Advertisment

പതിവിനു വിപരീതമായി ഭരണപക്ഷത്തെ കടന്നാക്രമിച്ച് എകെ ആന്റണി ! വിലക്കയറ്റത്തിലും വികസന മുരടിപ്പിലും ഭരണപക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ആന്റണിയുടെ പ്രചാരണം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന് തൃക്കാക്കര ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കുമെന്നും ആന്റണി ! ആന്റണിയുടെ രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് ഇനി ഇടതിനു മറുപടി പറയേണ്ടി വരും. തൃക്കാക്കരയില്‍ യുഡിഎഫ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് ആന്റണിയെത്തി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: മൂന്നു പകലുകള്‍ക്ക് അപ്പുറം തൃക്കാക്കര പോളിങ് ബൂത്തിലെത്താനിരിക്കെ പ്രചാരണം ആവേശകരമായ അന്ത്യത്തിലേക്ക്. പ്രമുഖ നേതാക്കളെല്ലാം മണ്ഡലത്തില്‍ എത്തിക്കഴിഞ്ഞു. ഞായറാഴ്ചയാണ് കൊട്ടിക്കലാശം.

മുതിര്‍ന്ന നേതാവ് എകെ ആന്റണിയായിരുന്നു ഇന്നു തൃക്കാക്കരയില്‍ കോണ്‍ഗ്രസിന്റെ പ്രചാരണം നയിച്ചത്. പതിവിനു വിപരീതമായി ഭരണപക്ഷത്തിനെതിരെ ആഞ്ഞടിച്ചായിരുന്നു ആന്റണിയുടെ പ്രചാരണം. വിലക്കയറ്റത്തിലും വികസന മുരടിപ്പിലും ഭരണപക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയായിരുന്നു ആന്റണിയുടെ പ്രചാരണം.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന് തൃക്കാക്കര ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കണമെന്ന് എ കെ ആന്റണി ആവശ്യപ്പെട്ടു. വിലക്കയറ്റം രൂക്ഷമായിരിക്കെ ഉത്തരവാദിത്തം വലിച്ചെറിഞ്ഞ് മന്ത്രിപ്പടയും മുഖ്യമന്ത്രിയും തൃക്കാക്കരയില്‍ തമ്പടിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും ആന്റണി വിമര്‍ശിച്ചു.

ജനങ്ങളാകെ ദുരിതത്തിലാണ്. വിലക്കയറ്റത്തില്‍ ജനം വലയുകയാണ്. മന്ത്രിസഭക്ക് ഭീഷണിയില്ലാത്ത സ്ഥിതിയില്‍ 99 സീറ്റുകളുള്ള എല്‍ഡിഎഫ് മുന്നണി തൃക്കാക്കരയില്‍ തമ്പടിക്കരുതായിരുന്നു.

തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കണമെന്നും ആന്റണി പറഞ്ഞു. വികസനത്തിന്റെ ആള്‍ക്കാരെന്ന് സിപിഎം പറഞ്ഞാല്‍ തൃക്കാക്കരയില്‍ ഓടില്ല. സിപിഎം വികസന വിരോധികളാണ്.

സിപിഎം ഇല്ലായിരുന്നുവെങ്കില്‍ കേരളം ഇതിലും വികസിച്ചേനെയെന്നും കോണ്‍ഗ്രസ് ഭരണകാലത്തെ പദ്ധതികളെ ചൂണ്ടിക്കാട്ടി മുന്‍ മുഖ്യമന്ത്രികൂടിയായ എകെ ആന്റണി തുറന്നടിച്ചു. തൃക്കാക്കരയില്‍ വിവിധ യോഗങ്ങളിലും ആന്റണി പങ്കെടുത്തു.

എന്തായാലും ഏറ്റവും അവസാന ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം വികസനത്തിലേക്കും വിലക്കയറ്റത്തിലേക്കും എത്തിക്കാന്‍ യുഡിഎഫ് നടത്തിയ ശ്രമം വിജയിക്കുകയാണ്. പച്ചക്കറിയുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയാക്കാന്‍ തന്നെയാണ് യുഡിഎഫ് തീരുമാനം.

അതേസമയം മണ്ഡല പര്യടനം പൂര്‍ത്തിയാക്കിയ ഉമ തോമസ് ഇന്ന് വിവിധ പ്രദേശങ്ങളില്‍ നേരിട്ടെത്തി വോട്ടഭ്യര്‍ത്ഥിച്ചു. വാഴക്കാലയില്‍ വീടുകളിലും, കാക്കനാട് കമ്പിവേലിക്കകം കോളനി, കരുമക്കാട് ജുമാ മസ്ജിദിലുമൊക്കെയായിരുന്നു ഉമയുടെ വോട്ടഭ്യര്‍ത്ഥന.

മറ്റ് നേതാക്കളുടെ നേതൃത്വത്തില്‍ ബൂത്തു തല പ്രവര്‍ത്തനം സജീവമായി നടക്കുന്നുണ്ട്. ഉമയുടെ മകന്‍ വിവേക് തോമസിന്റെ നേതൃത്വത്തില്‍ മണ്ഡലത്തിലുടെനീളം റോളര്‍ സ്‌കേറ്റിങ് ഷോയും നടത്തിയിരുന്നു.

Advertisment