Advertisment

എങ്ങനെ കൂട്ടിക്കിഴിച്ചാലും നോക്കിയാലും ബിജെപി -സിപിഐ എം നിലപാട് ഒരേ നോട്ടീസിൽ എഴുതി ആരെങ്കിലും ഒരാൾ ഒപ്പിട്ടാൽ മതി എന്ന നിലപാടിലും സമീപനത്തിലുമാണ് ഇപ്പോൾ കാര്യങ്ങൾ നടക്കുന്നത്. നിലപാടും സമീപനവും സുതാര്യമാവണം - ലേഖനം 

author-image
ജൂലി
New Update

publive-image

Advertisment

നിലപാടുകൾ, കാഴ്ചപ്പാടുകൾ, സമീപനങ്ങൾ ഓരോ മനുഷ്യനിലും രൂപപ്പെടേണ്ട പ്രധാന കാര്യമാണ്. കൃത്യമായ നിലപാടും കാഴ്ചപ്പാടുമുള്ളവർക്ക് എതിരാളികളും വിയോജിപ്പുള്ളവരുമുണ്ടാവും. നിലപാടിലും കാഴ്ചപ്പാടിലും തീവ്രവും തീക്ഷ്ണവുമാവാം. പക്ഷെ, സമീപനത്തിൽ മിതവും എളിമയും ലാളിത്യവും വേണം. കാഴ്ചപ്പാടുകളും നിലപാടുകളും സ്വീകരിക്കുമ്പോൾ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഉൾക്കൊള്ളണം. നിങ്ങളുടെ നിലപാടുകൾ ആരാലെങ്കിലും സ്വാധീനിക്കപ്പെടുന്നുണ്ടെങ്കിൽ പ്രത്യേകിച്ച് സൂക്ഷ്മത പുലർത്തേണ്ടതുണ്ട്.

നിലപാടുകൾ രൂപപ്പെടുത്തുമ്പോൾ സംസ്കാരത്തിന് അഭേദ്യമായ ബന്ധമുണ്ട്.

രാഷ്ട്രീയ,സാമൂഹിക, മതകീയ സംഘടനകളുടെ വക്താക്കളാവുമ്പോൾ നിങ്ങളുടെ നിലപാടുകൾക്ക് സംഘടനയുടെയും അതിലുപരി രാജ്യത്തിന്റെയും സംസ്കാരത്തെ ഉൾക്കൊള്ളേണ്ടതുണ്ട്.

സംസ്കാരം ഒരാളിൽ നിന്നും മാത്രം രൂപപ്പെടുന്നതല്ല. ഒരുപാട് പേരുടെ ചിന്തകളും നിലപാടുകളും സമീപനങ്ങളും സമാനമാവുമ്പോഴാണ് ഒരു സംസ്കാരം രൂപപ്പെടുന്നത്. ഒരു വ്യെക്തിക്ക് മാത്രമുള്ളത് അഭിപ്രായം മാത്രമാണ്. അത് ചിലപ്പോൾ നാട് അംഗീകരിച്ചതായിരിക്കില്ല.

നിലപാടുള്ളവർക്ക് വിയോജിപ്പുള്ളവരുണ്ടെന്നു സൂചിപ്പിച്ചത് പോലെ ശക്തമായ നിലപാടിലുറച്ചു നിൽക്കാതെ അഴകുഴപ്പൻ നിലപാടും കാഴ്ചപ്പാടും സ്വീകരിക്കുന്നവർ എല്ലാവരാലും ചിലപ്പോൾ പ്രിയപ്പെട്ടവരായിരിക്കാം. നമ്മുടെ നിലപാടുകൾ മറ്റുള്ളവരുടെ പ്രീതിക്കും ചിന്തക്കും വേണ്ടി ഇല്ലാതാക്കേണ്ടതില്ല. മറിച്ചു മറ്റുള്ളവരുടെ ബഹുമാനം പിടിച്ച് പറ്റാവുന്ന സമീപനങ്ങളിലൂടെ നിലപാടുകളെ സുശക്തമാക്കണം. അതിന് നമ്മുടെ നിലപാടിനോട് വിയോജിപ്പുള്ളവരോട് ബഹുമാനവും സഹിഷ്ണുതയും കാണിക്കണം.

അവരെ വിയോജിപ്പുള്ള നിലപാടിന്റെ പേരിൽ ശത്രുവായി കണക്കാക്കുകയല്ല വേണ്ടത്.

മാനുഷിക ബന്ധങ്ങൾ ശക്തമാക്കി നിലപാടുകളിലും കാഴ്ചപ്പാടുകളിലും വിഭിന്നതയുണ്ടെങ്കിലും തുടരുമ്പോഴാണ് എല്ലാവരുടെ ശരികളും നാടിന്റെ നന്മക്ക് വേണ്ടി മാത്രമാവുകയുള്ളു.

നിലപാട് സുദൃഢവും സമീപനം നിലപാടിന് നേർ വിപരീതവുമായാൽ അതിനുള്ള പേരാണ് കപട നിലപാട്. എങ്കിൽ ഇന്ന് ഏറ്റവും കൂടുതൽ സംഭവിച്ചുക്കൊണ്ടിരിക്കുന്നതും സ്വീകരിച്ചുകൊണ്ടിരിക്കുന്നതും ഈ കപട നിലപാടുകളെയാണ്. വിശിഷ്യാ, രാഷ്ട്രീയ മേഖലയിലാണ് കപട നിലപാടിന്റെ ആധിക്യം ധാരാളമായി കണ്ടുവരുന്നത്‌.എത്രയെത്ര തെളിവുകളും അനുഭവങ്ങളുമാണ് ഏറ്റവുമടുത്ത കാലത്ത് അനുഭവിച്ച കപട നിലപാടിന്റെ അനന്തരങ്ങൾ.

സി എ എ ഈ രാജ്യത്ത് ഭീഷണി മുഴക്കിയപ്പോൾ കേരളത്തിൽ വാ തോരാതെ മുസ്ലിം സമുദായക്കാരുടെ സംരക്ഷണ ദൗത്യം ഏറ്റെടുത്തു വീണ്ടും ഭരണത്തിൽ കയറിയ പിണറായി വിജയന്റെ രണ്ടാം സർക്കാർ സി എ എ സമരക്കാർക്കെതിരെ എടുത്ത കേസ് കപട രാഷ്ട്രീയ നിലപാടിന്റെ പ്രഥമ ഉദാഹരണമാണ്.ഇതിന്റെ പേരിൽ ഒരു കേസും എടുക്കില്ലെന്ന് ഉറപ്പ് നൽകിയ പിണറായി സർക്കാർ എങ്ങനെ പിന്നെ ഈ നിലപാട് സ്വീകരിച്ചു എന്നതാണ് ചോദ്യം. 20 രൂപാ ചലഞ്ചുമായി കേരളത്തിലെ യുവജന സംഘടന അതിശക്തമായി പിണറായി സർക്കാരിന്റെ വഞ്ചനാപരമായ ഈ സമീപനത്തിനെതിരെ അതിശക്തമായി വ്യത്യസ്തമായ രീതിയിൽ പ്രതിഷേധിച്ചത് കപട രാഷ്ട്രീയ നിലപാടിനുള്ള താക്കീത് കൂടിയായിരുന്നു.

പകൽ വെളിച്ചത്തിലെ നിലപാടല്ല അരണ്ട വെളിച്ചത്തിലുള്ള സമീപനമെന്നത് ആവർത്തിച്ചു തെളിയുക്കന്നതിനുള്ള പ്രധാന തെളിവാണ് കോവിഡ് കാലത്ത് കുരങ്ങനുള്ള ഭക്ഷണം പോലും കൊടുത്തത് അറിയുന്ന പിണറായി മുഖ്യമന്ത്രി മരംമുറി കേസിലും സി എ എ പ്രതിഷേധക്കാരെ കേസെടുക്കുന്നതിലുമൊന്നും അറിയുന്നില്ല എന്ന് പറഞ്ഞത്.യഥാർത്ഥത്തിൽ കള്ളന്റെ കയ്യിൽ താക്കോൽ കൊടുത്തതിന്റെ അവസ്ഥ പോലെയാണ്. കേരളം ഏറ്റവുമടുത്തു ചർച്ചകൾ ചെയ്ത കപട രാഷ്ട്രീയ നിലപാടിന്റെ പ്രധാന ഇരകളാണ് അലനും ത്വാഹയുമെന്ന രണ്ട് പാവം യുവാക്കൾ."അവർ ചായ കുടിക്കാൻ പോയതൊന്നുമല്ലല്ലോ" എന്ന് പരിഹസിച്ച പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടെ മനോഗതിയിൽ തെളിയുന്ന ചിത്രവും ചിന്തയും വ്യക്തമായിരുന്നു.

ഇരുവർക്കും ജാമ്യം നിഷേധിച്ചുകൊണ്ട് അവരെയൊന്നുകൂടി പ്രയാസപ്പെടുത്തിയത് കപട നിലപാടിന്റെ സ്വയം ഉരുക്കിത്തീർത്തു ശക്തിപ്പെടുത്തിയ സമീപനം. അങ്ങനെ ഏത് വിഷയത്തിലെടുത്താലും പിണറായി സർക്കാരിന്റെ കപട നിലപാടിന്റെ "സ്തുതിഗീതങ്ങൾ" മാത്രമേ ആലപിക്കാൻ കഴിയുന്നുള്ളൂ എന്നതാണ് അവസ്ഥ.എണ്ണ വില കത്തി ഉയരുമ്പോഴും "കേരളവും കുറച്ചു" എന്ന് പാർട്ടി പത്രത്തിൽ ആദ്യ പേജിൽ നൽകി അനുയായികൾക്ക് ക്യാപ്സ്യൂൾ നൽകി പറ്റിക്കാൻ മാത്രമേ സാധിക്കൂ. എന്നിട്ട് അതിനെതിരെ സമരം ചെയ്യുന്നവരെ ആക്ഷേപിക്കുകയും എണ്ണ വില കൂടുന്നതിനോട് മൗനസന്തോഷം പങ്കിടുകയും ഏതെങ്കിലും സെലിബ്രിറ്റികൾ ഇതിനെതിരെ എന്തെങ്കിലും പേക്കൂത്തു കാണിച്ചാൽ പിന്നെ പത്ര സമ്മേളനവും വിളിച്ച് സമരക്കാരെ അധിക്ഷേപിച്ചു "ഏട്ടാ ഞാൻ ഒന്നും നിങ്ങൾക്കെതിരെ പറഞ്ഞിട്ടില്ലാട്ടോ" എന്ന് കോട്ടിട്ട മോദിയോടുള്ള അനുഭാവം പുലർത്തി ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ "മഹിമ" വിളിച്ചോതി പിണറായി സർക്കാർ മാത്രമാണ് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ സർവ്വ ശക്തികളും എന്ന് കാട്ടിക്കൂട്ടുന്നതിന്റെ പേരും കപട രാഷ്ട്രീയ നിലപാടും എന്നാണ്.

തിയേറ്ററുകൾ കാണാതെ പോയ പല സിനിമകളും ചില സത്യങ്ങൾ നിങ്ങൾക്ക് നേരെ വിരൽ ചൂണ്ടുന്നു എന്ന യാഥാർഥ്യംകൊണ്ടാണ് എന്ന് പറഞ്ഞാൽ അത് "അസഹിഷ്ണുത". കപട നിലപാടും സമീപനവും രണ്ടാം പിണറായി സർക്കാർ വീണ്ടും അധികാരത്തിലെത്തിയപ്പോൾ മറ നീക്കി പുറത്തു വന്നുകൊണ്ടിരിക്കുന്നു. വഖ്ഫ് ബോർഡ് നിയമനങ്ങൾ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കാൻ പി എസ് സിക്ക് വിടുമ്പോൾ ദേവസ്വം നിയമനങ്ങളും പി എസ് സിക്ക് എന്ന് പിണറായി സർക്കാർ പറഞ്ഞിരുന്നു. ഇപ്പോൾ വഖ്ഫ് ബോർഡ് മാത്രം പി എസ് സിക്ക് വിട്ട് കൃത്യമായ അന്തർധാര ബിജെപിക്കും സിപിഎമ്മിനുമിടയിൽ നടക്കുന്നു എന്ന് വ്യക്തമാക്കി നൽകി.ആദ്യമേ ദേവസ്വം ബോർഡിന്റെ കാര്യം പറഞ്ഞില്ലായിരുന്നെങ്കിൽ ഈ വിഷയം വേറെ രീതിയിൽ ഉരുത്തിരിയുമായിരുന്നു. പക്ഷെ,വർഗ്ഗീയത ഞങ്ങളുടെ അജണ്ടയല്ലാ എന്ന് ഘോരം നിലപാടുകൾ പ്രസ്താവിക്കുകയും പിന്നീട് വർഗ്ഗീയ വിഷയങ്ങൾ ഉടലെടുക്കാൻ അജണ്ടയുടെ ഭാഗമായി അരണ്ട വെളിച്ചത്തിൽ പറഞ്ഞതിന് നേർ വിപരീതം സമീപനം സ്വീകരിക്കുമ്പോൾ കപട രാഷ്ട്രീയ നിലപാടിന്റെ ശക്തി പകൽ വെളിച്ചംപോലെ സുതാര്യമാണ്.

കേരളത്തിലെ ഒരു മാധ്യമ പ്രവർത്തകൻ അന്യായമായി ഉത്തരേന്ത്യൻ ജയിലുകളിൽ ക്രൂര പീഡനം അനുഭവിക്കുമ്പോൾ അദ്ദേഹത്തിന്റെ മോചനത്തിനായി കേരളം സോഷ്യൽ മീഡിയയിലും പുറത്തും ഹാഷ് ടാഗും വെച്ചു മുറവിളി കൂട്ടിയപ്പോഴാണ് ഒരു കത്ത് മുഖ്യമന്ത്രിയുടെ ഭാഗത്ത്‌ നിന്നും പോയത് സിദ്ദീഖ് കാപ്പൻ എന്ന വ്യെക്തിയുടെ കാര്യത്തിൽ തുടക്കത്തിൽ കാണിക്കുന്ന കപട നിലപാടിന്റെ പ്രകടമായ തെളിവായിരുന്നു. ഈ നിയമസഭയുടെ അവസാനം വരെ നിരന്തരം സിദ്ദീഖ് കാപ്പൻ മോചന വിഷയത്തിലെ കാര്യങ്ങൾ കൂടുതൽ ചർച്ച ചെയ്യാൻ ഒരു എം എൽ എ നിരന്തരം സ്പീക്കർ ഓഫീസുമായും മറ്റും ശ്രമിച്ചപ്പോഴും സബ്മിഷൻ എടുത്തില്ല എന്ന് മാത്രമല്ലാ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അനുമതി ലഭിച്ചില്ല എന്ന മറുപടി നിലപാടുകളുടെ ഉള്ളടക്കവും സമീപനങ്ങളിലെ കപടതയും കേരളീയ ജനതക്ക് പരിപൂർണ്ണമായും വ്യക്തമാവുന്നതാണ്.

എങ്ങനെ കൂട്ടിക്കിഴിച്ചാലും നോക്കിയാലും ബിജെപി -സിപിഐ എം നിലപാട് ഒരേ നോട്ടീസിൽ എഴുതി ആരെങ്കിലും ഒരാൾ ഒപ്പിട്ടാൽ മതി എന്ന നിലപാടിലും സമീപനത്തിലുമാണ് ഇപ്പോൾ കാര്യങ്ങൾ നടക്കുന്നത്. കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്ന സിപി ഐ എം കുതന്ത്രം എന്നും അവരുടെ കുത്തകയാണ്.യഥാർത്ഥത്തിൽ ഇപ്പോഴാണ് സിപിഐ എം നിലപാടും സമീപനവും പൊരുത്തപ്പെടുന്നതും സുതാര്യമാവുന്നതും.കാരണം, ഇത്രയും കാലം പറയുന്നതൊന്നും പ്രവർത്തിക്കുന്നത് വേറെയുമായിരുന്നു. ഇപ്പോൾ എല്ലാം ബിജെപിക്ക് വേണ്ടി ചെയ്യുമ്പോഴാണ് ഇരുകൂട്ടരുടേയും നിലപാടും സമീപനവും സുതാര്യമായത്.ഇനിയെത്ര നാൾ പിണറായി സർക്കാർ ബിജെപി ഭരണത്തിന് പരവതാനി വിരിക്കും എന്നതുകൂടി മാത്രമേ തെളിയാനുള്ളു. യഥാർത്ഥത്തിൽ അതിന്റെ പണി പണിപ്പുരയിൽ സജീവമാണ് എന്നത് അങ്ങാടിപ്പാട്ടുമാണ്. കപടതയുടെ മുഖംമൂടി എത്ര നാൾ അണിഞ്ഞാലും അത് ഒരു നാൾ അത് പിച്ചിചീന്തപ്പെടും എന്നുറപ്പ്.

Advertisment