Advertisment

രാജുവും സീനയും പ്രണയബദ്ധരാണ്. രജിസ്റ്റർ വിവാഹം ചെയ്യുവാനുള്ള നടപടിക്രമങ്ങൾ അറിയില്ല? നടപടിക്രമങ്ങൾ ഇവയൊക്കൊ...

New Update

publive-image

Advertisment

സ്പെഷ്യല്‍ മാര്യേജ് ആക്ട്, അനുസരിച്ച് സ്ത്രീയോ പുരുഷനോ അവരുടെ പരിധിയിലുള്ള സബ് രജിസ്ട്രാര്‍ ഓഫീസില്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കണം. വിവാഹത്തിൽ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോയെന്ന് ആരാഞ്ഞ് സബ് ജിസ്ട്രാര്‍ ഓഫീസില്‍ ഒരു നോട്ടീസ് പതിക്കും.

മുപ്പതുദിവസം കഴിഞ്ഞ് തിരിച്ചറിയുവാനും വയസ്സ് തെളിയിക്കുവാനുമുള്ള രേഖകളുമായി നേരിട്ട് ഹാജരായി സാക്ഷികളുടെ സാന്നിധ്യത്തില്‍ മാത്രമേ ആര്‍ക്കും വിവാഹിതരാകാന്‍ കഴിയുള്ളു.

30 ദിവസത്തിനകം വിവാഹത്തിന് ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ ബോധിപ്പിക്കാം. എന്നാല്‍ അടിസ്ഥാനമില്ലാത്ത തര്‍ക്കം അരെങ്കിലും ഉന്നയിച്ചു തടസ്സപ്പെടുത്താൻ ശ്രമിച്ചാൽ അവരില്‍നിന്ന് പിഴ ഈടാക്കും.

ആര്‍ക്കൊക്കെ ഈ നിയമപ്രകാരം വിവാഹിതരാകാം?

പ്രത്യേക വിവാഹ നിയമത്തിന്റെ വകുപ്പ് 4 പ്രകാരം, 21 വയസ്സു കഴിഞ്ഞ പുരുഷനും 18 വയസ്സ് കഴിഞ്ഞ സ്ത്രീക്കും ഈ നിയമപ്രകാരം വിവാഹിതരാകാന്‍ കഴിയും. ഇരുകക്ഷിയും അവിവാഹിതരോ വിവാഹമോചനം നേടിയവരോ പങ്കാളി മരണപ്പെട്ടവരോ ആകണം. കൂടാതെ നിരോധിതബന്ധത്തിന്റെ പരിധിയില്‍ പെടുന്നവരും ആകരുത്. വിവാഹജീവിതത്തിനു കഴിയാത്ത തരത്തിലുള്ള മാനസികരോഗികളും ആകരുത്.

എന്താണ് രജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍?

സ്പെഷ്യല്‍ മാര്യേജ് ആക്ട് അനുസരിച്ച് വിവാഹിതരാകാന്‍ ഉദ്ദേശിക്കുന്ന ഇരുകക്ഷിയും നിര്‍ദിഷ്ട അപേക്ഷാഫോമില്‍ വിവാഹരജിസ്ട്രാര്‍ മുമ്പാകെ അപേക്ഷ നല്‍കണം. ഏതെങ്കിലും ഒരു കക്ഷി സ്ഥിരമായി താമസിക്കുന്ന (30 ദിവസമെങ്കിലും തുടർച്ചയായി) സ്ഥലത്തെ വിവാഹ ഓഫീസര്‍ (സബ്രജിസ്ട്രാര്‍/ ജില്ലാ രജിസ്ട്രാർ ) മുമ്പാകെ വേണം അപേക്ഷ നല്‍കേണ്ടത്. പ്രായം, വിലാസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം വയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന സബ് രജിസ്ട്രാര്‍ നല്‍കുന്ന രസീത് സൂക്ഷിച്ചുവയ്ക്കേണ്ടതാണ്. 110 രൂപ അപേക്ഷ ഫീസ് കൊടുക്കേണ്ടതാണ്. വിവാഹത്തിനുള്ള അപേക്ഷ നല്‍കി 30 ദിവസത്തിനുശേഷം 90 ദിവസത്തിനുള്ളില്‍ ഏതൊരു ദിവസവും കക്ഷികളുടെ ഇഷ്ടപ്രകാരം വിവാഹം രജിസ്റ്റര്‍ചെയ്യാവുന്നതാണ്. പരസ്പരം സ്വീകരിക്കുന്നതായുള്ള പ്രതിജ്ഞ വിവാഹിതരാകുന്നവര്‍ എടുക്കേണ്ടതാണ്. രജിസ്ട്രാര്‍ ഓഫീസിലുള്ള വിവാഹസര്‍ട്ടിഫിക്കറ്റ് ബുക്കില്‍ ഇരുകക്ഷിയും, മൂന്നു സാക്ഷികളും ഒപ്പിട്ട് നടപടി പൂര്‍ത്തിയാക്കുന്നു.

ഇതുപ്രകാരം കിട്ടുന്ന വിവാഹ സര്‍ട്ടിഫിക്കറ്റ് ഒരു പ്രധാന രേഖയാണ്. സബ്രജിസ്ട്രാറുടെ ഓഫീസില്‍വച്ചോ നിശ്ചിത ഫീസടച്ചാല്‍ മറ്റേതെങ്കിലും സ്ഥലത്തുവച്ചോ കക്ഷികളുടെ താല്‍പ്പര്യം പോലെ വിവാഹം നടത്താം. ഇതിനായി നിശ്ചിതഫീസ് നല്‍കി അപേക്ഷിച്ചാല്‍ നേരിട്ട് ഓഫീസ് പരിധിയിലുള്ള വീട്ടിലോ ഓഡിറ്റോറിയത്തിലോ വന്ന് വിവാഹ ഓഫീസര്‍ വിവാഹം രജിസ്റ്റര്‍ ചെയ്തുതരും. ഇന്ത്യന്‍ പൗരത്വം ഇല്ലാത്ത വിദേശിയെ ഇന്ത്യയില്‍വച്ച് ഈ നിയമപ്രകാരം വിവാഹം ചെയ്യുന്നതിൽ തടസ്സമില്ല. വിദേശത്തേക്കു പോകുന്നവര്‍ക്ക് മത-ജാതി സ്ഥാപനങ്ങളില്‍നിന്നു ലഭിക്കുന്ന വിവാഹസര്‍ട്ടിഫിക്കറ്റ് അംഗീകൃതരേഖയായി ഉപയോഗിക്കാന്‍ സാധ്യമല്ല. അത്തരം ആവശ്യമുള്ളവര്‍ക്ക് ഈ നിയമപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ജാതി-സമുദായ ഭേദമന്യേ ഏതു വ്യക്തിക്കും ഇതുപ്രകാരം വിവാഹിതരാകാം.

Advertisment