Advertisment

കരുവന്നൂരിനെ പ്രതിരോധിക്കാൻ സിപിഎമ്മിന് പുൽപ്പള്ളി ബാങ്ക് തട്ടിപ്പ്; അന്വേഷണവും നടപടിയും അതിവേ​ഗത്തിൽ; കെ.കെ എബ്രഹാമിന്റെ രാജി കോൺ​ഗ്രസിന് ആശ്വാസമോ?

New Update

തിരുവനന്തപുരം: പുൽപ്പളളി സഹകരണബാങ്ക് തട്ടിപ്പ് കേസിൽ ജയിലിലായ കെ.കെ.എബ്രഹാം കെ.പി.സി.സി ജനറൽ സെക്രട്ടറിസ്ഥാനം രാജിവെച്ചു. റിമാൻഡ് ചെയ്യപ്പെ‌ട്ടതിന് പിന്നാലെ ആശുപത്രിയിലായ കെ.കെ.എബ്രഹാം പ്രത്യേക ദൂതൻ വഴി കെ.പി.സി.സി പ്രസിഡന്റിന് രാജിക്കത്ത് എത്തിക്കുകയായിരുന്നു. സഹകരണബാങ്ക് തട്ടിപ്പുകേസിൽ ജയിലിലായ കെ.കെ.എബ്രഹാം സ്വയംരാജിവെച്ചത് കെ.പി.സി.സി നേതൃത്വത്തിന് ആശ്വാസമായി.

Advertisment

publive-image

കർഷക ആത്മഹത്യക്ക് ഇടയാക്കിയ കെ.കെ.എബ്രഹാമിനെതിരെ നടപടി എ‌ടുക്കാൻ നേതൃത്വത്തിനുമേൽ കനത്ത സമ്മർദ്ദമുണ്ടായിരുന്നു. പാർട്ടിക്കും മുന്നണിക്കും ആകെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ നടപടി വേണ്ടിവരുമെന്ന് തിരിച്ചറിഞ്ഞ നേതൃത്വം നൽകിയ സൂചന മനസിലാക്കിയാണ് എബ്രഹാം സ്വയം രാജിവെച്ചതെന്നാണ് വിവരം.

കരുവന്നൂർ ബാങ്ക് തട്ടിപ്പിൻെറ പേരിൽ പ്രതിപക്ഷത്തിൽ നിന്ന് കടുത്ത ആക്ഷേപം നേരി‌ട്ടുകൊണ്ടിരുന്ന സർക്കാരിനും സി.പി.എമ്മിനും കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട പുൽപ്പളളി ബാങ്ക് തട്ടിപ്പ് പുറത്തുവന്നത് നല്ല രാഷ്ട്രീ‌യ പ്രതിരോധമായി. കരുവന്നൂർ തട്ടിപ്പ് പുറത്തുവന്നപ്പോൾ അന്വേഷിക്കാൻ അറച്ചു നിന്ന സഹകരണ വകുപ്പ് പുൽപ്പളളി ബാങ്ക് തട്ടിപ്പിൽ പൊടുന്നനെ അന്വേഷണം പ്രഖ്യാപിച്ചു.

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിനു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി സഹകരണവകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു. ബാങ്കിലെ വായ്പാ ക്രമക്കേട് സംബന്ധിച്ച് നിരവധി പരാതികൾ ഉയരുകയും, എടുക്കാത്ത വായ്പയിന്മേൽ നോട്ടീസ് ലഭിച്ചതിനെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിനെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുവാൻ തീരുമാനിച്ചതെന്നാണ് മന്ത്രിയുടെ വിശദീകരണം. മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് സഹകരണസംഘം രജിസ്ട്രാറാണ് അന്വേഷണം പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.

സഹകരണ നിയമം വകുപ്പ് 66(1) പ്രകാരമാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചുകൊണ്ടുളള ഉത്തരവ്.സഹകരണസംഘം രജിസ്ട്രാർ ഓഫീസിലെ ഡെപ്യൂട്ടി രജിസ്ട്രാർ ടി. അയ്യപ്പൻ നായർ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. അസിസ്റ്റന്റ് രജിസ്ട്രാർ അരുൺ. വി.സജികുമാർ, രാജാറാം. ആർ, ജ്യോതിഷ് കുമാർ.പി, ബബീഷ്.എം എന്നിവരാണ് അന്വേഷണസംഘത്തിൽ ഉള്ളത്. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കുവാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ബാങ്കിലെ വായ്പാ ക്രമക്കേടുകൾ, ബാങ്കിന്റെ ആസ്തിബാധ്യതകൾ, സഹകരണ നിയമം, ചട്ടം, നിയമാവലി വ്യവസ്ഥകൾക്കും രജിസ്ട്രാറുടെ നിർദ്ദേശങ്ങൾക്കും വിരുദ്ധമായി ബാങ്കിന്റെ പൊതുഫണ്ട് ചെലവഴിച്ചിട്ടുണ്ടോ എന്നീ വിഷയങ്ങളിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

യു ഡി എഫ് ഭരിക്കുന്ന ബാങ്കിന്റെ നടപടികൾ പലതും നിയമവിരുദ്ധമായിരുന്നുവെന്ന് ആദ്യം പരിശോധ നടത്തിയ സംഘം കണ്ടത്തിയിരുന്നു. 2015-16 വർഷത്തിൽ നടന്നിട്ടുള്ള വായ്പാ ഇടപാടുകളിൽ ബിനാമി വായ്പകൾ ഉൾപ്പെടെയുള്ള ക്രമക്കേടുകൾ നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

തുച്ഛ വിലയുള്ള ഭൂമിക്ക് ബിനാമി വായ്പകൾ വ്യാപകമായി അനുവദിക്കുക, ഭരണസമിതി അംഗങ്ങളുടെയും ബന്ധുക്കളുടെയും പേരിൽ അനുവദിച്ച വായ്പകളിലെ ക്രമക്കേട്, വ്യവസ്ഥകൾക്ക് വിരുദ്ധമായി വായ്പ അനുവദിക്കൽ, നിയമവിരുദ്ധമായി പ്രോപർട്ടി ഇൻസ്‌പെക്ഷൻ ഫീസ് കൈപ്പറ്റൽ, ഈട് വസ്തുവിന്റെ അസ്സൽ പ്രമാണം ഇല്ലാതെ വായ്പ അനുവദിക്കുക, ബാങ്കിന്റെ പ്രവർത്തന പരിധിക്ക് പുറത്തുള്ള മൂല്യംകുറഞ്ഞ വസ്തു ഈടായി സ്വീകരിച്ച് വായ്പകൾ നൽകുക, പണയ സ്വത്തുക്കളുടെ അന്വേഷണ റിപ്പോർട്ടിൽ വ്യാജമായ വസ്തുതകൾ റിപ്പോർട്ട് ചെയ്യുക തുടങ്ങിയ ക്രമക്കേടുകളാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.

ഇതുസരിച്ച് നടപടികൾ സ്വീകരിച്ച് വരികയായിരുന്നു. അതിനിടയിലാണ് കർഷകന്റെ ആത്മഹത്യ ഉണ്ടായത്. അതിനുശേഷം ക്രമക്കേട് കൂടുതൽ വ്യാപകമായി നടന്നു എന്ന സൂചനകൾ പുറത്തു വന്നതിനെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാൻ തീരുമാനം എടുത്തത്.

Advertisment