്യങ്ങൾ തികച്ചും അനവസരത്തിലായിപ്പോയി. യുക്തിവാദികൾ എന്ന് മേനിനടിക്കുന്നവരുടെയും ഈശ്വരവിശ്വാസമില്ല എന്ന് പറഞ്ഞുനടക്കുന്നവരുടെയും പൊയ്‌മുഖങ്ങൾ അഴിഞ്ഞുവീണുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്.

മേലിലായിലെ ഭദ്രകാളി മുടിയെഴുന്നള്ളത്ത് ബാല്യം മുതൽ മനസ്സിൽ പതിഞ്ഞ ഒരു ദിവ്യമായ ആചാരമാണ്. എന്നെപ്പോലെ ആയിരങ്ങൾ അങ്ങനെതന്നെ കരുതുന്നവരാണ്.എൻ്റെ ചെറുപ്പത്തിലൊക്കെ ക്ഷേത്രം പൂജാരി ശ്രീ ശംഖ്‌ കണിയാരാണ് തിരുമുടി തലയിലേറ്റിയിരുന്നത്.

തിരുമുടിക്കനുയോജ്യമായി രൗദ്രഭാവം പൂണ്ട മുഖഭാവത്തോടെ താളാത്മകമായ ചുവടുവായ്പുകളോടെയുള്ള ആ എഴുന്നള്ളത്ത് ഇന്നും മനസ്സിൽ അങ്ങനെ തന്നെയുണ്ട്. ചില വിശ്വാസങ്ങളും ആചാരങ്ങളും അതേപടി അനുവർത്തിക്കാൻ വിശ്വാസികൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിലെ നിഷ്കളങ്കത ഉൾക്കൊള്ളുകയാണ് വേണ്ടത്. സഖാക്കളെല്ലാം അവിശ്വാസികളാണെന്ന് ഞാൻ കരുതുന്നില്ല.

പൂജാരി ശ്രീ ശംഖു കണിയാരുമായി വളരെ അടുത്ത സൗഹൃദമായിരുന്നു എനിക്ക്. കാലത്ത് ക്ഷേത്രം തുറന്നു പൂജകഴിഞ്ഞാലുടൻ അദ്ദേഹം എന്റെ കടയിൽവന്ന് വളരെനേരം എന്നോട് സംസാരിച്ചിരിക്കുമായിരുന്നു. അദ്ദേഹം ഒരു തികഞ്ഞ ഭദ്രകാളീ ഭക്തനായാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.

അതുപോലെ റേഷൻ കടയിൽവച്ച് താങ്കൾക്ക് കത്തിക്കുത്തേറ്റതുമായി ബന്ധപ്പെട്ട് താങ്കൾ പറയുന്നതിന് വ്യത്യസ്തമായി ചിലർ പറയുന്നത് കേട്ടിട്ടുണ്ട്. ഞാനന്ന് നാട്ടിലില്ലാതിരുന്നതിനാൽ അതേപ്പറ്റി ആധികാരികമായി പറയാൻ എനിക്ക് കഴിയില്ല.

താങ്കൾ ലോകമറിയുന്ന ഒരു മാദ്ധ്യമപ്രവർത്തകനാണ്. മേലില എന്ന വളരെ മനോഹരമായ ഒരു ഗ്രാമത്തിൽ നിന്നാണ് താങ്കൾ ഈ ഔന്നത്യത്തിൽ എത്തപ്പെട്ടത്. അതിനുള്ള കാരണം താങ്കളുടെ കഠിനപരിശ്രമം ഒന്നുമാത്രമാണ്. പലരും ഇങ്ങനൊക്കെത്തന്നെയാണ് ഉയരങ്ങളിലെത്തപ്പെട്ടിട്ടുള്ളത്. ഇനിയും താങ്കൾ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്നാണാഗ്രഹം. ഒരപേക്ഷമാത്രം.. ദയവായി ജനിച്ച നാടിനെ കുറഞ്ഞ പക്ഷം ഇതുപോലെ ഇകഴ്ത്താതിരിക്കുക.

താങ്കളുടെ വിശ്വസ്തൻ

പ്രകാശ് നായർ (മണി)

Advertisment