Advertisment

പാളിപ്പോയ സോഷ്യല്‍ എന്‍ജിനീയറിങ് ! സഭയുടെ ആശുപത്രിയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ പാളിത്തുടങ്ങി. ആദ്യം തീരുമാനിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റി; പക്ഷേ പ്രവര്‍ത്തകരുടെ മനസുമാറിയില്ല ! കെ വി തോമസ് എന്ന എടുക്കാചരക്കിനെ ചുമന്നു. ദുര്‍ബലമായ സംഘടനാ സംവീധാനവും തിരിച്ചടിയായി ! ശ്രീനിജന്റെ വിടുവായത്തരം ട്വന്റി20യെ പിണക്കി. കോണ്‍ഗ്രസിലെ മാറ്റവും ഉമാ തോമസെന്ന തന്ത്രശാലിയും ഒത്തുവന്നതോടെ സിപിഎമ്മിനെ അടിതെറ്റിച്ചു തൃക്കാക്കര

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ സന്നാഹങ്ങളും ഇറക്കി നിര്‍ത്തിയിട്ടും എന്തുകൊണ്ട് സിപിഎം തോറ്റു ? കോണ്‍ഗ്രസിന്റെ കോട്ടയില്‍ തോറ്റതില്‍ അത്ഭുതമില്ലെന്ന് ന്യായം പറയുന്ന സിപിഎം നേതാക്കള്‍ പക്ഷേ തങ്ങളുടെ തോല്‍വിയിലെ യഥാര്‍ത്ഥ കാരണങ്ങള്‍ ഇനിയെങ്കിലും തിരിച്ചറിയറിയണം.

ഡോ. ജോ ജോസഫ് എന്ന സ്ഥാനാര്‍ഥിയുടെയോ പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെയോ മാത്രം തോല്‍വിയല്ല ഇതെന്ന് എല്ലാവര്‍ക്കും വ്യക്തമാണ്. പക്ഷെ ക്യാപ്റ്റന്‍ എന്ന വിശേഷണത്തില്‍ ബിംബവല്‍ക്കരണം നടത്തുമ്പോള്‍ അത് ഏറ്റെടുക്കാതെ സിപിഎമ്മിലെ ഇപ്പോഴത്തെ നേതാക്കള്‍ക്ക് മറുവഴിയില്ല. യഥാര്‍ത്ഥത്തില്‍ തൃക്കാക്കരയില്‍ സിപിഎമ്മിന് പിഴച്ചതെവിടെയൊക്കെയാണ്.

സോഷ്യല്‍ എന്‍ജിനീയറിങ് അഥവാ ആശുപത്രിയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം

സിപിഎം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തന്നെ പാളിപ്പോയി എന്നതാണ് സത്യം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മന്ത്രി പി രാജീവും എം സ്വരാജും അടക്കമുള്ളവരാണ് സാമുദായിക പ്രീണനത്തിന് ശ്രമിച്ചത് എന്നത് ഗൗരവത്തോടെയാണ് തൃക്കാക്കരയിലെ വോട്ടര്‍മാര്‍ കണ്ടത്.

പാര്‍ട്ടി ഓഫീസില്‍ ഇരുന്ന് മുന്നണി നേതാക്കള്‍ക്കൊപ്പം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിന് പകരമാണ് സഭയുടെ ആശുപത്രിയിലിരുന്ന് വൈദീകനൊപ്പം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ഇതിന് എന്തു ന്യായീകരണം പറഞ്ഞാലും സിപിഎം പ്രവര്‍ത്തകര്‍ പോലും അതംഗീകരിച്ചില്ല. ഫലമോ ആദ്യം മുതല്‍ സമുദായ പ്രീണനം നടത്തിയെന്ന ആക്ഷേപത്തിന് മറുപടി പറയേണ്ടി വന്നു

ഇതോടെ വോട്ടര്‍മാരും വിവേകത്തോടെ ചിന്തിച്ചു. പണ്ട് മദനിക്കൊപ്പം വേദി പങ്കിട്ടത്തിന്റെ ഓര്‍മ്മ പുതുക്കലിന് ഇത് അവസരം നല്‍കി.

ചുവരെഴുത്ത് മായിച്ചു; പ്രവര്‍ത്തകര്‍ വോട്ടും മാറി ചെയ്തു

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി സിപിഎം ജില്ലാ കമ്മറ്റി ചേര്‍ന്നതിന് പിന്നാലെ പ്രവര്‍ത്തകര്‍ യുവനേതാവ് അഡ്വ. അരുണ്‍ കുമാറിന്റെ പേരാണ് ആദ്യം ചുമരിലെഴുതിയത്. പക്ഷേ അത് മായ്ക്കേണ്ടി വന്നു. എങ്ങനെ ? ആര്‍ക്കുവേണ്ടി ?

സമുദായ പ്രീണനം ഇല്ലാ എന്ന് പറയുമ്പോഴും വിജയ സാധ്യതയോ കനത്ത പോരാട്ടമോ കാഴ്ചവെക്കാന്‍ കഴിയുമായിരുന്ന പാര്‍ട്ടി നേതാക്കളെ തഴഞ്ഞ് ചില കേന്ദ്രങ്ങളില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ച് പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയത്.

മാധ്യമ വാര്‍ത്ത കണ്ടാണ് പ്രവര്‍ത്തകര്‍ ചുവരെഴുതിയത് എന്ന് സിപിഎം നേതാക്കള്‍ പറയുന്നത് അവര്‍ പോലും വിശ്വസിച്ചിട്ടില്ല. പിന്നെ എങ്ങനെ ഈ ന്യായീകരണം സാധാരണക്കാരായ വോട്ടര്‍മാര്‍ വിശ്വസിക്കും.

കെ വി തോമസ് എന്ന എടുക്കാചരക്ക് !

കെവി തോമസ് എന്ന അവസരവാദിയെ എന്തിന് കൂടെ കൂട്ടി ? ഇന്നും ജില്ലയിലെ ഓരോ സിപിഎം പ്രവര്‍ത്തകനും ചോദിക്കുന്ന ചോദ്യമാണിത്. പക്ഷേ ഇതിനു മാത്രം ഉത്തരമില്ല.

publive-image

തോമസിന്റെ എല്ലാ വാദങ്ങളെയും ന്യായികരണങ്ങളെയും പൊളിക്കുന്നതാണ് ഇത്തവണത്തെ ഫലം. തോമസിന് ലത്തീന്‍ സമുദായത്തില്‍ ഒരു സ്വാധീനവുമില്ലെന്ന് ഫലം പുറത്തുവന്നതോടെ തെളിഞ്ഞു. പക്ഷേ തോമസിനെ ഇനിയും പാര്‍ട്ടി ചുമക്കും.

അതല്ലേല്‍ കെട്ടിയിറക്കി ചുമടെടുപ്പിക്കുമെന്ന് പ്രവര്‍ത്തകര്‍ക്ക് തന്നെ ആക്ഷേപമുണ്ട്. തോമസിനെ പോലെയുള്ളവരെ ഒരു പാര്‍ട്ടിയും സ്വീകരിക്കെരുതെന്ന് യുവാക്കളടക്കമുള്ളവര്‍ പറയുമ്പോഴാണ് സിപിഎം പോലൊരു പാര്‍ട്ടി ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. അതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ പാര്‍ട്ടി പരാജയവുമായി.

ശ്രീനിജന്‍ കളഞ്ഞു കുളിച്ച ട്വന്റി 20 വോട്ടുകള്‍

വികസനം പറയുന്ന സര്‍ക്കാരിന് കിട്ടേണ്ടതല്ലേ യഥാര്‍ത്ഥത്തില്‍ ട്വന്റി20 വോട്ടുകള്‍. പക്ഷേ അതില്‍ നല്ലൊരു പങ്കും ഉമ തോമസിന് കിട്ടി എന്നതാണ് സത്യം. എന്തുകൊണ്ട് അത് സംഭവിച്ചു.

publive-image

പി വി ശ്രീനിജന്‍ എംഎല്‍എ ട്വന്റി 20 യോട് ചെയ്ത ക്രൂരതകള്‍ക്ക് മാപ്പ് പറയണം എന്ന ആവശ്യപ്പെട്ട സാബു എം ജേക്കബിനോട് ശ്രീനിജന്‍ പ്രതികരിച്ചത് എങ്ങനെ ആയിരുന്നു ? കുന്നംകുളത്തിന്റെ മാപ്പ് ആരുടെയെങ്കിലും കയ്യിലുണ്ടോ എന്നായിരുന്നു ശ്രീനിജന്‍ പറഞ്ഞത്.

പാര്‍ട്ടി ഇടപെട്ടാണ് ശ്രീനിജനെ തിരുത്തിയത്. പക്ഷേ അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ട്വന്റി 20 പ്രവര്‍ത്തകനെ കൊന്ന കേസും സിപിഎമ്മിന് തിരിച്ചടിയായി.

പിആര്‍ അല്ല യഥാര്‍ത്ഥ വര്‍ക്ക്

പിആര്‍ ഏജന്‍സിയെ വിട്ട് ജനങ്ങളിലേക്ക് ഇറങ്ങണം. സിപിഎം അതിനു തയ്യാറായില്ലേല്‍ ഇനിയും തിരിച്ചടി കൂടും. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ യാത്ര ചെയ്യുമ്പോഴും മന്ത്രിമാരുടെ ഷോകള്‍ ജനം കണ്ടു.

പാര്‍ട്ടിക്കാര്‍ കയ്യടിച്ച ഈ ദൃശ്യങ്ങള്‍ പക്ഷേ പൊതുസമൂഹത്തിന് അത്തരം ചിന്തകളല്ല നല്‍കിയത്. ഇതും തിരിച്ചടിയായി.

സംഘടനാ സംവീധാനം ദുര്‍ബലമായ സിപിഎം

കേരളത്തില്‍ സിപിഎമ്മിന്റെ സംഘടനാ സംവീധാനം ഏറ്റവും ദുര്‍ബലമായ മണ്ഡലമാണ് തൃക്കാക്കര. പാര്‍ട്ടി വോട്ടുകള്‍ പോലും ഇത്തവണ ചോര്‍ന്നു എന്നത് സത്യമാണ്. സ്ഥാനാര്‍ത്ഥി വ്യക്തിപരമായി പിടിച്ച വോട്ട് അടക്കം എല്ലാം സമാഹരിക്കാനുള്ള സംവീധാനമുണ്ടായില്ല. മന്ത്രിമാരും എംഎല്‍എമാരും നേതാക്കളും വീടു കയറിയെങ്കിലും ഏകോപനമുണ്ടായില്ല.

ഉമ തോമസ് എന്ന തന്ത്രശാലി

നാവു പിഴയോ അനിഷ്ട ചേഷ്ടകളോ അനാവശ്യ വീരവാദമോ ഇല്ലാതെ പച്ചയായി മനുഷ്യരോട് സംസാരിച്ച സ്ഥാനാര്‍ഥിയായിരുന്നു ഉമ തോമസ്. പ്രചാരണ വേളയില്‍ ഒരാളെ പോലും അവര്‍ വേദനിപ്പിച്ചിട്ടില്ല. എതിര്‍ സ്ഥാനാര്‍ത്ഥികളെ അപമാനിച്ചതുമില്ല.

publive-image

എന്തു ചോദിച്ചാലും ചിരിയോടെ മറുപടി. രാഷ്ട്രീയം പറയാന്‍ കോണ്‍ഗ്രസ് നേതാക്കളുണ്ടായതിനാല്‍ സ്ഥാനാര്‍ത്ഥിക്ക് അതിനു മിനക്കെടേണ്ടി വന്നില്ല. അതും സിപിഎമ്മിന്റെ തോല്‍വിക്ക് കാരണമായി.

കാണാതെ പോകരുത് കോണ്‍ഗ്രസിലെ മാറ്റങ്ങള്‍

പുതു നേതൃത്വം കോണ്‍ഗ്രസിന് നല്‍കിയ ആത്മവിശ്വാസം വളരെ വലുതാണ്. അതുകൊണ്ട് കോണ്‍ഗ്രസ് അടിമുടി മാറിയെന്നോ നന്നായി എന്നോ വിലയിരുത്തലില്ല. പക്ഷെ പതിവിന് വിപരീതമായ ചില നല്ല കാര്യങ്ങള്‍ തൃക്കാക്കരയില്‍ സംഭവിച്ചു.

ഏറ്റവും ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. കാര്യമായ തര്‍ക്കങ്ങള്‍ ഒന്നും ഉണ്ടായതുമില്ല. മാത്രമല്ല, രണ്ടാം നിരയിലെ യുവ നേതാക്കള്‍ നന്നായി അധ്വാനിക്കുകയും ചെയ്തു. യുവാക്കള്‍ അധ്വാനിച്ചു. അതിന്റെ ഫലവും കിട്ടി.

Advertisment