Advertisment

വിമാനത്തിലെ പ്രതിഷേധ വിവാദത്തില്‍ യാത്രാവിലക്കിന് പിന്നാലെ ഇപി ജയരാജനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചതും സര്‍ക്കാരിന് തിരിച്ചടി ! കേസെടുക്കാനാവില്ലെന്ന പോലീസ് വാദവും കോടതി തള്ളി. യൂത്ത്‌കോണ്‍ഗ്രസുകാരെ തള്ളിയിട്ടത് ഇപി തന്നെയെന്ന ദൃശ്യങ്ങളും വിനയായി ! ജയരാജന്‍ തന്നെ രക്ഷിച്ചുവെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞിട്ടും പ്രയോജനമുണ്ടായില്ല. വിമാനത്തിലെ പ്രതിഷേധം തടഞ്ഞ തനിക്ക് സമ്മാനം തരണമെന്ന് ആവര്‍ത്തിച്ചു പറഞ്ഞ ഇപിക്ക് കിട്ടിയത് യാത്രാവിലക്കും ക്രിമിനല്‍ കേസും മാത്രം !

New Update

publive-image

Advertisment

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത് സര്‍ക്കാരിന് കനത്ത തിരിച്ചടി. ആദ്യം മുതല്‍ ഇപിയെ ന്യായീകരിച്ച മുഖ്യമന്ത്രിക്കും സിപിഎം നേതാക്കള്‍ക്കും വലിയ തിരിച്ചടി തന്നെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടില്‍ നിന്നും വന്നത്.

ആദ്യം ഘട്ടം മുതല്‍ ഏവിയേഷന്‍ രംഗത്തെ വിദഗ്ദര്‍ പറഞ്ഞിരുന്നത് ഇപി ജയരാന്റെ കുറ്റം ഗൗരവമാണെന്നായിരുന്നു. ലെവല്‍ രണ്ട് കുറ്റം കണ്ടെത്തി ഇന്‍ഡിഗോ മൂന്നാഴ്ചത്തെ യാത്രാവിലക്കും ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പുറമെയാണ് ഇപ്പോള്‍ കേസും വരുന്നത്.

കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചതോടെ ശബരിനാഥന് നേരിട്ട രീതിയില്‍ നടപടികള്‍ ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. ജാമ്യമില്ലാത്ത വകുപ്പുകള്‍ ഉള്ളതിനാല്‍ അതില്‍ പോലീസെടുക്കുന്ന നടപടിയെന്തെന്നും കാത്തിരുന്നു കാണണം.

മുഖ്യമന്ത്രി കഴിഞ്ഞ ദിവസവും നിയമസഭയില്‍ തന്നെ വധിക്കാനായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചതെന്ന് ആരോപിച്ചിരുന്നു. വധശ്രമം തടയുകയായിരുന്നു ഇപി ജയരാജനും തന്റെ പേഴ്‌സണല്‍ സ്റ്റാഫും എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

ഇപിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസും പറഞ്ഞിരുന്നു. എന്നാല്‍ കോടതി വിധി വന്നതോടെ എല്ലാം തിരിച്ചടിയായി. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും പോലീസിനും ഒരുപോലെ നാണക്കേടാകുകയാണ് തിരുവനന്തപുരം ജെഎഫ്എംസി കോടതി രണ്ട് ജഡ്ജി ലെനി തോമസിന്റെ ഉത്തരവ്.

ഇ.പി.ജയരാജന്‍, മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ അനില്‍കുമാര്‍, സുനീഷ് വി എം എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്താനും കോടതി ഉത്തരവിട്ടു.

തിരുവനന്തപുരം വലിയതുറ പൊലീസിനോടാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദ്ദേശിച്ചത്. കണ്ണൂരില്‍ നിന്ന് മുഖ്യമന്ത്രി എത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ഇ പി ജയരാജന്‍ തള്ളി വീഴ്ത്തിയിരുന്നു.

ഇതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതിനു പുറമെ പ്രതികളുടെ ചികിത്സാ രേഖകളും കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. നേരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന എന്നിവ ഇപിക്കും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെയും എടുക്കാനുള്ള നിര്‍ദേശവും വലിയ തിരിച്ചടിയാണ്.

Advertisment