ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയപ്പോള്‍ വരന് വിവാഹസമയത്ത് കൃത്യമായി എത്താന്‍ സഹായിച്ചത് മെട്രോ. യുവദമ്പതികള്‍ക്ക് അഭിനന്ദങ്ങളും സമ്മാനവുമായി കൊച്ചി മെട്രോ

ന്യൂസ് ബ്യൂറോ, കൊച്ചി
Saturday, December 30, 2017

കൊച്ചി:  ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയപ്പോള്‍ വരന് വിവാഹത്തിന് കൃത്യസമയത്ത് എത്താന്‍ സഹായമായത് കൊച്ചി മെട്രോ. പാലക്കാട് സ്വദേശി രഞ്ജിത് കുമാറിനാണ് കൊച്ചിയിലെ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയപ്പോള്‍ മെട്രോയെ ആശ്രയിക്കേണ്ടി വന്നത്.

ഡിസംബര്‍ 23നായിരുന്നു പാലക്കാട് സ്വദേശിയായ രഞ്ജിത് കുമാറിന്റെ വിവാഹം. 130 കിലോമീറ്റര്‍ ദൂരെ എറണാകുളത്തായിരുന്നു വിവാഹവേദി. മൂന്നു മണിക്കൂര്‍ ദൂരം. ട്രാഫിക്ക് ബ്ലോക്കില്‍ പെടാതിരിക്കാന്‍ പുലര്‍ച്ചെ തന്നെ പുറപ്പെട്ടെങ്കിലും ഗതാഗത തടസ്സം നേരിട്ടതോടെ മുഹൂര്‍ത്തത്തിനുള്ളില്‍ വിവാഹ വേദിയില്‍ എത്താന്‍ സാധിക്കില്ലെന്ന അവസ്ഥ വന്നു. 11 മണിക്ക് ആലുവയിലെത്തിയെങ്കിലും വന്‍ ട്രാഫിക്ക്. വിവാഹവേദിയിലെത്താന്‍ വൈകുമെന്ന് ഉറപ്പായതോടെ ആശ്രയം കൊച്ചി മെട്രോ.

ടിക്കറ്റ് എടുക്കുന്നതിനും നീണ്ട നിര. ഒടുവില്‍ അധികൃതരെ കണ്ട് തന്റെ വിവാഹമാണെന്നും ട്രാഫിക്ക് ജാം മൂലം യാത്ര തുടരാന്‍ സാധിക്കാത്തതിനാലാണ് മെട്രോയിലെത്തിയതെന്നും പറഞ്ഞപ്പോള്‍ അധികൃതര്‍ ടിക്കറ്റ് നല്‍കി. അങ്ങനെ സമയത്ത് വിവാഹവേദിയിലെത്തി.

മെട്രോ രക്ഷിച്ച രഞ്ജിത്തിന്റെയും ധന്യയുടെയും സിനിമാറ്റിക് സ്‌റ്റൈലിലുള്ള കല്യാണക്കഥ മെട്രോ തന്നെയാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. ‘ഞങ്ങള്‍ ജീവിതങ്ങളെ തൊടുന്നു എന്ന് പറയുമ്പോള്‍ അതില്‍ ഒട്ടും അതിശയോക്തി കലര്‍ത്തുന്നില്ല’ എന്ന വാചകത്തോടെയാണ് രഞ്ജിത്തിന്റെയും ധന്യയുടെയും കല്യാണക്കഥ മെട്രോ അവതരിപ്പിച്ചിരിക്കുന്നത്.

കൊച്ചിമെട്രോയുടെ ‘കൊച്ചി വണ്‍’ സ്മാര്‍ട്ട് കാര്‍ഡും ദമ്പതികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. മെട്രോയില്‍ സൗജന്യ യാത്ര അനുവദിക്കുന്നതാണ് സ്മാര്‍ട് കാര്‍ഡ്.

 

×