Advertisment

കോടതിയില്‍ പോലീസിന് കിട്ടിയത് കനത്ത തിരിച്ചടി ! മുഖ്യമന്ത്രിക്കെതിരായ വധ ഗൂഢാലോചനയെന്ന പോലീസ് വാദം ദുര്‍ബലമായി. മാസ്റ്റര്‍ ബ്രെയിനെന്ന് പോലീസ് പറഞ്ഞിട്ടും കോടതി ജാമ്യം നല്‍കിയതോടെ പൊളിയുന്നത് വിമാനത്തിലെ വധശ്രമക്കേസ് തന്നെ ! പിസി ജോര്‍ജ് കേസിന് പിന്നാലെ ശബരിനാഥനും അറസ്റ്റ് ചെയ്ത് കോടതിയിലെത്തിച്ച് ജാമ്യം കിട്ടിയതോടെ പോലീസിനും നാണക്കേട്. പോലീസ് രാഷ്ട്രീയ പ്രേരിതമായി പെരുമാറുന്നുവെന്ന ആരോപണത്തിന് ഇനി മുഖ്യമന്ത്രി മറുപടി പറയേണ്ടിവരും

New Update

publive-image

Advertisment

തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിക്കു നേരെയുണ്ടായ പ്രതിഷേധത്തിന് പ്രവര്‍ത്തകരുമായി ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍ എംഎല്‍എ കെഎസ് ശബരീനാഥന് ജാമ്യം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. ഉപാധികളോടെയാണ് ശബരിക്ക് ജാമ്യം നല്‍കിയത്.

മുഖ്യമന്ത്രിക്കെതിരായ വധശ്രമത്തില്‍ 'മാസ്റ്റര്‍ ബ്രെയിന്‍' ശബരീനാഥന്‍ ആണെന്നും ബുധനാഴ്ച മുതല്‍ മൂന്നുദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്റെ വാദങ്ങളക്കെ തള്ളിയാണ് കോടതി ജാമ്യം നല്‍കിയത്. അടുത്ത മൂന്നു ദിവസം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ശബരിനാഥന് ജാമ്യം കിട്ടിയതോടെ വധഗൂഢാലോചനയെന്ന പോലീസ് വാദവും പൊളിയുകയാണ്. കോടതി കേസിന്റെ ഗൗരവം തീരെ കുറച്ചു തന്നെ കാണുന്നു എന്നത് പ്രതിപക്ഷത്തിന് വിജയമാകുകയാണ്. മുഖ്യമന്ത്രിക്കെതിരെ നടന്നത് പ്രതിഷേധം മാത്രമാണെന്ന പ്രതിപക്ഷ വാദത്തിനും ജാമ്യം ബലം പകരും.

നാടകീയമായ അറസ്റ്റിനൊടുവിലാണ് പോലീസിനും പ്രോസിക്യൂഷനും തിരിച്ചടി നല്‍കി ജാമ്യം കിട്ടിയത്. ചോദ്യം ചെയ്യലിനെത്തി വെറും മിനിറ്റുകള്‍ക്ക് ശേഷം ശബരിനാഥനെ അറസ്റ്റു ചെയ്ത പോലീസ് ബുദ്ധിക്കും ഇത് കനത്ത പ്രഹരമായി. ഇതോടെ നാളെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുമെന്ന് ഉറപ്പാണ്.

അതേസമയം പോലീസിന് തുടര്‍ച്ചയായി പ്രഹരമാണ് കോടതികളില്‍ നിന്നും കിട്ടുന്നത് എന്നത് സര്‍ക്കാരിന് വലിയ ക്ഷീണമുണ്ടാക്കും. പിസി ജോര്‍ജിന്റെ അറസ്റ്റില്‍ പാഠം പഠിക്കാത്ത പോലീസ് വീണ്ടും അബദ്ധത്തില്‍ ചാടി എന്നതാണ് സത്യം.

പോലീസിനെതിരെ വരും ദിവസങ്ങളില്‍ കടുത്ത വിമര്‍ശനം ഉയരുമെന്ന് ഉറപ്പാണ്. പോലീസ് രാഷ്ട്രീയ പ്രേരിതമായി പ്രവര്‍ത്തിക്കുന്നു എന്ന ആക്ഷേപത്തിന് ഇനി ആഭ്യന്തര വകുപ്പ് തന്നെ മറുപടി പറയേണ്ടി വരും.

Advertisment