Advertisment

കെപി യോഹന്നാന്റെ ആസ്ഥാനത്തെ റെയ്ഡ് ഷാജ് കിരണിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ ! മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും ഫണ്ട് അമേരിക്കയിലേക്ക് കൊണ്ടുപോകുന്നത് കെപി യോഹന്നാന്‍ വഴിയെന്ന ആരോപണത്തില്‍ വ്യക്തത തേടി ഇഡി. ബിലിവേഴ്‌സ് സഭാ സ്ഥാപനങ്ങളില്‍ നിന്നും ചില രേഖകള്‍ പിടിച്ചെടുത്ത് ഇഡി ! പിടിച്ചെടുത്തത് വിദേശ നിക്ഷേപം സംബന്ധിച്ച രേഖകള്‍ ! ഇഡി അന്വേഷണത്തെ സ്വാഗതം ചെയ്ത് ബിലീവേഴ്‌സ് ചര്‍ച്ച് ! അന്വേഷണവുമായി സഹകരിക്കുമെന്നും സഭാ നേതൃത്വം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: ബിലീവേഴ്സ് ചര്‍ച്ചിന്റെ കുറ്റപ്പുഴയിലെ ആസ്ഥാനത്തും സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്റ്റ് പരിശോധന നടന്നത് ഫെമ ചട്ടലംഘന ആരോപണത്തെ തുടര്‍ന്ന്. ഫോറിന്‍ എക്സേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) ലംഘിച്ച് ബിലീവേഴ്സ് ചര്‍ച്ച് ഇടപാടുകള്‍ നടത്തിയെന്ന് ഷാജ് കിരണ്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

ഇന്നലെ തുടങ്ങിയ റെയ്ഡ് ഇന്നു ഉച്ചയോടെയാണ് അവസാനിച്ചത്. വിദേശ നിക്ഷേപം സംബന്ധിച്ച രേഖകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

കുറ്റപ്പുഴയിലെ സഭാ ആസ്ഥാന ഓഫീസ്, ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ്, സമീപമുള്ള സ്‌കൂള്‍, സഭാ വക്താവും മാനേജരുമായ സിജോ പന്തപ്പള്ളിയുടെ വീട്, ഓഫീസ് എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. ഇഡി ഓഫീസിലെ 40 പേരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷണന്‍ എന്നിവരുടെ പണം വിദേശ രാജ്യങ്ങളിലേക്ക് കടത്തുന്നത് ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണെന്നായിരുന്നു ഷാജ് കിരണ്‍ സ്വപ്‌നയുമായുള്ള സംഭാഷണത്തില്‍ പറഞ്ഞത്. ഈ സംഭാഷണം പുറത്തുവന്നതോടെയാണ് ഇഡി അന്വേഷണം തുടങ്ങിയത്.

ബിലീവേഴ്‌സ് ആസ്ഥാനത്ത് നടത്തിയ റെയ്ഡില്‍ വിദേശ നിക്ഷേപത്തിന്റെ രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഇതിന്റെ വിശദീകരണം നല്‍കണമെന്ന് സഭാ അധികൃതരോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതേസമയം ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് നിയമം 1999 പ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന അന്വേഷണം സ്വാഗതാര്‍ഹമാണെന്നും പൂര്‍ണമായും സഹകരിക്കും എന്നും ബിലീവേഴ്‌സ് ഈസ്റ്റേണ്‍ സഭ അറിയിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വ്യക്തതയും ഉത്തരവും നല്‍കുവാന്‍ ഈ അന്വേഷണങ്ങള്‍ക്ക് സാധിക്കും എന്ന് പൂര്‍ണവിശ്വാസമുണ്ട്.

എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ ആവശ്യപ്പെട്ട എല്ലാ രേഖകളും നല്‍കിയിട്ടുണ്ട്. തുടര്‍ നടപടിക്രമങ്ങളില്‍ പൂര്‍ണമായും സഹകരിക്കുമെന്നും സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളി അറിയിച്ചു.

Advertisment