Advertisment

തൊട്ടതെല്ലാം പിഴച്ച് പോലീസ്; പ്രതിക്കൂട്ടില്‍ ആഭ്യന്തര മന്ത്രി ! സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ മുതല്‍ സര്‍ക്കാരിന് തലവേദനയായത് ചാടിക്കേറി നടപടിക്കിറങ്ങിയ പോലീസുകാര്‍. സരിത്തിനെ മിനിറ്റു വച്ച് പൊക്കിയതു മുതല്‍ ശബരിയുടെ അറസ്റ്റിലും മുഖം നഷ്ടമായത് പോലീസിന് ! മൂന്നു തവണ ജോര്‍ജിനെ പിടിച്ചിട്ടും കിട്ടിയതെല്ലാം തിരിച്ചടി തന്നെ. എന്നിട്ടും പാഠം പഠിക്കാതെ ശബരിയുടെ കാര്യത്തിലും അതാവര്‍ത്തിച്ചു ! ഇനിയെങ്കിലും പോലീസുകാര്യം കൃത്യമായി അറിയാന്‍ ഒരു ഏഡ്ഡ് കുട്ടന്‍പിള്ളയെ പിണറായി വയ്ക്കുമോ ?

New Update

publive-image

Advertisment

തിരുവനന്തപുരം: തൃക്കാക്കര തെരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാരിന് തൊട്ടതല്ലാം പിഴയ്ക്കുന്നു എന്ന് വിമര്‍ശകര്‍ പറയുമ്പോള്‍ അതെല്ലാം ശരിയാണെന്ന് തെളിയിക്കുകയാണ് ഓരോ ഉദാഹരണങ്ങളും. അതില്‍ ഏറെയും പോലീസിന്റെ ഭാഗത്തുനിന്നാണ്. ഈ വീഴ്ചകളെല്ലാം മുഖ്യമന്ത്രി കയ്യാളുന്ന ആഭ്യന്തരത്തിന്റേതാകുമ്പോള്‍ പ്രതിക്കൂട്ടിലാകുന്നത് പിണറായി വിജയനും അദ്ദേഹത്തിന്റെ ഓഫീസും തന്നെയാണ്.

പോലീസിന്റെ വീഴ്ചയില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ ഏറെ പഴികേട്ടിരുന്നു. അന്ന് ഉപദേശികളായിരുന്നു പ്രതിക്കൂട്ടില്‍. മുഖ്യമന്ത്രിയുടെ പോലീസ് ഉപദേശകനും ഏറെ വിവാദത്തിലായി. എന്നാല്‍ ഇന്ന് അതിന്റെ പേരില്‍ കുരുക്കിലാകുന്നത് പൊളിറ്റിക്കല്‍ സെക്രട്ടറിയാണ്.

കെഎസ് ശബരീനാഥനെ ചുമത്താനാവുന്ന ഏറ്റവും വലിയ കുറ്റം ചാര്‍ത്തി കോടതിക്ക് മുമ്പിലെത്തിച്ചിട്ടും ഒരു ദിവസം പോലും കസ്റ്റഡിയില്‍ വയ്ക്കാതെ വിട്ടത് പോലീസിന് കിട്ടിയ വലിയ തിരിച്ചടി തന്നെയായിരുന്നു. കേസന്വേഷണം വേഗത്തിലായപ്പോള്‍ പോലീസ് നിയമം മറന്നു.

മുഖ്യമന്ത്രിയെ വധിക്കാന്‍ശ്രമിച്ച കേസിലെ ഗൂഢാലോചനക്കാരനായ പ്രതിയെ സെഷന്‍സ് കോടതിയില്‍നിന്ന് ഹാജരാക്കുമ്പോള്‍ തന്നെ ജാമ്യം കിട്ടിയത് പോലീസിനുണ്ടാക്കിയത് വിശ്വാസ്യതയില്ലായ്മയായിരുന്നു. സര്‍ക്കാരിന്റെ ഉപകരണം മാത്രമായി പോലീസ് മാറിയെന്ന ആരോപണം വലിയ ക്ഷീണം പോലീസിനുണ്ടാക്കി.

രാജാവിനേക്കാള്‍ രാജഭക്തിയുള്ള ചില പോലീസുകാരാണ് പോലീസിനെ ഈ പഴികേള്‍പ്പിക്കുന്നതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. പല കേസിലും ചാടിക്കയറി അറസ്റ്റ് നടത്തിയിട്ട് പോലീസ് ബാക്കിയുള്ളത് നാണക്കേട് മാത്രമാകുന്നുവെന്നും പലരും പറഞ്ഞു തുടങ്ങി.

സ്വര്‍ണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തല്‍ സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലിനു പിന്നാലെയാണ് പോലീസിന് ആകെ താളം തെറ്റിത്തുടങ്ങിയത്. ആരോപണമുന്നയിച്ചതിന് പിന്നാലെ സ്വപ്‌നയുടെ ഒപ്പമുണ്ടായിരുന്ന സരിത്തിനെ വിജിലന്‍സ് സംഘം തട്ടിക്കൊണ്ടുപോയതാണ് ആദ്യ നാണക്കേട്. ഇതു വലിയ വിവാദമായി.

പിന്നീട് സരിത്തിന്റെ ഫോണ്‍ പിടിച്ചെടുത്ത് പറഞ്ഞുവിട്ടു. പിന്നാലെ പോലീസിന്റെ ഇടനിലക്കാരനായി ഷാജ് കിരണിന്റെ വരവ്. വിജിലന്‍സ് മേധാവിയായ എഡിജിപിയുടെ കസേരയാണ് ഇതുവഴി പോയത്. ഒപ്പം വിജിലന്‍സിന്റെ വിശ്വാസ്യതയും.

ഇതിനിടെയാണ് പോലീസ് മറ്റൊരു അതിബുദ്ധി കാണിച്ചത്. മുന്‍ എംഎല്‍എ പിസി ജോര്‍ജിന്റെ അറസ്റ്റായിരുന്നു ആ അബദ്ധം. ജോര്‍ജിനെ അറസ്റ്റുചെയ്ത് രണ്ടുതവണ കോടതിയിലെത്തിച്ചപ്പോഴും സമാനരീതിയില്‍ പോലീസ് തോറ്റിട്ടും പഠിച്ചില്ല.

മൂന്നാതമത് ജോര്‍ജിനെ ഒരു കേസില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി സ്ത്രീപീഡനക്കേസില്‍ അറസ്റ്റുചെയ്തു. ജോര്‍ജിനെ ചോദ്യം ചെയ്യുമ്പള്‍ തന്നെ ഒരു പരാതിക്കാരിയും പരാതിയും വരുന്നു. അതില്‍ കേസ് രജിസ്റ്റര്‍ചെയ്യുന്നു.

ആ സ്റ്റേഷനിലെ പോലീസുകാരെത്തി അറസ്റ്റുചെയ്യുന്നു. അപ്രതീക്ഷിതമായ കാര്യങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നടന്നപ്പോള്‍ കോടതിയും സംശയിച്ചത് പോലീസിന്റെ തിരക്കഥ തന്നെ. ഫലമോ ജോര്‍ജിന് ജാമ്യവും കിട്ടി.

ഇന്നലെ തലസ്ഥാനം കണ്ടതും അതുതന്നെ. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ശബരീനാഥനെ സാക്ഷിയായി വിളിച്ചുവരുത്തി ഗൂഢാലോചന പ്രതിയാക്കി മാറ്റാനായിരുന്നു പോലീസിന്റെ ശ്രമം. ശംഖുമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ ഡി കെ പ്രിഥ്വിരാജിന്റെ പോലീസ് ബുദ്ധി കോടതിയില്‍ മുഖമടിച്ചുവീണു. ഫലമോ നാണക്കേടും.

തൊണ്ണൂറുകളില്‍ വിജയിച്ചിരുന്ന ഭരണരീതിയാണ് പോലീസ് കേസും ഭീഷണിയും ഭരണകൂട ഇടപെടലുമൊക്കെ. അന്ന് കാക്കി കണ്ടാല്‍ പേടിച്ചിരുന്ന ആളുകള്‍ നിരവധിയായിരുന്നു. പക്ഷേ ഇന്നു കാലം മാറി.

രണ്ടര പതിറ്റാണ്ടിനപ്പുറം പോലീസിനെ ഉപകരണമാക്കിയാല്‍, ഇന്ന് സാമൂഹ്യമാധ്യമങ്ങളടക്കം സജീവമായ ഈ കാലത്ത് ഇത്തരം മണ്ടത്തരങ്ങള്‍ ചെയ്താല്‍ പോലീസ് ശശിയാകുമെന്നു പലരും പറഞ്ഞു തുടങ്ങി. പിഴയ്ക്കുന്ന പോലീസ് തന്ത്രങ്ങള്‍ നേരെയാക്കാന്‍ പഴയ റിട്ടയേര്‍ഡ് ഹെഡ് കോണ്‍സ്റ്റബിളിനെയെങ്കിലും മുഖ്യമന്ത്രി വയ്ക്കണം.

Advertisment