Advertisment

ഡിജിറ്റല്‍ ഇടുക്കി : ബാങ്കിങ് ഇടപാടുകള്‍ സമ്പൂര്‍ണ ഡിജിറ്റലിലേക്ക്; ലോഗോ പ്രകാശംനം ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിച്ചു

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

ജില്ലയിലെ ബാങ്കിങ് ഇടപാടുകള്‍ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റുവാന്‍ ലക്ഷ്യമിട്ടുള്ള ക്യാമ്പയിന്‍ ഡീന്‍ കുര്യാക്കോസ് എംപി ലോഗോ പ്രകാശനം നിര്‍വഹിച്ച് ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ പണമിടപാടുകളുടെ വിപുലീകരണവും ശാക്തീകരണവും കൈവരിക്കുവാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന പദ്ധതിയ്ക്കാണ് തുടക്കം കുറിച്ചത്. ജനപ്രതിനിധികളുടെയും റിസര്‍വ് ബാങ്കിന്റെയും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെയും നബാര്‍ഡിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍, ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ബാങ്കുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സംഘടനകളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.

സംസ്ഥാന സര്‍ക്കാര്‍ ഇടപാടുകള്‍ ഓഗസ്റ്റ് 15 ഓടെ സമ്പൂര്‍ണമായും ഡിജിറ്റല്‍ ആകുന്നതിന്റെ ഭാഗമായാണ് ബാങ്കുകളും ഇടപാടുകള്‍ 100% ഡിജിറ്റലാക്കുവാന്‍ ഉദ്ദേശിക്കുന്നത്. 2020 ല്‍ തൃശ്ശൂരും 2021 ല്‍ കോട്ടയവും ലക്ഷദ്വീപും 100 ശതമാനം ഡിജിറ്റല്‍ നേട്ടം കൈവരിച്ചിരുന്നു. ബാക്കി എല്ലാ ജില്ലകളിലും ഓഗസ്റ്റ് 15 ഓടെ ബാങ്കിടപാടുകള്‍ നൂറ് ശതമാനം ഡിജിറ്റലാകണം എന്നതാണ് ബാങ്കുകള്‍ ലക്ഷ്യമിടുന്നത്. നിലവിലുള്ള സേവിങ്സ്, കറന്റ് അക്കൗണ്ട് ഉപഭോക്താക്കള്‍ ഏതെങ്കിലും ഡിജിറ്റല്‍ മാധ്യമം വഴി ബാങ്കിടപാടുകള്‍ നടത്തുവാനുള്ള പദ്ധതിയാണ് ഇത്.

എ ടി എം, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, യു പി ഐ, ഭീം ക്യൂആര്‍ കോഡ്, എ ഇ പി എസ്, ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, യു പി ഐ 123 പേ തുടങ്ങിയ ഏതെങ്കിലും ഡിജിറ്റല്‍ സംവിധാനം ഉപയോഗിച്ച് കറന്‍സി രഹിത ഇടപാടുകളിലേക്കു ജനങ്ങളെ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. എല്ലാ വിഭാഗം ജനങ്ങളെയും സുരക്ഷിതമായി ഡിജിറ്റല്‍ ബാങ്ക് മാധ്യമങ്ങള്‍ ഉപയോഗിക്കുവാന്‍ പ്രാപ്തരാക്കുന്നതിനു പഞ്ചായത്തു തോറും ലീഡ് ബാങ്കിന്റെയും സര്‍ക്കാര്‍ വകുപ്പുകളുടെയും മേല്‍നോട്ടത്തില്‍ സാമ്പത്തിക സാക്ഷരതാ ഉപദേഷ്ടാക്കളുടെ സഹകരണത്തോടെ ബോധവല്‍ക്കരണ ക്ലാസുകള്‍ ബാങ്കുകള്‍ സംഘടിപ്പിക്കും.

Advertisment