Advertisment

ഉപതെരഞ്ഞെടുപ്പിലെ കൂട്ടായ പ്രവർത്തനങ്ങൾക്കിടയിലും കോണ്‍ഗ്രസിന്റെ ഒരു എംപിയുടെയും രണ്ട് മുന്‍ എംഎല്‍എമാരുടെയും പ്രവര്‍ത്തനത്തില്‍ പരാതി ? മൂവരും ചേർന്ന് കാലുവാരിയതുമാത്രമല്ല തെരെഞ്ഞെടുപ്പ് ഫണ്ട് അടിച്ചുമാറ്റുകയും ചെയ്തു. സ്ഥാനാര്‍ത്ഥിയുടെ പേരില്‍ ഇലക്ഷൻ ഫണ്ടായി പിരിച്ചത് ലക്ഷങ്ങള്‍ ! പിരിവിന്റെ വിവരം ഉന്നത നേതാക്കള്‍ അറിഞ്ഞത് പ്രമുഖർ സാമ്പത്തിക സഹായം നൽകിയ വിവരം നേതൃത്വത്തെ വിളിച്ചറിയച്ചതോടെ. ഇലക്ഷൻ സംഭാവന നൽകിയവർ പാർട്ടിയെ അറിയിക്കണമെന്നും അഭ്യർത്ഥന. ഫണ്ട് അടിച്ചുമാറ്റിയവർ കുടുങ്ങും

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടിയെങ്കിലും കൂട്ടത്തിൽ നിന്ന് പാരവച്ച ചില നേതാക്കളെകുറിച്ചുള്ള പരാതികള്‍ പുറത്ത് വരുന്നു. ഒരു മുതിര്‍ന്ന എംപി, രണ്ടു ഗ്രൂപ്പുകളുടെ ഭാഗമായിരുന്ന രണ്ട് മുന്‍ എംഎല്‍എമാര്‍ എന്നിവരുടെ പ്രവര്‍ത്തനത്തെ കുറിച്ചാണ് വലിയ പരാതി ഉയര്‍ന്നിട്ടുള്ളത്. ഇവര്‍ക്കെതിരെ ചില പ്രവര്‍ത്തകര്‍ കെപിസിസി നേതൃത്വത്തിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.

തൃക്കാക്കര സീറ്റ് മോഹിച്ച മൂന്നു മുതിര്‍ന്ന നേതാക്കളെ കുറിച്ചാണ് പരാതി. ഇവര്‍ പ്രവര്‍ത്തനത്തില്‍ പിന്നാക്കമായിരുന്നു എന്നു മാത്രമല്ല സ്ഥാനാര്‍ത്ഥിക്ക് പ്രചാരണത്തിനായി സമാഹരിച്ച തുക നല്‍കാതെ സ്വന്തം കീശയിലിട്ടുവെന്നാണ് ആക്ഷേപം. ഇക്കാര്യം നേതൃത്വം ഗൗരവമായിതന്നെയാണ് കാണുന്നത്.

മുതിർന്ന എംപിക്ക് ഉമ തോമസ് സ്ഥാനാര്‍ത്ഥിയാകുന്നത് വ്യക്തിപരമായി താല്‍പര്യമില്ലായിരുന്നു. അവര്‍ ഇത്തവണ വിജയിച്ചാല്‍ പിന്നീട് തനിക്ക് ഈ മണ്ഡലം കിട്ടില്ലെന്ന ചിന്തയിലാണ് അദ്ദേഹം ഇത്തരം കളികള്‍ക്ക് മുതിര്‍ന്നത്. ഇദ്ദേഹത്തിന്റെ വിശ്വസ്തനായ ഒരു ഡിസിസി ജനറല്‍ സെക്രട്ടറി വഴി അദ്ദേഹം തനിക്ക് പറ്റാവുന്നതുപോലെ പ്രചാരണത്തില്‍ പണികൊടുത്തിരുന്നു.

എന്നാല്‍ പ്രവർത്തക മുന്നേറ്റത്തിലും കൂട്ടായ പ്രചാരണത്തിലും അതൊന്നും ഏശിയതേയില്ല. അതുപോലെ ഈ നേതാവ് വലിയ തോതില്‍ പ്രചാരണത്തിനായി പണപ്പിരിവ് നടത്തിയിരുന്നു. ഇതൊന്നും ഇതുവരെ പാര്‍ട്ടി അക്കൗണ്ടിലേക്ക് വന്നിട്ടില്ല. മറ്റ് രണ്ടു മുന്‍ എംഎല്‍എമാരും ഈ സീറ്റ് കൊതിച്ചവരായിരുന്നു.

ഇവരില്‍ ഒരാള്‍ കഴിഞ്ഞ തവണ മത്സരിച്ച് തോറ്റയാളാണ് . എന്നാല്‍ ഗ്രൂപ്പ് നേതാവുകൂടിയായ ഇയാൾ സാമുദായിക പരിഗണന പറഞ്ഞ് ഉന്നതനായ ഗ്രൂപ്പ് നേതാവിന്റെ ശുപാര്‍ശയില്‍ സീറ്റ് നേടാൻ ചില നീക്കങ്ങള്‍ നടത്തിയെങ്കിലും അത് പരാജയപ്പെട്ടിരുന്നു. ഇതിന്റെ വിരോധത്തില്‍ ഏല്‍പ്പിച്ച ജോലികള്‍ വളരെ മോശമായി തന്നെയാണ് ഇദ്ദേഹവും ചെയ്തത്.

മറ്റൊരു മുന്‍ എംഎല്‍എ തുടക്കം മുതല്‍ ഉമ തോമസിനെതിരായിരുന്നു. എന്നാല്‍ ഇരുവരും നല്ല രീതിയില്‍ പണപ്പിരിവ് നടത്തിയിരുന്നു. എന്നാല്‍ ഈ തുക ഉമ തോമസിനോ, തെരഞ്ഞെടുപ്പ് കമ്മറ്റിക്കോ കൈമാറിയില്ല.

ഇതിനിടെ പണം സമാഹരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ പലരെയും സമീപിച്ചപ്പോഴാണ് പിരിവിന്റെ വിവരം അറിയുന്നത്. മറ്റു ചില പ്രമുഖർ തെരെഞ്ഞെടുപ്പ് ഫണ്ട് കൈമാറിയ വിവരം പാർട്ടി നേതൃത്വത്തെ അറിയിക്കാൻ വിളിച്ചപ്പോഴാണ് നേതൃത്വം വിവരം അറിയുന്നത്. ആര് വഴിയാണ് ഫണ്ട് നൽകിയതെന്ന് ഇവരിൽ നിന്നും അറിഞ്ഞതോടെ ഈ നേതാക്കൾ ഫണ്ട് പാർട്ടിക്ക് കൈമാറിയിട്ടുണ്ടോ എന്ന വിവരവും തിരക്കി .

ഫണ്ട് ഇവർ പൂഴ്ത്തിയതായായിരുന്നു കണ്ടെത്തൽ. ഒരാഴ്ചകൂടി ഇവർ പാർട്ടിക്ക് ഫണ്ട് കൈമാറുന്നുണ്ടോ എന്ന് നിരീക്ഷിക്കും. ഇവർക്ക് പുറമെ മറ്റു ചിലർ കൂടി ഫണ്ട് ശേഖരിക്കുകയും അത് സ്വന്തമായി പോക്കറ്റിൽ വയ്ക്കുകയും ചെയ്തിട്ടുണ്ട്. അവരെയും നിരീക്ഷിക്കും.

പാർട്ടിക്കുവേണ്ടി ഏതെങ്കിലും നേതാക്കൾ തങ്ങളോട് ഫണ്ട് ശേഖരിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിക്കണമെന്ന് ബിസിനസുകാർ ഉൾപ്പെടെയുള്ള പ്രമുഖരോട് കെപിസിസി, യുഡിഎഫ് നേതൃത്വങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ട്. ഫണ്ട് തിരിമറി നടത്തിയ നേതാക്കളോട് ഒരു വിട്ടുവീഴ്ചയും കൂടാതെ നടപടിയെടുക്കാനാണ് കെപിസിസി നേതൃത്വത്തിന്റെ തീരുമാനം.

Advertisment