Advertisment

സുന്ദരൻ നെടുമ്പിള്ളിയുടെ ശബ്ദത്തിലൂടെ വി. സാംബശിവന്റെ 'ആയിഷ' പുനർജ്ജനിയ്ക്കുന്നു ;  ജൂലൈ 4 - കാഥികചക്രവർത്തിയുടെ തൊണ്ണൂറ്റിനാലാം ജന്മദിനവാർഷികം

author-image
ജൂലി
New Update

publive-image

പെരുമ്പാവൂർ: ജീവിതവീക്ഷണങ്ങളുടെ കരുത്തുചോരാതെയും താനുന്നയിക്കുവാനുദ്ദേശിക്കുന്ന സാമൂഹിക അസമത്വങ്ങൾക്കുനേരെയുള്ള ചാട്ടുളിയുടെ മൂർച്ചകുറയാതെയും പ്രമേയങ്ങളിലും ഭാഷയിലും മിതത്വവും സൗകുമാര്യവും നിറച്ച് മലയാളത്തിന്റെ സ്വന്തം വയാലാർ എഴുതിയ കഥാഖ്യാനകാവ്യങ്ങളിൽ ഏറെ പ്രസിദ്ധമായതാണ് 'ആയിഷ'. മുസ്ലീം സമുദായങ്ങള്‍ക്കിടയില്‍ പഴയകാലത്ത് നിലനിന്നിരുന്ന അനാചാരത്തെ ആയിഷ എന്ന കുട്ടിയിലൂടെ വരച്ചുകാട്ടുകയാണ് അദ്ദേഹം ഈ കവിതയിൽ ചെയ്തത്. ആ കവിത കേരളക്കരയാകെ പ്രകമ്പനം കൊള്ളിച്ചു.

Advertisment

ആയിഷയെ കേരളമാകെ എത്തിച്ചത് കഥാപ്രസംഗലോകത്തെ അത്ഭുതപ്രതിഭയായിരുന്ന അന്തരിച്ച വി. സാംബശിവനാണ്. അയത്നലളിതമായ ഭാഷയിൽ ലോകസാഹിത്യത്തിലെ പല ഇതിഹാസകഥാപാത്രങ്ങളെയും നമ്മുടെ അയൽപക്കവീട്ടിലെ പെൺകുട്ടിയും കൂട്ടുകാരുമൊക്കെയാക്കി രംഗത്തവതരിപ്പിച്ച് കൈയ്യടിനേടിയ സാംബശിവൻ അരനൂറ്റാണ്ടിനിടയിൽ അറുപതോളം കഥകള്‍, 15000 ത്തിലധികം വേദികളിൽ അവതരിപ്പിച്ചു.

1929 ജൂലൈ 4ന് കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗം നടുവത്തുചേരി മേലൂട്ട് വേലായുധന്റെയും ശാരദയുടെയും ആദ്യ പുത്രനായി ജനിച്ച സാംബശിവന്റെ ജീവിതകഥയ്ക്ക് അന്ത്യമായത് 1996 ഏപ്രിൽ 25നാണ്. ലോക ക്ലാസ്സിക് കൃതികൾ ഉത്സവവേദികളിൽ സരസമായി അവതരിപ്പിച്ച് പണ്ഡിതന്റെയും പാമരന്റെയും കൈയ്യടി നേടിയ ജനകീയനായിരുന്ന സാംബന്റെ 'ആയിഷ'യെ വേദിയിൽ പുനരവതരിപ്പിയ്ക്കാൻ ഒരുങ്ങുകയാണ് അദ്ദേഹത്തിന്റെ കടുത്ത ആരാധകൻ കൂടിയായ കൂവപ്പടി കൂടാലപ്പാട് സ്വദേശി, കാഥികൻ സുന്ദരൻ നെടുമ്പിള്ളി. സാംബശിവന്റെ തൊണ്ണൂറ്റിനാലാമത് ജന്മദിനമായ ജൂലൈ 4 ചൊവ്വാഴ്ച വൈകിട്ട് 7ന് തൊടുപുഴ മുതലക്കോടം ജയ്‌ഹിന്ദ്‌ ലൈബ്രറി ഹാളിലാണ് വായനശാലാപ്രവർത്തകരുടെ ആവശ്യപ്രകാരം സുന്ദരൻ കഥ പറയുന്നത്.

publive-image

വായനാപക്ഷാചരണത്തിന്റെ ഭാഗമായി ലൈബ്രറി സംഘടിപ്പിച്ചിരിക്കുന്ന സാംബശിവൻ അനുസ്മരണ സമ്മേളനത്തിലാണ് 'ആയിഷ' പുനരവതരിപ്പിയ്ക്കപ്പെടുന്നത്. കഥാപ്രസംഗകലാസപര്യയുടെ മുപ്പത്തിയാറാം വർഷത്തിലേയ്ക്കു കടന്ന 61 വയസ്സുള്ള സുന്ദരൻ നെടുമ്പിള്ളി സ്‌കൂൾപഠനകാലം മുതൽ വിലക്കഥാമേള കലാകാരനായി അമ്പലപ്പറമ്പുകളിൽ സജീവമായിരുന്നു. പിന്നീടാണ് കഥാപ്രസംഗരംഗത്തേയ്ക്കു വരുന്നത്. പ്രശസ്ത കാഥികൻ അന്തരിച്ച ചേർത്തല ബാലചന്ദ്രനാണ് സുന്ദരന്റെ കഥാപ്രസംഗരംഗത്തെ മാനസഗുരു. ഗുരുപർവ്വം, ഞാൻ ഭീമപുത്രൻ, മാക്കം മഹാദേവി, ശ്രീകൃഷ്ണകർണ്ണാമൃതം തുടങ്ങി 23-ഓളം വ്യത്യസ്തകഥകൾ അറുന്നൂറില്പരം വേദികളിൽ അവതരിപ്പിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്.

ആകാശവാണി കൊച്ചി എഫ്. എം. നിലയത്തിലൂടെ കഥാപ്രസംഗ ശ്രോതാക്കൾക്ക് പരിചിതശബ്ദമാണ് ഇദ്ദേഹത്തിന്റേത്. കഥാപ്രസംഗരംഗത്ത് അരങ്ങുവാണ ചക്രവർത്തിയായ സാംബശിവൻ സാറിനുള്ള ഗുരുദക്ഷിണയായാണ് 'ആയിഷ' പുനരാവിഷ്ക്കരിച്ച് അവതരിപ്പിക്കുന്നത്. കഥാപ്രസംഗത്തിനുള്ള അരങ്ങുകൾ കുറഞ്ഞതോടെ കുലത്തൊഴിലായ മരപ്പണി ചെയ്താണ് ഇപ്പോൾ സുന്ദരന്റെ ഉപജീവനം. കഥാപ്രസംഗത്തിനായി പുതിയൊരു കഥ രൂപപ്പെടുത്തി ഗാനങ്ങളെഴുതി ചിട്ടപ്പെടുത്തി സംവിധാനം ചെയ്ത് ആദ്യ വേദിയിലെത്തുമ്പോഴേയ്ക്കും റിഹേഴ്‌സലിനടക്കം ശരാശരി 80,000 രൂപയിലധികം ചെലവുവരുമെന്നും കഥാപ്രസംഗം കേൾക്കാൻ ആളില്ലാതായതോടെയും വേദികൾ കിട്ടാതായതോടെയും പലർക്കും വരുമാനമില്ലതായി.

നിരവധി കാഥികർ രംഗം വിട്ടൊഴിഞ്ഞുപോയതായി സുന്ദരൻ നെടുമ്പിള്ളി പറഞ്ഞു. സ്‌കൂൾ യുവജനോത്സവങ്ങൾക്കായി കുട്ടികൾക്ക് കഥാപ്രസംഗപരിശീലനം നൽകാൻ വിളിക്കാറുണ്ട്. സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചവരിൽ ഇദ്ദേഹത്തിന്റെ ശിഷ്യരും ഉണ്ട്. കലാകാരന്മാർക്കുള്ള സർക്കാരിന്റെ ക്ഷേമനിധിയും കേരളസംഗീത നാടക അക്കാദമിയുടെ ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷയും കിട്ടുന്നുണ്ട്. പെരുമ്പാവൂർ ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ കലാ, സാംസ്‌കാരിക ഇടപെടലുകളിൽ ഇന്നും സജീവസാന്നിധ്യമായി നിലകൊള്ളുന്ന ചുരുക്കം പേരിൽ ഒരാളാണ് സുന്ദരൻ നെടുമ്പിള്ളി.

കഥാപ്രസംഗം അന്യം നിന്നുകൊണ്ടിരിയ്ക്കുന്ന ഒരു കലയായി മാറിയതിലും അതുമൂലം അവസരങ്ങൾ ഇല്ലാതെയാകുന്നതിലും പരിതപിയ്ക്കുകയാണ് സുന്ദരനോടൊപ്പമുള്ള കലാകാരന്മാരെല്ലാവരും. സജീവൻ മഴുവന്നൂർ (ഹാർമോണിയം), നടേശൻ പട്ടിമറ്റം (തബല), വിജയൻ പട്ടിമറ്റം (റിഥം പാഡ്), തങ്കപ്പൻ നെല്ലിക്കുഴി (ടൈമർ) എന്നിവരാണ് 'ആയിഷ'യ്ക്കുവേണ്ടി പക്കമേളമൊരുക്കുന്നത്. ഷീബയാണ് സുന്ദരന്റെ ഭാര്യ. രണ്ടു പെണ്മക്കൾ: ചിഞ്ചുവും ചന്ദനയും.

Advertisment