Advertisment

'ജനങ്ങൾക്കുവേണ്ടി സംസാരിച്ചതിനാണ്, സംസാരിച്ചുകൊണ്ടേയിരിക്കുന്നതിനാണ്, നിങ്ങൾ പക വെച്ച് എന്റെ ശബ്ദത്തെ ഇല്ലായ്മ ചെയ്യുന്നത്! എനിക്ക് മാത്രമല്ല, കെ ആർ നാരായണൻ ഇൻസ്റ്റിറ്റിയൂട്ടിൽ പഠിച്ച പ്രതികരണ ശേഷിയുള്ള ഓരോ വിദ്യാർത്ഥിക്കും പറയാനുണ്ട് ഈ പകവീട്ടലിന്റെ കഥകൾ ! ഞാൻ കൊല്ലപ്പെടുകയാണെങ്കിൽ അതിൻ്റെ പരിപൂർണ ഉത്തരവാദികൾ ഇനി പറയാൻ പോകുന്ന ചില പേരുകൾ ആയിരിക്കും'-ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

കേരള സർക്കാർ വനിതാ സംവിധായകർക്കുവേണ്ടി കെഎസ്എഫ്ഡിസിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സംവിധാന പദ്ധതിയിലേക്ക് തന്റെ പ്രപ്പോസൽ അയച്ചതിനെക്കുറിച്ചും തുടര്‍ന്ന് നടന്ന സംഭവങ്ങളെക്കുറിച്ചും യുവതി എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.

തിരക്കഥാ സമർപ്പണത്തിന് ശേഷം അവസാനഘട്ട ഇന്റർവ്യൂവിലേക്ക് അഞ്ചുപേരിൽ നിന്നും ഷോർട് ലിസ്റ്റ് ചെയ്ത മൂന്ന് പേരുകളില്‍ തന്റെ പേര് ഇല്ലാത്തതിനെക്കുറിച്ചാണ് ലയ ചന്ദ്രലേഖ എന്ന യുവതി വിശദീകരിക്കുന്നത്. അടുത്ത നിമിഷങ്ങളിൽ, മണിക്കൂറുകളിൽ, ദിവസങ്ങളിൽ ഏതെങ്കിലുമൊന്നിൽ താന്‍ ആത്മഹത്യ ചെയ്തുപോയേക്കുമോയെന്ന് വല്ലാതെ ഭീതി തോന്നുന്നുവെന്ന ആമുഖത്തോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

എൻ്റെ പ്രിയപ്പെട്ട മനുഷ്യർക്ക്,

അടുത്ത നിമിഷങ്ങളിൽ, മണിക്കൂറുകളിൽ, ദിവസങ്ങളിൽ ഏതെങ്കിലുമൊന്നിൽ ഞാൻ ആത്മഹത്യ ചെയ്തുപോയേക്കുമോയെന്ന് വല്ലാതെ ഭീതി തോന്നുന്നു. അത്തരത്തിൽ ഞാൻ മരണപ്പെടുകയാണെങ്കിൽ (കൊല്ലപ്പെടുകയാണെങ്കിൽ) ഇതെന്റെ ആത്മഹത്യാക്കുറിപ്പായി കാണണം. ജീവിക്കാനുള്ള, ഇനിയും ബാക്കി നിൽക്കുന്ന അടങ്ങാത്ത കൊതികൊണ്ടാണ് ഒരു അവസാന ശ്രമമെന്നോണം ഇതിവിടെ കുറിക്കുന്നത്. ഞാൻ കൊല്ലപ്പെടുകയാണെങ്കിൽ അതിൻ്റെ പരിപൂർണ ഉത്തരവാദികൾ ഇനി പറയാൻ പോകുന്ന ചില പേരുകൾ ആയിരിക്കും.

കോട്ടയം കെ ആർ നാരായണൻ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും 2016 ബാച്ചിൽ പഠിച്ച് ഡയറക്ഷൻ, സ്ക്രീൻപ്ലേ റൈറ്റിങ് ഡിപ്ലോമ പൂർത്തിയാക്കിയ ഒരാളാണ് ഞാൻ. ഈ കോളേജിൽ നിലനിന്നിരുന്ന പലരുടെയും വിവിധങ്ങളായ മനുഷ്യത്വ വിരുദ്ധ പ്രവർത്തനങ്ങളെപ്പറ്റി കുറച്ചു നാളുകൾക്കു മുന്നേ വരെ വാർത്തകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും നിങ്ങൾ അറിഞ്ഞു കാണുമല്ലോ. ഇങ്ങനെ എത്രയോ ചെയ്തികളിൽ ചിലവ മാത്രമാണ് പുറത്ത് വന്നിട്ടുള്ളത്. കോളേജിൽ പഠിച്ചിരുന്ന കാലം തുടക്കം മുതലേ ഞാൻ അവിടുത്തെ സിസ്റ്റത്തിന്റെ നോട്ടപ്പുള്ളി ആയിരുന്നു.

പല അന്യായങ്ങൾക്കെതിരെയും മുഖം നോക്കാതെ പ്രതികരിച്ചിരുന്നതിനാലാണ് അത്. ഈ പ്രതികരണ ശേഷിയുടെ പേരിൽ കോളേജിൽ നിന്ന് എന്നെ പുറത്താക്കാനുള്ള പല നീക്കങ്ങളും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെങ്കിലും മനോബലം ഒന്നുകൊണ്ട് മാത്രമാണ് അവസാനം വരെയും അവിടെ പൊരുതി പിടിച്ചു നിന്നിട്ടുള്ളത്. ഏറ്റവും അവസാനമായി അധികാരികൾക്ക് എന്നോട് വെറുപ്പ് തോന്നാനുള്ള ഒരു പ്രധാന കാരണം അവിടത്തെ പുറത്താക്കപ്പെട്ട മുൻ ഡയറക്ടർ ശങ്കർ മോഹന്റെ ദലിത് - സ്ത്രീ വിരുദ്ധ വിഷയത്തിൽ ഉള്ള എന്റെ പ്രതികരണമാണ്.

വിദ്യാർത്ഥികളുടെ സ്ട്രൈക്ക് തുടങ്ങുന്നതിന് രണ്ടു ദിവസം മുൻപ് ഇദ്ദേഹത്തെ പുറത്താക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഞാൻ സ്റ്റുഡന്റ്സ് കൗൺസിലിനും സകലമാന HOD മാർക്കും വിശദമായ മെയിൽ അയച്ചിരുന്നു. പത്ത് മിനിറ്റിനകം ശങ്കർ മോഹൻ എന്നെ വ്യക്തിപരമായി വിളിക്കുകയും പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഞാൻ അത് കൂട്ടാക്കിയില്ല. മുന്നേയും നടന്ന പല വിഷയങ്ങളിൽ ഇദ്ദേഹത്തിനെതിരെ സംസാരിച്ച വ്യക്തി എന്ന നിലയിൽ ഇയാൾക്കെന്നോട് കടുത്ത വിരോധമുണ്ട്.

ഈ ബാക്സ്റ്റോറി ഇപ്പോൾ പറഞ്ഞതിന് വ്യക്തമായ കാരണമുണ്ട്.

പ്രതികരിക്കുന്ന വിദ്യാർത്ഥികളോട് ഇയാളടക്കമുള്ള ചില വ്യക്തികളുടെ കരുതിക്കൂട്ടിയുള്ള പകതീർക്കൽ മനോഭാവത്തെക്കുറിച്ച് ഇവിടത്തെ വിദ്യാർത്ഥികൾ തന്നെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ ഞാനിപ്പോൾ വീണ്ടും ഇരയായിരിക്കുന്നുവെന്ന് അങ്ങേയറ്റം വിഷമത്തോടെ തിരിച്ചറിയുന്നു.

2022 - 2023 വർഷത്തിൽ കേരള സർക്കാർ വനിതാ സംവിധായകർക്കുവേണ്ടി KSFDC യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സംവിധാന പദ്ധതിയിലേക്ക് ഞാൻ എന്റെ പ്രപ്പോസൽ അയച്ചിരുന്നു. രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് പേരിൽ എന്റെയും പേര് KSFDC വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഈ സമയത്താണ് കോളേജിൽ നിന്ന് പുറത്താക്കപ്പെട്ട ശങ്കർ മോഹനെ സർക്കാർ KSFDC യുടെ ഏതോ ഉന്നത സ്ഥാനത്ത് നിയമിച്ചിരിക്കുന്ന വിവരം ഞാൻ അറിയുന്നത്.

അവസാനഘട്ട തിരഞ്ഞെടുപ്പിലേക്കായി ഞാനെന്റെ തിരക്കഥ എഴുതാൻ തയ്യാറെടുക്കുന്ന സമയമാണ്. അപ്പോൾത്തന്നെ എന്റെ തലയിൽ റെഡ് സിഗ്നൽ മുഴങ്ങി. എത്ര തന്നെ ക്വാളിറ്റിയിൽ എഴുതിയാലും ഞാൻ ജയിക്കാൻ പോകുന്നില്ലെന്ന ഒരു ഉൾവിളി. പക്ഷെ അങ്ങനെ യാതൊന്നും നേരത്തെ ജഡ്ജ് ചെയ്യേണ്ട എന്ന് തീരുമാനിച്ച് അത്രയും പരിശ്രമിച്ച് ഞാനെന്റെ തിരക്കഥ പൂർത്തിയാക്കി മത്സരത്തിന് അയച്ചു. രണ്ട് ദിവസം മുൻപ് വരെ ഞാൻ ഈ മത്സരത്തിൽ വിജയിക്കുമെന്ന് എനിയ്ക്ക് അത്രയും കോൺഫിഡൻസ് ഉണ്ടായിരുന്നു. അതെന്റെ ആർട്ടിലുള്ള, എഴുത്തിലുള്ള വിശ്വാസത്തെ പ്രതി ആണ്. (വിജയം നമ്മുടെ കഴിവിനെ മാത്രമല്ല ആശ്രയിച്ചിരിക്കുന്നതെന്ന് ഇപ്പോൾ മനസ്സിലാക്കുന്നു.)

തിരക്കഥാ സമർപ്പണത്തിന് ശേഷം അവസാനഘട്ട ഇന്റർവ്യൂവിലേക്ക് അഞ്ചുപേരിൽ നിന്നും ഷോർട് ലിസ്റ്റ് ചെയ്ത മൂന്ന് പേരുടെ പേരുകൾ കഴിഞ്ഞ ദിവസം അറിഞ്ഞിരുന്നു. ഷോർട് ലിസ്റ്റ് ചെയ്ത മൂന്ന് പേർക്ക് ഒഫീഷ്യൽ ആയി KSFDC മെയിൽ അയച്ചിട്ടുണ്ട്. ഇതിൽ എൻ്റെ പേരില്ല. ഞെട്ടലോടെയാണ് ഞാൻ ഈ വിവരം അറിയുന്നത്. തികച്ചും അപ്രതീക്ഷിതമായ ഒന്ന്. അവനവന്റെ കലയെക്കുറിച്ച്, എഴുത്തിനെക്കുറിച്ച് എല്ലാവർക്കുമുണ്ടാകുന്ന 'തൻകുഞ്ഞ് പൊൻകുഞ്ഞ്' ക്ളീഷേ തത്വത്തിന്മേലല്ല ഒരിക്കലും ഞാൻ ഇത് സംസാരിക്കുന്നത്.

ഒരു മത്സരമാകുമ്പോൾ അതിൽ ചില ജയവും തോൽവിയും അനിവാര്യമാണെന്ന സാമാന്യ ബോധവുമുണ്ട്. പക്ഷേ ഗുരുതരമായ വീഴ്ച, അല്ലെങ്കിൽ കരുതിക്കൂട്ടിയുള്ള ഒത്തുകളി വിധി നിർണയത്തിൽ നടന്നുവെന്നും എന്നെ മനഃപ്പൂർവം ഒഴിവാക്കിയെന്നും ഞാൻ വിശ്വസിക്കുന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്.

അവസാനഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഞങ്ങൾ അഞ്ച് പേരും ഓറിയന്റേഷൻ ക്ലാസിനായി തിരുവനന്തപുരത്ത് വന്നപ്പോൾ പരസ്പരം കണ്ടിട്ടുള്ളതും മനസ്സിലാക്കിയിട്ടുള്ളതുമാണ്. ഇതിൽ നിലവിൽ ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ട മൂന്ന് പേരിൽ ഒരാൾ പ്രൊഡക്ഷൻ കൺട്രോളറും മറ്റുമായി ജോലി നോക്കുന്നുണ്ടെന്ന് പറയുന്നു. ഈ ചേച്ചിയോട് വ്യക്തിപരമായി എനിയ്ക്ക് ഒരു വിരോധവുമില്ല.

പക്ഷേ ഏറ്റവും നിലവാരമുള്ള ഒരു തിരക്കഥ സമർപ്പിച്ചു എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. തിരുവനന്തപുരത്ത് വന്നപ്പോഴും ഇവർ അഭിമാനത്തോട് കൂടി സംസാരിച്ച ഇവർ ഡയറക്റ്റ് ചെയ്ത ഷോർട് ഫിലിം ('വലിയ എ' എന്നാണതിന്റെ പേര്) യൂറ്റ്യൂബിൽ ഉണ്ട്. സംശയം ഉള്ളവർക്ക് അത് കണ്ടു നോക്കാം. ഇതിന്റെ ടെക്നിക്കൽ ക്വാളിറ്റിയെയോ സൗന്ദര്യശാസ്ത്രത്തെയോ വിമർശിക്കാൻ ഞാൻ ആരുമല്ല. പക്ഷേ ട്രാൻസ്ജെൻഡേഴ്സിന്റെ കഥ ആണ് ചിത്രം പറയാൻ ശ്രമിക്കുന്നത്. അതിന് ആളുകളെ ആകർഷിക്കാനായി അവർ നൽകിയിരിക്കുന്ന ലോഗ്‌ലൈൻ തന്നെ 'മലയാള ഷോർട് ഫിലിം ചരിത്രത്തിലെ ആദ്യ ഐറ്റം ഡാൻസ് ഇതിലുണ്ട്' എന്നതും! പറയുന്ന രാഷ്ട്രീയത്തിന് നേർ വിപരീതമായ ഒന്ന്! ശരീരത്തെ ഒബ്ജെക്ടിഫൈ ചെയ്യുന്ന ഒന്ന്.

KSFDC തന്നെ അവസാനമായി നിർമ്മിച്ച ശ്രുതി ശരണ്യത്തെപ്പോലെയുള്ള സംവിധായകരുടെ സിനിമ സംസാരിക്കാൻ ശ്രമിക്കുന്ന ശരീര രാഷ്ട്രീയത്തെ പാടേ റദ്ദ് ചെയ്തുകളയുന്ന ഒന്ന്. ഇത്തരത്തിൽ തീരെ ശരിയായ രാഷ്ട്രീയ ബോധ്യമില്ലാത്ത ഒരാളുടെ തിരക്കഥയിൽ എന്ത് ക്വാളിറ്റിയാണ് നിങ്ങൾ അധികമായി കണ്ടിരിക്കുന്നതെന്ന്, സ്ത്രീ സംവരണാർത്ഥം നടക്കുന്ന ഈ മത്സരത്തിൽ വിധികർത്താക്കളായി ഇരുന്ന ആളുകൾ എനിക്ക് പറഞ്ഞു തരണം.

ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ട മറ്റ് രണ്ടുപേരും സിനിമയുടെ ബേസിക് ടെക്നിക്കാലിറ്റിയിലോ സൗന്ദര്യശാസ്ത്രത്തിലോ ഗ്രാഹ്യമില്ലാതെ വിഭിന്ന മേഖലകളിൽ ജോലി നോക്കുന്ന ആളുകളാണ്. അതൊരു തെറ്റോ കുറവോ അല്ല. അങ്ങനെയുള്ളവർക്ക് ജയിച്ചുകൂടെന്നുമല്ല. പക്ഷേ ഇന്ത്യയിലെ മൂന്നാമത്തെ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫിലിം ഡയറക്ഷനിലും സ്ക്രിപ്റ്റ് റൈറ്റിങ്ങിലും വർഷങ്ങൾ നീണ്ടുനിന്ന അക്കാഡമിക് ഡിപ്ലോമ പൂർത്തിയാക്കുകയും ഈ മേഖലയിൽ പ്രവൃത്തി പരിചയം ഉണ്ടായിരിക്കുകയും ചെയ്യുന്ന ഒരു മത്സരാർത്ഥിക്കാണ് അത്ര പോലും യോഗ്യത ഇല്ല എന്ന് നിങ്ങൾ പറയുന്നത്! അപ്പോൾ വിധിനിർണയത്തിൽ എന്തായിരുന്നു നിങ്ങളുടെ യഥാർത്ഥ മാനദണ്ഡം എന്ന് ഞാൻ ആശ്ചര്യപ്പെടുന്നു.

ഈ തീരുമാനത്തിന് പിന്നിൽ ഞാനിവിടെ സിനിമ ചെയ്യരുതെന്ന്, സംസാരിക്കരുതെന്ന് ചിലരുടെ വ്യക്തമായ അജണ്ടയുണ്ടെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.

എത്രതന്നെ വിധികർത്താക്കളുടെ തീരുമാനമാണ്, നല്ലത് ചീത്ത എന്നതൊക്കെ സബ്ജക്റ്റിവ് ആണെന്ന് പറഞ്ഞാലും കോമൺ സെൻസുള്ള ആളുകളാണല്ലോ നമ്മൾ. ചാണകമല്ലല്ലോ തിന്നുന്നത്! (ചാണകം തിന്നുന്ന ആളുകൾ അവിടെയുണ്ടോയെന്ന് എനിക്കറിയില്ല.) വിധികർത്താക്കൾ തീർച്ചയായും അത്രയും വലിയ പ്രൊഫഷണൽസ് ആണെന്നിരിക്കെ അവർക്ക് ഇത്തരം പ്രിഫെറെൻസുകളിൽ എത്രത്തോളം വ്യത്യാസപ്പെടാനാവും?

എന്റെ സ്ക്രിപ്റ്റ് ഏറ്റവും പുറകോട്ട് പോവാനായി വിധികർത്താക്കൾ പറയുന്ന മാനദണ്ഡം, കാരണം, എന്താണെന്ന് അറിയിക്കാമോയെന്ന് ഫിലിം ഓഫീസറായ ശംഭു പുരുഷോത്തമനോട് ഞാൻ അഭ്യർത്ഥിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു. "അത് പറഞ്ഞു തരാൻ ഞങ്ങൾ ബാധ്യസ്ഥരല്ല. അങ്ങനെ പറഞ്ഞു തരുമെന്നൊന്നും ഒരിടത്തും പറഞ്ഞിട്ടില്ല. വിധി കർത്താക്കളുടെ തീരുമാനം അന്തിമമാണെന്ന് നിങ്ങൾ ഒപ്പിട്ട് തന്നത് കൈയിലുണ്ട്. ഇത്തരത്തിലുള്ള പ്രതിഷേധത്തെയൊന്നും ഒരു കാരണവശാലും എൻകറേജ് ചെയ്യില്ല. പോയി കേസ് കൊടുത്തോളൂ.."

ഈ പറഞ്ഞതിൽ ഒരു വരിപോലും ഞാൻ അധികമായി കൂട്ടിച്ചേർത്തിട്ടില്ല, എഡിറ്റ്‌ ചെയ്തിട്ടില്ല.

കാരണം ബോധിപ്പിക്കാൻ സൗകര്യമില്ലെന്ന് നിങ്ങൾ എങ്ങനെയാണ് പറയുക, സർ? ഇത് ആരുടേയും വീട്ടിൽ നിന്നും എടുത്ത് തരുന്ന പണമല്ലല്ലോ. സർക്കാരിന്റെ പണമാണ്. പാവപ്പെട്ട ജനങ്ങളുടെ നികുതിപ്പണം. ആ ജനങ്ങൾക്കുവേണ്ടി സംസാരിച്ചതിനാണ്, സംസാരിച്ചുകൊണ്ടേയിരിക്കുന്നതിനാണ്, നിങ്ങൾ പക വെച്ച് എന്റെ ശബ്ദത്തെ ഇല്ലായ്മ ചെയ്യുന്നത്! എനിക്ക് മാത്രമല്ല, കെ ആർ നാരായണൻ ഇൻസ്റ്റിറ്റിയൂട്ടിൽ പഠിച്ച പ്രതികരണ ശേഷിയുള്ള ഓരോ വിദ്യാർത്ഥിക്കും പറയാനുണ്ട് ഈ പകവീട്ടലിന്റെ കഥകൾ. അവർ നൽകിയ അഭിമുഖങ്ങൾ ഒന്നെടുത്ത് കണ്ടാൽ മതി.

വിധികർത്താക്കളുടെ നിർണയം അന്തിമമായിരിക്കും എന്ന് ഞങ്ങളെക്കൊണ്ട് ഒപ്പിട്ട് വാങ്ങിക്കുന്നത് ഇവരുടെ ഇരട്ടത്താപ്പാണ്. വിധി നിർണയം നടത്തുന്നവർ എന്ത് കൊള്ളരുതായ്മയും അഴിമതിയും കാണിച്ചാലും അതിനെ ചോദ്യം ചെയ്യില്ല എന്ന് ഈ സമ്മതപത്രത്തിന് അർത്ഥമില്ല. ക്വാളിറ്റിയാണ് മത്സരത്തിന്റെ മാനദണ്ഡം എന്നാണു നിങ്ങൾ പറഞ്ഞിരിക്കുന്നത്, എഴുതിയ വ്യക്തി നിങ്ങൾക്ക് പ്രിയപ്പെട്ടയാളാണോ അല്ലയോ എന്നതല്ല എന്ന് തിരിച്ച് ചോദിക്കുന്നു.

ഞാൻ എന്റെ സ്ക്രിപ്റ്റ് ഇത്തരത്തിൽ തഴയപ്പെടാനുള്ള സാധ്യതകളെക്കുറിച്ച് ആലോചിച്ചപ്പോൾ രണ്ട് കാര്യങ്ങൾ മനസ്സിലേക്ക് വന്നു. ഒന്നാമത്തേത് തീർച്ചയായും ഞാൻ മുന്നേ മെൻഷൻ ചെയ്തപോലെ ശങ്കർ മോഹൻ, അല്ലെങ്കിൽ ഞാൻ ജയിക്കരുതെന്ന് നിഗൂഢ ലക്ഷ്യമുള്ള മറ്റാരോ ഏതോ വിധത്തിൽ വിധി നിർണയത്തെ സ്വാധീനിച്ചിട്ടുണ്ട് എന്നതാണ്. രണ്ടാമത്തേത് എന്റെ സിനിമ വിവാദപരമായ ചില പ്ലോട്ടുകൾ ചർച്ച ചെയ്യുന്നു എന്നതും. പക്ഷേ ഇതിൽ രണ്ടാമത്തേതിന് ഞാൻ ഒരു സാധ്യതയും കാണുന്നില്ല.

ഫിലിം ഓഫീസർ ആയ ശംഭു പുരുഷോത്തമൻ തന്നെ, വിവാദപരമായ ആശയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ KSFDC യ്ക്ക് യാതൊരു വിമുഖതയും ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, ഇവരുടെ പ്രൊഡക്ഷനിൽ സ്ത്രീ - ദളിത് സംവിധായകരുടേതായി മുന്നേ പുറത്തുവന്ന സിനിമകളും അത് തന്നെയാണ് തെളിയിക്കുന്നത്.

അപ്പോൾപ്പിന്നെ എത്രതന്നെ ക്വാളിറ്റി ഉള്ള കണ്ടന്റ് വെച്ചാലും ഞാൻ ഈ മത്സരത്തിൽ വിജയിക്കരുത് എന്ന് മറ്റാരോ നേരത്തേതന്നെ തീരുമാനമെടുത്തിരിക്കുന്നുവെന്ന് എനിക്ക് മനസ്സിലായി. അത് ശങ്കർ മോഹൻ ആണെന്ന് ഉറപ്പിച്ചു പറയാൻ എന്റെ കൈയിൽ തെളിവുകളില്ല. അയാളാണെന്ന് ചിന്തിക്കാൻ, കടന്നു വന്നിട്ടുള്ള വിദ്യാർത്ഥി ജീവിതത്തിലെ ദുരനുഭവങ്ങൾ കൊണ്ട് ഒരു വലിയ ശതമാനം സാധ്യത ഞാൻ കാണുന്നുണ്ട് എന്നാണ് പറയുന്നത്. തൊണ്ണൂറ് ശതമാനത്തിൽ അധികം.

സർക്കാർ സംരംഭത്തിൽ നടക്കുന്ന ഇത്തരത്തിലൊരു പ്രോജെക്റ്റിൽ ആരൊക്കെയോ ചേർന്ന് ഒത്തുകളിച്ചിട്ടുണ്ടെന്ന് ഒരു മത്‌സരാർത്ഥി ഉറപ്പിച്ചു പറയുമ്പോൾ അത് അന്വേഷിക്കാനുള്ള കടമ ഇവിടത്തെ മാധ്യമങ്ങൾക്കും നീതിന്യായ വ്യവസ്ഥയ്ക്കും ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ശങ്കർ മോഹൻ എന്ന വ്യക്തി വിധി നിർണയത്തിന്റെ ഭാഗമായിരുന്നില്ലെന്ന് സിസ്റ്റത്തെ താങ്ങിക്കൊണ്ട് നടക്കുന്ന അനുയായികൾ തർക്കിച്ചേക്കാം. അതിന്റെ ആവശ്യവുമില്ലല്ലോ.

‘ഉന്നതകുലജാത’നായ ശങ്കർ മോഹൻ എന്നെ തീർക്കണമെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിൽ അയാൾക്ക് വിധി നിർണയത്തിൽ നേരിട്ട് ഇടപെടേണ്ട കാര്യമൊന്നുമില്ലല്ലോ സർ, ആ പാനലിൽ അംഗമാവേണ്ട കാര്യമില്ലല്ലോ, ഒന്ന് വിരൽ ഞൊടിച്ചാൽ മതിയാവുമല്ലോ! ആരെയാണ് നിങ്ങൾ വിഡ്ഢികളാക്കാൻ നോക്കുന്നത്? ദളിത് സ്ത്രീകളെ ചൂഷണം ചെയ്തിട്ട് മീഡിയയ്ക്ക് മുന്നിൽ വന്നിരുന്ന് 'അവരെല്ലാം എന്റെ സഹോദരിമാരാണ്' എന്ന് ഉളുപ്പില്ലാതെ പറഞ്ഞ അതേ കപട നിഷ്കളങ്കതയോടെ ഒരാൾക്ക് ഇതും നിഷേധിക്കാൻ കഴിയും എന്നെനിക്കറിയാം. പക്ഷേ ഞാനെന്റെ വാദത്തിൽ ഉറച്ചു നിൽക്കുന്നു. വിധി നിർണയത്തിൽ ശങ്കർ മോഹനോ, ഞാൻ ജയിക്കരുത് എന്ന് വ്യക്തമായ അജണ്ടയുള്ള മറ്റാരോ ഇടപെട്ടിട്ടുണ്ട്, ഒത്തുകളി നടന്നിട്ടുണ്ട്.

ഇങ്ങനെ പറയാൻ മറ്റൊരു പ്രധാന കാരണം, സബ്മിഷൻ ദിവസം സ്ക്രിപ്റ്റ് ഓഫീസിൽ നൽകി പോരുന്ന സമയത്തടക്കം KSFDC അധികൃതരുടെ നിരുത്തരവാദിത്തപരമായ നടപടിയെ ഞാൻ ചോദ്യം ചെയ്തിരുന്നു എന്നതാണ്. സബ്‌മിഷന്റെ അവസാന ദിവസത്തിൽ ഒരുപാട് ആളുകൾ വരുമെന്ന് അറിഞ്ഞിട്ടും അവിടെ ഉത്തരവാദിത്തപ്പെട്ട ആരും - ഫിലിം ഓഫീസർ അടക്കം - ഇല്ലാതിരുന്നതിനെ ഞാൻ നിശിതമായി വിമർശിച്ചു. തപാലിലെ ഏതോ രണ്ട് ഓഫീസേഴ്സിന്റെ കൈയിൽ സ്ക്രിപ്റ്റ് നൽകി പൊയ്ക്കോളാനാണ് ഞങ്ങളോട് പറഞ്ഞത്. അവർക്കാണെങ്കിൽ അതിനെക്കുറിച്ചൊന്നും യാതൊരു ധാരണയും ഉണ്ടായിരുന്നില്ല.

സംശയങ്ങൾ ചോദിക്കുമ്പോൾ 'എന്ത്..? ഏത്..? അതെന്തൊന്ന്..?' എന്നൊക്കെ തിരിച്ചിങ്ങോട്ട് ചോദിക്കുകയാണ്! എന്തോ ഒരു നാലക്ക നമ്പർ മാത്രം പറഞ്ഞു തരും. സ്ക്രിപ്റ്റ് കിട്ടി എന്നതിനെ സംബന്ധിച്ച ഒഫീഷ്യൽ ആയ ഒരു അറിയിപ്പും ഞങ്ങൾക്ക് നൽകുന്നില്ല. നാളെ അവർക്ക് വേണമെങ്കിൽ ഞങ്ങൾ സ്ക്രിപ്റ്റ് സബ്മിറ്റ് ചെയ്തിട്ടില്ല എന്നുവരെ വാദിക്കാം! തിരിച്ചു വാദിക്കാൻ എന്ത് പ്രൂഫാണ് ഞങ്ങളുടെ കൈയിൽ ഉള്ളത്, ഈ നാലക്ക നമ്പറോ ?! ആ നമ്പർ പോലും വെറുതേ വാ കൊണ്ട് പറഞ്ഞു തരികയാണ് ചെയ്യുന്നത്.

ഗവണ്മെന്റ് വളരെ ഗൗരവമായി നടപ്പിലാക്കുന്ന ഒരു പദ്ധതിയെ സമീപിക്കേണ്ടത് ഇത്രയും നിരുത്തരവാദിത്തപരമായല്ലെന്ന് ഞാൻ പറഞ്ഞു. ശേഷം നിവൃത്തികേടുകൊണ്ട് സ്ക്രിപ്റ്റ് നൽകി യാതൊരു വിലയും ഇല്ലാത്ത നമ്പറും വാങ്ങി അവിടെനിന്നും ഇറങ്ങുകയും ചെയ്യേണ്ടി വന്നു. എന്റെ ഈ ചോദ്യം ചെയ്യലടക്കമുള്ള പെരുമാറ്റങ്ങൾ അവരെ നന്നായി ചൊടിപ്പിച്ചിട്ടുണ്ടെന്നും വിധിനിർണയത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും ഞാൻ പൂർണമായി വിശ്വസിക്കുന്നു. എന്റെ എഴുത്തിന്റെ മൂല്യമല്ല, ഞാൻ എന്ന വ്യക്തിയുടെ പ്രതികരണശേഷിയാണ് അളക്കപ്പെട്ടത് എന്ന്.

ഇവളെ മുന്നോട്ട് കയറ്റിവിട്ടാൽ അത് നമ്മൾക്ക് തന്നെ തലവേദനയാകും എന്ന ചിന്ത. പോകെപ്പോകെ പല അന്യായങ്ങളും കളവുകളും ചോദ്യം ചെയ്യപ്പെട്ടേക്കും എന്ന തിരിച്ചറിവ്. അവരെന്നെ അത്രമേൽ അനായാസമായി ഇറുത്ത് ദൂരെയെറിയുകയായിരുന്നു..

ജീവിതത്തിന്റെ ഏറ്റവും മോശം ഘട്ടത്തിൽ ഇരുന്നുകൊണ്ട് ആങ്സൈറ്റിക്കും ഡിപ്രഷനും ഇടയിൽ എന്നെത്തന്നെ പിച്ചിച്ചീന്തി 'തോൽക്കില്ല, തോൽക്കില്ല, നിനക്കിത് കഴിയുമെന്ന്' എന്റെ തന്നെ ചങ്കിൽത്തട്ടി എഴുതി തീർത്തതാണ്. സിനിമ മാത്രമേ ഉള്ളൂ എനിക്ക്. എൻ്റെ ആർട്ട് മാത്രമേ ഉള്ളൂ. അതാണെന്റെ ജീവനും ജീവിതവും. നിങ്ങൾ എനിക്കെന്റെ ആർട്ട് നിഷേധിക്കുമ്പോൾ എന്റെ ജീവിതം കൂടെയാണ് നിഷേധിക്കുന്നത്. എന്നോട് 'പോയി ചാവെടീ' എന്നാണ് പരോക്ഷമായി നിങ്ങൾ ആവശ്യപ്പെടുന്നത്. ഇത് ഒന്നിന്റെയും അവസാനമല്ലലോ എന്ന് ചിന്തിക്കാം.

പക്ഷേ ഞാൻ പറഞ്ഞല്ലോ, ജീവിതത്തിൽ ആദ്യമായി നേരിടുന്ന നീതി നിഷേധമല്ല ഇത്. ഇതിപ്പോൾ കുറേയായി. ഒന്നിനു പിറകേ ഒന്നെന്ന രീതിയിൽ. ഇവരെന്നെ ഇവിടെ ജീവിക്കാൻ അനുവദിക്കില്ലെന്ന് എനിക്ക് തോന്നുന്നു. നിരന്തരമായി ഇനിയും വേട്ടയാടപ്പെടുമെന്ന്. പിടിച്ചു നിൽക്കാൻ കഴിയുന്നില്ല. അതിനുള്ള മാനസികാരോഗ്യം പാടേ നഷ്ടപ്പെട്ടിരിക്കുന്നു..

സർക്കാർ ഞാനടക്കമുള്ള സ്ത്രീകൾക്ക് നൽകിയിരിക്കുന്ന ഒരു പൊതു ഇടത്തിൽ നിന്ന്, യോഗ്യതയുണ്ടായിട്ടും നിസ്സാരമായി എന്നെ വിലക്കാൻ ഈ കൂട്ടർക്ക് കഴിയുന്നുണ്ടെങ്കിൽ, നാളെ ഞാൻ ഫണ്ടിനായി സ്വകാര്യ വ്യക്തിഇടങ്ങളിലേക്ക് ചെല്ലുന്നേരം എന്നെ തേച്ചു മായ്ച്ചുകളയാൻ അവർക്ക് എത്ര കേവലനിമിഷം വേണ്ടിവരും?!

ആരോടാണ് ഈ അനീതി വിളിച്ചു പറയേണ്ടത്? സർക്കാരാണ് ദളിതരെ, സ്ത്രീകളെ ചൂഷണം ചെയ്ത ശങ്കർ മോഹനെ ദളിതർക്കും സ്ത്രീകൾക്കും സംവരണം നൽകുന്ന പദ്ധതികൾ നടപ്പാക്കുന്ന KSFDC യിൽ കൊണ്ട് കുടിയിരുത്തിയിരിക്കുന്നത്. ആ സർക്കാരിനോടാണോ ഞാനും എന്നെപ്പോലെയുള്ളവരും നീതി ചോദിക്കേണ്ടത്?

ഈ ഒരു തീരുമാനത്തിലേക്കെത്തിയ വിധികർത്താക്കളെ, KSFDC ഉദ്യോഗസ്ഥരെ ഞാൻ പരസ്യമായി വെല്ലുവിളിക്കുന്നു.

ലഭിച്ച എന്റേതടക്കമുള്ള അഞ്ച് തിരക്കഥകൾ പൊതുസമൂഹത്തിലേക്ക് തുറന്നുവെച്ച് 'കൃത്രിമത്വം നടന്നോ എന്ന് നിങ്ങൾ പരിശോധിക്കൂ, ഏറ്റവും മികച്ചതിനെ നിങ്ങൾ കണ്ടെത്തൂ' എന്ന് പറയാനുള്ള ആർജ്ജവം നിങ്ങൾക്കുണ്ടോ? രാഷ്ട്രീയമായി ശരിയായ വിധത്തിൽ ചിന്തിക്കുകയും എഴുതുകയും ചെയ്യുന്ന എത്രയോ സിനിമാ പ്രവർത്തകർ ഇവിടെയുണ്ട്. അവരുടെ ഇടയിലേക്ക്?

കവർ പേജിലുള്ള എന്റെയും മറ്റുള്ളവരുടെയും പേരുകൾ ചീന്തിക്കളഞ്ഞോളൂ. തിരക്കഥകൾ മാത്രം അവർക്ക് നൽകൂ. അവർ തീരുമാനമെടുക്കട്ടെ. തിരഞ്ഞെടുക്കപ്പെടുന്ന ഒന്നാമത്തെ തിരക്കഥ എന്റേതായിരിക്കുമെന്ന് ആത്മവിശ്വാസത്തോടെ ഞാൻ പറയുന്നു. അവർക്കത് നൽകാനുള്ള ധൈര്യം ഉണ്ടോ എന്ന് നിങ്ങളാണ് പറയേണ്ടത്.

നിങ്ങളത് ചെയ്യില്ല എന്നെനിക്ക് നന്നായറിയാം. കാരണം, എന്നെ മാത്രമല്ല, പ്രതികരണ ശേഷിയുള്ള ഒരുപാടൊരുപാട് പേരെ ഇവിടെ ഇല്ലായ്മ ചെയ്യേണ്ടത് നിങ്ങൾ ചൂഷകരുടെ നിലനിൽപ്പിന്റെ ആവശ്യമാണല്ലോ. അത് ചെയ്യാത്ത പക്ഷം 'രാജാവ് നാഗനാണേ..' എന്നുയരുന്ന ചില ആക്രോശളിൽ നിങ്ങളുടെ സിംഹാസനങ്ങൾ വിറയ്ക്കാൻ തുടങ്ങും.

മനസ്സിലാക്കേണ്ടത്, 'എന്റെ സ്ക്രിപ്റ്റിന്' സെലക്ഷൻ കിട്ടാത്തതിലുള്ള പ്രതിഷേധമല്ല ഇത് എന്നുള്ളതാണ്. ജനങ്ങളുടെ ഫണ്ട് ഉപയോഗിച്ചുള്ള ഈ മത്സരത്തിന്റെ നാലാം സീസൺ സെലെക്ഷൻ പ്രോസസിൽ അഴിമതി നടക്കുന്നു എന്ന തിരിച്ചറിവിൽ നിന്നാണെന്റെ പ്രതിഷേധം. ഇനിയെത്ര പരിശ്രമിച്ചാലും കഴിവിനപ്പുറം, മികവിനപ്പുറം, ഇത് ഞാനായതു കൊണ്ട് മാത്രം അവസരങ്ങൾ നിഷേധിക്കപ്പെടും എന്ന തിരിച്ചറിവിൽ നിന്നാണെന്റെ പ്രതിഷേധം. നിലവാരം പുലർത്തുന്ന ഏത് തിരക്കഥ ആയാലും അതായിരിക്കേണം ജയിക്കേണ്ടത് എന്ന് ഞാൻ വിശ്വസിക്കുന്നു.

ഞാൻ വെച്ച സ്ക്രിപ്റ്റിനെക്കാൾ നിലവാരം മറ്റൊരാളുടേതിന് ഉണ്ടെങ്കിൽ അത്രയും ബഹുമാനത്തോടെ ഞാൻ ആ വിധിയെയും അവരുടെ ആർട്ടിനെയും ആദരിച്ച് മാറി നിൽക്കാൻ ഒരുക്കമാണ്. പ്രത്യേകിച്ച് സഹ മത്സരാർത്ഥികൾ സ്ത്രീകൾ കൂടെയാകുമ്പോൾ. അവരോടെനിക്ക് സഹാനുഭൂതി കൂടുതലുണ്ട്. എന്നാൽ വിധിനിർണയം വ്യക്ത്യാധിഷ്ഠിതമാണെങ്കിൽ അത് അംഗീകരിച്ചു തരാൻ ബുദ്ധിമുട്ടാവും.

ലീഗലി മൂവ് ചെയ്യാനുള്ള സാമ്പത്തിക ശേഷിയോ മാനസികാരോഗ്യമോ എനിക്കില്ല. പതിനൊന്ന് രൂപയാണ് ഇത് എഴുതുമ്പോഴുള്ള എന്റെ ബാങ്ക് ബാലൻസ്. ബാഗിന്റെ അറയിൽ ഇരുപതോളം വരുന്ന ചില്ലറപ്പൈസ കൂടി കണ്ടേക്കും. വക്കീലിന് കൊടുക്കാനുള്ള വലിയ ആയിരങ്ങൾക്ക് ഞാനെന്റെ കിഡ്നിയോ, അവശേഷിക്കുന്ന ചോരയോ വിൽക്കാൻ തയ്യാറാണ്; നീതി ലഭിക്കുമെന്നുറപ്പുണ്ടെങ്കിൽ, എനിയ്ക്കിവിടെ സമാധാനത്തോടെ ഒരു സിനിമ ചെയ്യാൻ കഴിയുമെങ്കിൽ. അത് തരാൻ കഴിയുമെന്ന് ഇവിടത്തെ നീതിന്യായ വ്യവസ്ഥയ്ക്ക് ഉറപ്പു നൽകാൻ കഴിയുമോ?

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പണമാണ്, പദവിയാണ്, കുടുംബമഹിമയാണ്, ലിംഗമാണ് ഇവിടെ ഭരിക്കുന്നത്.

അതുകൊണ്ടാണ് ഞാൻ പറഞ്ഞത്, ഇങ്ങനെയൊരു ഇടത്ത് ജീവിച്ചിരിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ടെന്ന്.

നാളെ ഞാൻ ആത്മഹത്യ ചെയ്യുകയാണെങ്കിൽ അതൊരിക്കലും എന്റെ ഒളിച്ചോട്ടമായിരിക്കില്ല. ഈ നശിച്ച സിസ്റ്റത്തോടുള്ള എൻ്റെ പ്രതിഷേധത്തിന്റെ മറ്റൊരു മുഖമായിരിക്കുമത്. ഒരിക്കലും ഉണരാത്ത ഉറക്കം. അതാണെന്റെ പ്രതിഷേധം. 'ഉണർന്നിരിക്കുന്നതിനാണല്ലോ' നിങ്ങൾ എന്നെ മാറ്റിനിർത്തുന്നത്.

ചില കാര്യങ്ങൾ സംസാരിക്കുന്നതിന്, പ്രതിഷേധിക്കുന്നതിന്, എപ്പോഴും ഈ നാടിന് ഒരു രക്തസാക്ഷിയെ വേണം എന്ന് എനിയ്ക്ക് തോന്നുന്നു.

എല്ലാ രക്തസാക്ഷിത്വത്തിനും പക്ഷെ ഒരു എക്സ്പെയറി ഡേറ്റ് ഉണ്ട്. രണ്ടുമാസം. കൂടിപ്പോയാൽ രണ്ട് വർഷം. അതാണ്‌ ഒരു ജീവന്റെ വില! അത് കഴിയുമ്പോൾ പുതിയൊരാളെ സിസ്റ്റം ആവശ്യപ്പെടും. സൂപ്പർമാർക്കറ്റിൽ വാങ്ങാൻ കിട്ടുന്ന സോപ്പുപൊടിയോ വെളിച്ചെണ്ണയോ പോലെ ഒരു അസംസ്കൃത വസ്തു മാത്രമായിരിക്കുന്നു ഇവിടെ രക്തസാക്ഷിത്വം.

ജീവിക്കണമെന്ന ആഗ്രഹം (ഒരു കലാകാരിയായി, യഥാർത്ഥ മനുഷ്യനായി ജീവിക്കണമെന്നത്) ഇപ്പോഴും ബാക്കി നിൽക്കുന്നതുകൊണ്ടാണ് ഞാനിത് വിറയ്ക്കുന്ന കൈകളോടെ ടൈപ്പ് ചെയ്യുന്നത്. പ്രതീക്ഷയുടെ ഒരു ചെറിയ കിരണത്തിനു വേണ്ടി. 'നീ ചാവില്ലെന്ന് ഞങ്ങക്കറിയാമെടീ, നിന്റെ അടവല്ലേടീ' എന്ന് പറഞ്ഞ് ഇന്ബോക്സിലേക്കും മറ്റും ഒളിഞ്ഞും തെളിഞ്ഞും എത്തുന്ന എത്തുന്ന ആക്ഷേപങ്ങളുടെ ശബ്ദം ഞാൻ ഇപ്പോഴേ കേൾക്കായ്കയല്ല. ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ഉള്ള ഒരുത്തിയാണ് ഞാൻ.

അവനവനെത്തന്നെ മുറിപ്പെടുത്താനുള്ള ചിന്ത ഏറ്റവുമധികം വന്നുകൂടുന്ന ഒരു മാനസികാവസ്ഥ. തുടരെത്തുടരെ അനീതികളും അടിച്ചമർത്തലും ഏറ്റുവാങ്ങിയിരിക്കുന്ന അവസ്ഥയിൽ ഏത് നിമിഷവും കൈ വിട്ട് പോയേക്കാവുന്ന നൂൽപ്പാലത്തിലൂടെ നടക്കുന്നതുപോലെയാണ് എനിക്ക് തോന്നുന്നത്. അടുക്കളയിൽ കയറി പച്ചക്കറികൾ അരിയാൻ പേടി തോന്നുന്നു. ടൈപ്പ് ചെയ്യുന്നതിനിടെ മുകളിലെ സീലിംഗ് ഫാനിലേക്ക് അറിയാതെ നോട്ടം പോകുമ്പോൾ പൊടുന്നനെ സ്വയം പിൻവലിക്കുന്നു.. എന്തിനാണ് നിങ്ങളെന്നെ ഈ അവസ്ഥയിലേക്ക് തള്ളി വിട്ടത്?

ഈ വിധി എനിയ്ക്ക് നൽകിയവരോടാണ്, KSFDC യിലെ മുഴുവൻ ഉദ്യോഗസ്ഥരോടുമാണ് -

Go on..

Torture me

Burn me alive

But you can't kill my Words.

അതിവിടെ ഉണ്ടാവും. ഞാൻ പോയാലും, ആരൊക്കെ പോയാലും, നിങ്ങളെ സദാ ഭയപ്പെടുത്തിക്കൊണ്ട്.

- ലയ ചന്ദ്രലേഖ

Advertisment