Advertisment

പുറത്ത് 500 രൂപാ വരെ ഈടാക്കുന്ന പരിശോധനയ്ക്ക് 190 രൂപമാത്രം. 21 കൊവിഡാനന്തര പരിശോധനകള്‍ക്ക് 1300 രൂപാ മാത്രം. നിലവില്‍ നൂറില്‍പരം പരിശോധനകൾ. എല്ലാം ദേശീയ നിലവാരത്തിൽ. ജോസ് കെ മാണി പാലായിൽ കൊണ്ടുവന്ന രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിൽ ഇനി വരാൻ പോകുന്നത് നാനൂറോളം പരിശോധനയ്ക്കുള്ള സൗകര്യങ്ങൾ

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ : പാവപ്പെട്ട രോഗികള്‍ക്ക് ഏറെ അനുഗ്രഹമായ പാലാ ജനറല്‍ ആശുപത്രിയിലെ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ലാബില്‍ ജനങ്ങളുടെ തിരക്കേറുന്നു.

Advertisment

കേന്ദ്ര സർക്കാരിൻ്റെ ആരോഗ്യ സുരക്ഷാ പദ്ധതിയിൽപ്പെടുത്തി അതിശയകരമായ വിലക്കുറവില്‍ വിവിധ രോഗങ്ങളുടെ കൃത്യമായ പരിശോധന നടത്താന്‍ കഴിയുന്നു എന്നുള്ളതാണ് ഈ ലാബിന്റെ പ്രധാന മേന്‍മ.

ആരംഭിച്ചിട്ട് രണ്ടാഴ്ച മാത്രം പിന്നിടുന്ന ലാബില്‍ ഇതിനോടകം നിരവധി പേരാണ് വിവിധ പരിശോധനകള്‍ക്കായി എത്തിയത്.

publive-image

നിലവില്‍ നൂറില്‍പരം വിവിധപരിശോധനകളാണ് ഇവിടെ നടത്തുന്നതെന്ന് ലാബ് ഇന്‍-ചാര്‍ജ്ജ് അന്നമ്മ ഷിബു തെക്കേമറ്റം പറഞ്ഞു. ഏതാനും നാളുകള്‍ക്കുള്ളില്‍ നാനൂറോളം വിവിധ പരിശോധനകള്‍ക്ക് ലാബ് സജ്ജമാകും.

അത്യാധുനിക മൈക്രോബയോളജി ഡിപ്പാര്‍ട്ടുമെന്റ് രണ്ടാഴ്ചക്കുള്ളില്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിക്കും. മറ്റ് വിവിധ പ്രദേശങ്ങളില്‍ മൈക്രോ ബയോളജി പരിശോധനകള്‍ക്ക് രണ്ട് ദിവസം വരെയെടുക്കുമ്പോള്‍ പാലായിലെ ലാബില്‍ റിസള്‍ട്ട് അഞ്ചുമണിക്കൂര്‍ കൊണ്ട് കൊടുക്കാന്‍ പറ്റുന്നത്ര അത്യാധുനിക മെഷീനാണ് സ്ഥാപിച്ചിട്ടുള്ളത്.

ഇപ്പോൾ നടത്തുന്ന പ്രധാന ടെസ്റ്റുകൾ

നിലവില്‍ തൈറോയ്ഡുകളുടെ വിവിധ ടെസ്റ്റുകള്‍ക്ക് 190 രൂപാ മാത്രമേ ഈടാക്കുന്നുള്ളൂ.  കുറഞ്ഞ ചിലവില്‍ ഇവിടെ ക്യാന്‍സര്‍ നിര്‍ണ്ണയ പരിശോധനകളും നടത്താം.

കൊവിഡാനന്തരമുള്ള 21 പരിശോധനകള്‍ക്ക് കേവലം 1300 രൂപാ മാത്രമേ ഇവിടെയുള്ളൂ. ഡി.ഡൈമര്‍, സി.ആര്‍.പി., ക്രിയാറ്റിന്‍, കരള്‍ പരിശോധന, ഗ്ലൂക്കോസ് പരിശോധന, വ്യത്യസ്തമായ 12 പരിശോധനകള്‍ ഉള്‍ക്കൊള്ളുന്ന ഹീമോഗ്രാം എന്നിവയാണ് കൊവിഡാനന്തര പാക്കേജില്‍  ഉള്‍പ്പെടുത്തിയിട്ടുള്ളത്.

എക്‌സിക്യൂട്ടീവ് ടെസ്റ്റാണ് മറ്റൊരു വിലക്കുറവുള്ള പരിശോധന. പുറത്ത് 2000-നും 2500-നും ഇടയില്‍ ചാര്‍ജ്ജ് ചെയ്യുന്ന ഈ പാക്കേജില്‍ രാജീവ് ഗാന്ധി സെന്ററില്‍ 900 രൂപാ മാത്രമേ ഈടാക്കുന്നുള്ളൂ.

ഷുഗര്‍, വൃക്ക രോഗ നിര്‍ണ്ണയം, കരള്‍ രോഗ നിര്‍ണ്ണയം, വിശദമായ കൊഴുപ്പ് പരിശോധന, തൈറോയ്ഡ് പരിശോധന, വിശദമായ ഹീമോഗ്രാം എന്നിവയാണ് എക്‌സിക്യൂട്ടീവ് ടെസ്റ്റ് പാക്കേജില്‍ ഉള്ളത്.

publive-image

ഇതോടൊപ്പം 60 വയസ് കഴിഞ്ഞവര്‍ക്ക് തികച്ചും സൗജന്യമായി ക്യാന്‍സര്‍ പരിശോധനയോ സോഡിയം, പൊട്ടാസ്യം പരിശോധനയോ ചെയ്ത് കൊടുക്കുന്നതും എക്‌സിക്യൂട്ടീവ് ടെസ്റ്റ് പാക്കേജില്‍ ഉള്‍പ്പെടുന്നു.

ഇതിനുപുറമേ ഏത് പരിശോധനയുടെയും സാമ്പിള്‍ ഇവിടെ ശേഖരിക്കുമെന്നും തുടര്‍ന്ന് തിരുവനന്തപുരത്തെ മെയിന്‍ ലാബിലേക്ക് അയച്ച് രണ്ട് ദിവസത്തിനുള്ളില്‍ റിസള്‍ട്ട് ലഭ്യമാക്കുമെന്നും ലാബ് ഇന്‍-ചാര്‍ജ്ജ് അന്നമ്മ ഷിബു തെക്കേമറ്റം പറഞ്ഞു

ഇവിടെ നടത്തുന്ന നൂറുകണക്കിന് പരിശോധനകള്‍, അവയുടെ തുക, ലഭിക്കുന്ന സമയം തുടങ്ങി രോഗികള്‍ക്കുള്ള ഏത് സംശയവും പ്രവര്‍ത്തി സമയങ്ങളില്‍ ഫോണ്‍ വിളിച്ച് അറിയാം;

നമ്പര്‍ 9495446620 (ലാബ് മാനേജര്‍).

കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യപദ്ധതി പ്രകാരമുള്ള ഏറ്റവും വിലക്കുറവിലാണ് പാലായിലെ ലാബില്‍ വിവിധ പരിശോധനകള്‍ നടത്തുന്നത്. പരിപൂര്‍ണ്ണമായും കമ്പ്യൂട്ടറൈസ്ഡ് ലാബാണ് പാലായില്‍ പ്രവര്‍ത്തിച്ചുവരുന്നത്. അത്യാധുനിക മെഷീനുകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്.

നേതൃത്വം വഹിക്കുന്നത് ഇവര്‍

പാലാ ജനറല്‍ ആശുപത്രിയിലെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ലാബിനെ നയിക്കുന്നത് മാനേജര്‍ കെ. സാബു, ലാബ് ഇന്‍-ചാര്‍ജ്ജ് അന്നമ്മ ഷിബു, അസി. ഇന്‍-ചാര്‍ജ്ജ് ദിവ്യ കെ. ചന്ദ്രന്‍, സീനിയര്‍ ടെക്‌നീഷ്യന്‍ കൊച്ചുറാണി മാത്യു എന്നിവരാണ്.

അടുത്ത മാസം മുതല്‍ പരിശോധനകള്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാനുള്ള സംവിധാനവും ഇവിടെ ഏര്‍പ്പെടുത്തുന്നുണ്ട്.

Advertisment