Advertisment

സിൽവർലൈൻ സംബന്ധിച്ച കണക്കുകൾ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല; സിൽവർലൈനിന് ചുവപ്പുകൊടി കാട്ടി കേന്ദ്ര റെയിൽവേ മന്ത്രി; 63,940 കോടി മതിയാവില്ലെന്നും 1.26 ലക്ഷം കോടിയെങ്കിലും വേണ്ടിവരുമെന്നും നീതി ആയോഗും; ചെലവ് കുറച്ചുകാണിച്ച് സിൽവർലൈനിന് അനുമതി നേടാനുള്ള സർക്കാരിന്റെ തന്ത്രം പാളി; സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിക്ക് താഴുവീഴുന്നു !

New Update

publive-image

Advertisment

തിരുവനന്തപുരം: സിൽവർലൈൻ സംബന്ധിച്ച കണക്കുകൾ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി ആവർത്തിച്ച് വ്യക്തമാക്കിയതോടെ, സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയുടെ വഴിയടഞ്ഞിരിക്കുകയാണ്. എന്നാലും പദ്ധതി ഉപേക്ഷിക്കില്ലെന്ന കടുത്ത നിലപാടിലാണ് സർക്കാർ. കേന്ദ്രസർക്കാർ അനുമതി നൽകാതിരിക്കുന്ന പശ്ചാത്തലത്തിൽ, ഭൂമിയേറ്റെടുക്കലിന് 11ജില്ലകളിലും നിയോഗിച്ചിരുന്ന 205 ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചും ഓഫീസുകൾ പൂട്ടിയിട്ടുണ്ട്. ഭൂമിയേറ്റെടുക്കൽ മരവിപ്പിച്ചിരിക്കുകയാണ്.


സിൽവർലൈൻ പദ്ധതി പൂർത്തിയാക്കാൻ കെ-റെയിൽ പറയുന്ന 63,940 കോടി മതിയാവില്ലെന്നും 1.26 ലക്ഷം കോടിയെങ്കിലും വേണ്ടിവരുമെന്നും നീതിആയോഗ് നേരത്തേ വിലയിരുത്തിയിരുന്നതാണ്. 2020ലെ വിപണി വിലയനുസരിച്ച് പദ്ധതി പൂർത്തിയാക്കാനാണ് ഇത്രയും ചെലവ്.


സംസ്ഥാന സർക്കാരുമായി നീതി ആയോഗ് നടത്തിയ ആശയവിനിമയത്തിലാണ് ഇക്കാര്യമുള്ളത്. കിലോമീറ്ററിന് 121 രൂപ ചെലവാണ് ഡിപിആറിലുള്ളത്. എന്നാൽ കിലോമീറ്ററിന് 238 രൂപയെങ്കിലുമാവുമെന്ന് നീതി ആയോഗ് പറയുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നികുതി ഒഴിവാക്കി 49,918 കോടി രൂപ ചെലവാകുമെന്നാണ് ഡിപിആറിലുള്ളത്. എന്നാൽ ഇത് 91,289 കോടി രൂപയാവുമെന്നാണ് നീതിആയോഗ് കണ്ടെത്തിയത്. റൈറ്റ്സ് എന്ന കൺസൽറ്റൻസിയെ ഉപയോഗിച്ച് എസ്റ്റിമേറ്റ് ഓഡിറ്റ് നടത്തി നീതിആയോഗിനെ ചെലവിന്റെ വിവരങ്ങൾ പിന്നീട് ബോദ്ധ്യപ്പെടുത്തിയെന്നാണ് കെ-റെയിൽ പറയുന്നത്. ഇതാണ് റെയിൽവേ മന്ത്രി തള്ളിയിരിക്കുന്നത്.

ബലപ്രയോഗത്തിലൂടെ ഭൂമിയേറ്റെടുത്ത് പിടിവാശിയോടെ നടപ്പാക്കേണ്ടെന്ന ധാരണയിലാണ് റവന്യു ഉദ്യോഗസ്ഥരെ പിൻവലിച്ചത്. എന്നാൽ പദ്ധതി ഉപേക്ഷിച്ചെന്ന് ഉത്തരവിറക്കാൻ സർക്കാർ തയ്യാറല്ലാത്ത സാഹചര്യത്തിൽ സർവേ നടത്താനായി കല്ലിടാൻ തിരഞ്ഞെടുത്ത 955.13ഹെക്ടർ സ്വകാര്യഭൂമിയുടെ കാര്യത്തിലുള്ള ജനങ്ങളുടെ ആശങ്ക ഒഴിഞ്ഞിരുന്നില്ല. കല്ലിടൽ തടഞ്ഞ ആയിരത്തിലേറെ പേർക്കെതിരെയുള്ള ക്രിമിനൽ കേസ് പിൻവലിക്കില്ലെന്ന നിലപാടിലാണ് സർക്കാർ.

197കിലോമീറ്ററിൽ ഏഴായിരത്തോളം മഞ്ഞക്കല്ലുകളാണ് കെ-റെയിൽ സ്ഥാപിച്ചത്. സർവേയും തുടർനടപടികളുമെല്ലാം മരവിപ്പിച്ചിരിക്കുകയാണ്. 9000 പേരുടെ വീടുകളും കടകളും പൊളിക്കണമെന്നും 955.13 ഹെക്ടർ ഭൂമി ഏറ്റെടുക്കണമെന്നും കണക്കുകൂട്ടിയിരുന്നു. 11 ജില്ലകളിലായി 250ലേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസുകൾ പിൻവലിച്ചിരുന്നെങ്കിൽ ജനങ്ങൾക്ക് ആശ്വാസമാവുമായിരുന്നെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിട്ടുപോലും സർക്കാർ വഴങ്ങിയിട്ടില്ല. കേസുകൾ പിൻവലിക്കുന്നത് പരിഗണനയിലില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്.


സിൽവർലൈനിന് ഇന്നല്ലെങ്കിൽ നാളെ അനുമതി തരേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പശ്ചാത്തലസൗകര്യ വികസനത്തിൽ വൻകുതിപ്പുണ്ടാക്കും. ഡി.പി.ആർ റെയിൽവേ മന്ത്രാലയം പരിഗണിക്കുകയാണ്. പ്രധാനമന്ത്രി പദ്ധതിക്കെതിരേ ഒരക്ഷരം പോലും പറഞ്ഞിട്ടില്ല. പദ്ധതി പരിശോധയിലാണെന്നാണ് കേന്ദ്രനിലപാട്.


അനുമതി കിട്ടിയാലുടൻ വേഗത്തിൽ പൂർത്തിയാക്കാനാണ് പ്രാരംഭപ്രവർത്തനം നടത്തിയത്. സാമൂഹ്യാഘാത പഠനത്തിന് അതിർത്തി തിരിച്ച ഭൂമിയുടെ ക്രയവിക്രയത്തിന് നിയമപരമായി തടസമില്ല. ഭൂമി പണയംവച്ച് വായ്പയുമെടുക്കാം. പദ്ധതിപ്രദേശത്ത് കല്ലുകൾ കിടക്കുന്നത് ആർക്കും ദോഷമാവില്ല. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയും, സാമൂഹ്യാഘാത പഠനത്തിനെത്തിയ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണത്തെ തടസപ്പെടുത്തുകയും ചെയ്തതിനെടുത്ത കേസുകൾ പിൻവലിക്കുന്നത് ഇപ്പോൾ പരിഗണനയിലില്ല. എല്ലാ വികസനപദ്ധതികളും പൂർണതയിലെത്തിക്കുകയാണ് സർക്കാർ നിലപാട്. വരും തലമുറയ്ക്കായാണ് പദ്ധതി. ഏതുപദ്ധതി വന്നാലും എതിർക്കുന്ന പ്രത്യേക ചില വിഭാഗങ്ങളുണ്ട്. പദ്ധതി ഉപേക്ഷിക്കുന്നത് ചിന്തിക്കാൻ പോലും കഴിയില്ല.

സിൽവർലൈൻ പദ്ധതി ഉപേക്ഷിട്ടില്ലെന്നും ഉപേക്ഷിക്കാനാവുന്നതല്ലെന്നുമാണ് മുഖ്യമന്ത്രി ആവർത്തിക്കുന്നത്. കേന്ദ്രാനുമതി കിട്ടിയ ശേഷം മറ്റു നടപടികളിലേക്ക് നീങ്ങും. എന്ത് പ്രക്ഷോഭമുണ്ടായാലും നാടിന്റെ താത്പര്യത്തിനെതിരാണെങ്കിൽ സർക്കാർ വഴങ്ങിക്കൊടുക്കില്ല. സർവേയ്ക്കുള്ള റവന്യൂ ഉദ്യോഗസ്ഥരെ കേന്ദ്രാനുമതി ലഭിക്കുന്നതുവരെ മാത്രം മാറ്റി നിയമിച്ചതാണെന്നും അത് പദ്ധതി ഉപേക്ഷിച്ചതിനാൽ അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാരിന്റെ ഈ വാശിക്കിടയിൽ കുടുങ്ങിപ്പോവുന്നത് സാധാരണക്കാരാണ്. കല്ലിട്ട ഭൂമി വിൽക്കുകയോ ഈടുവച്ച് വായ്പയെടുക്കുകയോ അനന്തരാവകാശികൾക്ക് കൈമാറുകയോ ചെയ്യുന്നതിൽ തടസമില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും ഒരുതരം ക്രയവിക്രയവും നടക്കുന്നില്ലെന്നതാണ് സത്യം. സർവേ നടത്തിയെന്ന കാരണത്താൽ വായ്പ നിഷേധിക്കരുതെന്ന് ബാങ്കുകൾക്കും സംഘങ്ങൾക്കും സഹകരണ രജിസ്ട്രാർ നിർദ്ദേശം നൽകി.

ദേശസാത്കൃത ബാങ്കുകൾക്ക് ഇത്തരം നിർദ്ദേശം ബാങ്കേഴ്സ് സമിതിയിൽ നിന്ന് ലഭിച്ചിട്ടില്ല. പദ്ധതി ഉപേക്ഷിച്ച് ഉത്തരവിറങ്ങുംവരെ ഭൂമിയിൽ നിർമ്മാണങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങൾ അനുമതി നൽകാനിടയില്ല. വിജ്ഞാപനം ഭൂമിയേറ്റെടുക്കലിനല്ലായിരുന്നെന്നും സർവേയ്ക്കാണെന്നും പറഞ്ഞ് കൈകഴുകുകയാണ് സർക്കാർ.

Advertisment