Advertisment

മാതാപിതാക്കളെ വൃദ്ധസദനങ്ങളിലാക്കി യുവാക്കൾ യൂറോപ്പിലേക്ക് ഒഴുകുന്നത് തടയാൻ സർക്കാരിന് കഴിയുമോ? മെച്ചപ്പെട്ട തൊഴിലവസരങ്ങളും ജീവിത സൗകര്യങ്ങളും ലഭ്യമാക്കി ഒഴുക്കിന് തടയിടുമെന്ന് ധനമന്ത്രി; യൂറോപ്പിലേക്ക് പറിച്ചുനടുന്നവർ ഇവിടേക്ക് പണം അയയ്ക്കുന്നില്ല, സംസ്ഥാനത്തിന് ഗുണമില്ല ! തൊഴിലെടുക്കാൻ യുവാക്കളില്ലെന്ന് സർക്കാരിന് ആശങ്ക

New Update

publive-image

Advertisment

തിരുവനന്തപുരം: പഠനത്തിനു ശേഷം പൗരത്വവും സ്ഥിരതാമസ അനുമതിയും തേടി യുവാക്കൾ പാശ്ചാത്യ രാജ്യങ്ങളിലേക്ക് ഒഴുകുന്നത് കേരളത്തിന് വലിയ വെല്ലുവിളിയാണ്. ഉന്നതവിദ്യാഭ്യാസത്തിനും തൊഴിലിനുമായി യുവാക്കൾ കൂട്ടത്തോടെ കേരളം വിടുന്നതിന് തടയിടാൻ, മെച്ചപ്പെട്ട തൊഴിലവസരങ്ങളും ജീവിത സൗകര്യങ്ങളും ലഭ്യമാക്കാനാണ് സർക്കാരിന്റെ പദ്ധതി. ഇത് എത്രമാത്രം വിജയിക്കുമെന്ന് കണ്ടറിയണം.

പഠനത്തിനും ചെലവുകൾക്കുമായി മുപ്പതുലക്ഷവും അതിനുമുകളിലും വേണം. നാട്ടിലെ വീടും വസ്തുക്കളും വിറ്റും പണയംവച്ചും വായ്പയെടുത്തുമൊക്കെയാണ് വിദേശത്തേക്കുള്ള ഒഴുക്ക്. പഠനത്തോടൊപ്പം ജോലിചെയ്ത് സമ്പാദിക്കാമെന്നതും ആകർഷണമാണ്. പാശ്ചാത്യരാജ്യങ്ങളിൽ ഉപരിപഠനത്തിനു പോവുന്നതിന്റെ ലക്ഷ്യം അവിടെ സ്ഥിരതാമസമാക്കുകയാണ്. പഠനത്തിന് വിസ എളുപ്പം കിട്ടും. പഠനത്തിനു ശേഷം പൗരത്വം അല്ലെങ്കിൽ സ്ഥിരതാമസാനുമതി ഇതാണ് യുവാക്കളുടെ ലക്ഷ്യം.


ആരോഗ്യം, ശാസ്ത്രഗവേഷണം, ഐ.ടി., എൻജിനിയറിംഗ് തുടങ്ങിയ മേഖലകളിലെ യുവാക്കളുടെ പുറത്തേക്കുപോക്ക് കേരളത്തിന് വലിയ വെല്ലുവിളിയാണ്. വിദേശപഠനവും തുടർന്ന് അവിടെത്തന്നെയുള്ള സ്ഥിരതാമസവും കേരളത്തിന്റെ സാമ്പത്തിക മേഖലയ്ക്കുണ്ടാക്കുന്ന പ്രഹരം വലുതാണ്.


മുൻപ് ബിരുദാനന്തര ബിരുദത്തിന് വിദേശത്ത് പോയിക്കൊണ്ടിരുന്നവർ ഇപ്പോൾ പ്ലസ്ടു കഴിയുമ്പോഴേ നാടുവിടുന്നു. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി വിദേശത്ത് പോകുന്ന യുവാക്കൾ അവിടെത്തന്നെ സ്ഥിരതാമസമാക്കുന്നതിനാൽ തൊഴിലെടുക്കാൻ പര്യാപ്തരായ യുവജനങ്ങൾ കേരളത്തിൽ കുറയുന്നതായി ബജറ്റിൽ പറയുന്നു.

സ്കൂൾ, കോളേജ്, സർവകലാശാലാ തലത്തിൽ വിദ്യാഭ്യാസത്തിനായി സർക്കാർ വൻതുക മുടക്കുന്നു. ഓരോ സ്കൂൾ വിദ്യാർത്ഥിക്കും പ്രതിവർഷം അരലക്ഷം രൂപയോളം സർക്കാർ ചെലവിടുന്നു. ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇതിന്റെ പലമടങ്ങ് ചെലവിടുന്നു. സർക്കാർ വലിയ നിക്ഷേപം നടത്തി പ്രാപ്തരാക്കുന്നവ യുവാക്കളെ നാട്ടിൽ തന്നെ നിലനിറുത്തുമെന്നും തൊഴിലെടുക്കാൻ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കുമെന്നും ബഡ്ജറ്റ് വാഗ്ദാനം ചെയ്യുന്നു.

ആധുനിക തൊഴിലുകളിലേർപ്പെടുന്നവരെ കേരളത്തിന് പുറത്തുനിന്ന് സംസ്ഥാനത്തേക്ക് ആകർഷിക്കും. അതിശൈത്യവും അത്യുഷ്‌ണവുമുള്ള വിദേശരാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി വർഷം മുഴുവൻ സമതുലിതമായ കാലാവസ്ഥയുള്ള കേരളത്തിൽ, മെച്ചപ്പെട്ട തൊഴിലവസരങ്ങളും ജീവിത സൗകര്യങ്ങളും ലഭ്യമാക്കിയാൽ മലയാളി യുവാക്കൾ ജീവിക്കാൻ തിരഞ്ഞെടുക്കുക കേരളത്തെയാവും.

വിജ്ഞാപനത്തെ ഉത്പാദനവുമായി ബന്ധിപ്പിച്ചാൽ സംസ്ഥാനത്തിന്റെ വരുമാനവും കൂടും. നവകേരളം ലക്ഷ്യമിടുന്നത് യുവതലമുറയെ കേരളത്തിൽ തന്നെ നിലനിറുത്താനും അവർക്ക് ആധുനികവും അനുയോജ്യവുമായ തൊഴിലിന് അടിസ്ഥാന സൗകര്യങ്ങളൊരുക്കാനുമാണെന്ന് ധനമന്ത്രി പറഞ്ഞു.

35,000 പേരെങ്കിലും ഉപരിപഠനത്തിനായി വർഷംതോറും കേരളം വിടുന്നു. ആയിരക്കണക്കിന് കോടിരൂപയാണ് അങ്ങനെ വിദേശത്തേക്കൊഴുകുന്നത്. ഉപരിപഠനത്തിനു ശേഷം ഇവർ തിരിച്ചുവരാത്തതിനാലും കുടുംബത്തെക്കൂടി അവിടേക്ക് കൊണ്ടുപോവുന്നതിനാലും യൂറോപ്യൻ കുടിയേറ്റം കേരളത്തിന് ഗുണകരമാവുന്നില്ല. യൂറോപ്പിലേക്ക് പറിച്ചുനടുന്നവരാരും ഇവിടേക്ക് പണം അയയ്ക്കുന്നുമില്ല. പാശ്ചാത്യരാജ്യങ്ങളിലെ സാമൂഹ്യസുരക്ഷയും മികച്ച ജീവിതനിലവാരവുമാണ് യുവാക്കളുടെ ഒഴുക്കിന് കാരണം. ഇതിന് തടയിടാനാണ് സർക്കാർ ശ്രമം.

Advertisment