Advertisment

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇടുക്കി ജില്ലയില്‍ ബാങ്കുകള്‍ വിതരണം ചെയ്തത് 7122.36 കോടി രൂപ

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയിലെ ബാങ്കുകള്‍ വിതരണം ചെയ്തത് 7122.36 കോടി രൂപ. ഇതില്‍ 5234.84 കോടി രൂപ മുന്‍ഗണന വിഭാഗത്തിനാണ് നല്‍കിയത്. കാര്‍ഷിക മേഖലയില്‍ 3624.42 കോടി രൂപയും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് 864.21 കോടി രൂപയും ഭവന വായ്പ, വിദ്യാഭ്യാസ വായ്പ എന്നിവ ഉള്‍പ്പെടുന്ന മറ്റ് മുന്‍ഗണന മേഖലയ്ക്ക് 746.21 കോടി രൂപയുംവിതരണം ചെയ്തു. 2022 മാര്‍ച്ച് മാസത്തെ കണക്കനുസരിച്ച് ജില്ലയിലെ ബാങ്കുകളിലെ ആകെ നിക്ഷേപം 10,205.28 കോടി രൂപയും മൊത്തം വായ്പ 13,223.05 കോടി രൂപയും ആണ്. ജില്ലയിലെ വായ്പ നിക്ഷേപ അനുപാതം 129.57% എന്നത് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ശരാശരിയാണ്.

തൊടുപുഴ പേള്‍ റോയല്‍ ഹോട്ടലില്‍ നടത്തിയ 2021-22 അവസാന പാദ ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗത്തിലാണ് ഈ കാര്യങ്ങള്‍ വിശദീകരിച്ചത്. യോഗത്തിന്റെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിച്ചു. ഇടുക്കി ജില്ല കേരളത്തിലെ മറ്റുള്ള ജില്ലകളില്‍ നിന്നും വ്യത്യസ്തമാണെന്നും ആ സമീപനം ബാങ്കുകള്‍ ഉപഭോക്താക്കളോട് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക രംഗത്തുള്ള പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ പൊതുജനങ്ങള്‍ക്കു ബാങ്കുകളുടെ സഹകരണം ആവശ്യമുണ്ട്. ഇടക്കാലത്തു ജപ്തി ഭീഷണി ജനങ്ങള്‍ക്ക് കഷ്ടപ്പാടുണ്ടാക്കി എന്നിരുന്നാലും ബാങ്കുകളുടെ സഹകരണം മൂലം കുറെയേറെ പരിഹരിക്കാനായി.

ഭാവിയിലും പൊതുജനങ്ങള്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ബാങ്കുകളുടെ സഹകരണം ഇനിയും ആവശ്യമാണ്. കൂടാതെ ജില്ലയിലെ ഗ്രാമീണ പ്രദേശങ്ങളില്‍ ആവശ്യാനുസരണം ശാഖകളോ എ ടി എം സെന്ററുകളോ സ്ഥാപിക്കാന്‍ ബാങ്കുകള്‍ മുന്നോട്ടു വരണമെന്നും യോഗം ഉദ്ഘാടനം ചെയ്ത് എം പി ആവശ്യപ്പെട്ടു. യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ ജോളി ജോസഫ് അധ്യക്ഷത വഹിച്ചു.

2022-23 സാമ്പത്തിക വര്‍ഷത്തെ ജില്ലാ വായ്പനയവും എം.പി ഡീന്‍ കുര്യാക്കോസ് പുറത്തിറക്കി. നടപ്പു സാമ്പത്തിക വര്‍ഷത്തേക്ക് ആകെ 8600.60 കോടി രൂപ വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അതില്‍ 6901.84 കോടി രൂപ മുന്‍ഗണന വിഭാഗത്തിലാണ്. കാര്‍ഷിക മേഖലയില്‍ 4852.71 കോടി രൂപയും വ്യവസായ മേഖലയില്‍ 849.03 കോടി രൂപയും മറ്റ് മുന്‍ഗണന വിഭാഗത്തില്‍ 1200.10 കോടി രൂപയും ഇതര വായ്പ വിഭാഗത്തില്‍ 1698.76 കോടി രൂപയും വിതരണം ചെയ്യാനാണ് പദ്ധതി.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രകടനം നടത്തിയ ബാങ്കുകളെയും സാമ്പത്തിക സാക്ഷരതാ ഉപദേഷ്ടാക്കളെയും യോഗത്തില്‍ അവാര്‍ഡ് നല്‍കി ലീഡ് ബാങ്ക് ആദരിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അശോക് പി, നബാര്‍ഡ് ഡി ഡി എം അജീഷ് ബാലു, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ കോട്ടയം റീജിയണല്‍ ഓഫീസ് ഡെപ്യൂട്ടി റീജിയണല്‍ ഹെഡ് സതീഷ്, ഇടുക്കി ജില്ല ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ ജി. രാജഗോപാലന്‍ വിവിധ വകുപ്പുകളിലെ ജില്ലാ മേധാവികള്‍, വിവിധ ബാങ്കുകളിലെ മേധാവികള്‍ എന്നിവര്‍ സംസാരിച്ചു.

Advertisment