Advertisment

ആറ് ജില്ലകളിലെ മലയോര വാസികൾക്ക് സന്തോഷ വാർത്ത. വനഭൂമി പതിച്ചുകൊടുക്കാനുള്ള നിയമങ്ങളിൽ കേന്ദ്രം ഇളവ് വരുത്തിയതോടെ തുടർനടപടികൾ വേഗത്തിലാക്കി സംസ്ഥാനം. കൈയേറ്റ ഭൂമി തിട്ടപ്പെടുത്താൻ കളക്ടർമാർക്ക് നിർദ്ദേശം. ഏറ്റവും ആളുകൾക്ക് പ്രയോജനം ഇടുക്കിയിൽ. ആനുകൂല്യം 1996ന് മുൻപ് കൈവശത്തിലുള്ള ഭൂമിക്ക്

New Update
chakkittappara.jpeg

തിരുവനന്തപുരം: ആറ് ജില്ലകളിലെ മലയോര വാസികൾക്ക് സന്തോഷ വാർത്തയാണിത്. ഏറെക്കാലമായുള്ള അവരുടെ ആവശ്യത്തിന് പരിഹാരമാവുകയാണ്. വനഭൂമി പതിച്ചുകൊടുക്കാനുള്ള നിയമങ്ങളിൽ കേന്ദ്രം ഇളവ് വരുത്തിയതിനു പിന്നാലെ തുടർനടപടികൾ സംസ്ഥാനവും വേഗത്തിലാക്കിയിരിക്കുകയാണ്.

Advertisment

കൈയേറ്റ ഭൂമി തിട്ടപ്പെടുത്താൻ ജില്ലാ കളക്ടർമാർക്ക് സർക്കാർ നിർദ്ദേശം നൽകിക്കഴിഞ്ഞു. ഇതോടെ രേഖയിൽ വനം എന്നാണെങ്കിലും പതിറ്റാണ്ടുകളായി ജനവാസ മേഖലകളായി മാറിയ ആയിരക്കണക്കിന് ഏക്കർ ഭൂമി കൈവശക്കാർക്ക് പതിച്ചു കൊടുക്കാനാവും. മലയോരവാസികളുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള ആവശ്യമാണിത്.

രേഖയിൽ വനം എന്നാണെങ്കിലും ജനവാസ മേഖലകളായി മാറിയ ഭൂമി ഏറ്റവുമധികമുള്ളത് ഇടുക്കി ജില്ലയിലാണ്.

പത്തനംതിട്ട, വയനാട്, പാലക്കാട്, തൃശ്ശൂർ, തിരുവനന്തപുരം ജില്ലകൾക്കും കേന്ദ്ര തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും. കേന്ദ്ര വനസംരക്ഷണ നിയമഭേദഗതി ലോകസഭ ആഗസ്റ്റിൽ പാസാക്കിയതോടെ പതിച്ചുകൊടുക്കലിനുള്ള സാങ്കേതിക തടസം നീങ്ങിയിരുന്നു. എന്നാൽ ചട്ടങ്ങൾ തയ്യാറാക്കുന്നത് നീണ്ടുപോവുകയായിരുന്നു.

1980 ലെ കേന്ദ്ര വനസംരക്ഷണ നിയമത്തിലെ രണ്ടാം വകുപ്പ് പ്രകാരം കേന്ദ്രത്തിന്റെ അനുമതി വേണമായിരുന്നു. ഇനി മുതൽ കേന്ദ്രാനുമതി വേണ്ട. ഒരേക്കറിന് കേന്ദ്രാനുമതി ലഭിക്കണമെങ്കിൽ രണ്ട് ഏക്കർ വനം വകുപ്പിന് വനവത്കരണത്തിന് വിട്ടു നൽകണമായിരുന്നു. പകരം കൊടുക്കൻ ഭൂമിയില്ലാത്തതിനാൽ കേന്ദ്രാനുമതി അത്ര എളുപ്പമായിരുന്നില്ല.

1996 -ലെ സുപ്രീം കോടതി വിധി പ്രകാരവും ഒരിക്കൽ റവന്യൂ രേഖയിൽ വനം എന്നു രേഖപ്പെടുത്തിയ പ്രദേശം വനം വകുപ്പിന്റെ ഒഴിവാക്കൽ വിജ്ഞാപനത്തിലൂടെ വനേതര ഭൂമിയായി പ്രഖ്യാപിക്കാത്തിടത്തോളം ഭൂപതിവ് അസാദ്ധ്യമായിരുന്നു.

 അത്തരത്തിൽ വിജ്ഞാപനം ചെയ്യണമെങ്കിൽ ആദ്യം കേന്ദ്രാനുമതി നേടണം.ഇനി അതും വേണ്ട. 1996ന് മുമ്പ്മുതൽ കൈവശംവച്ചുവരുന്ന ഭൂമിക്കാണ് ആനുകൂല്യം കിട്ടുക. പഞ്ചായത്ത് പരിധിയിൽ കൃഷിക്ക് നാല് ഏക്കറും വീടിനും കെട്ടിടത്തിനും 15 സെന്റും പതിച്ചു നൽകും. കൂടുതൽ കൈവശമുണ്ടെങ്കിൽ അതു സർക്കാർ ഭൂമിയാക്കും. കോർപ്പറേഷന്റെ പരിധിയിലാണെങ്കിൽ 5 സെന്റും നഗരസഭാ പരിധിയിലാണെങ്കിൽ പത്തു സെന്റും വീടിനും കെട്ടിടത്തിനും പതിച്ചു നൽകും. 

വനത്തിലൂടെ കടന്നു പോകുന്ന റോഡുകൾ, റെയിൽപ്പാതകൾ എന്നിവയുടെ വശങ്ങളിലുമുള്ള നിശ്ചിത ഭൂമി (പരമാവധി 0.10 ഹെക്ടർ) വനമല്ലാതാക്കി. റോഡ് വികസനത്തിന് ഇത് വേഗത കൂട്ടും. വനത്തിനുള്ളിൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കുക, വേലിയോ മതിലോ കെട്ടുക, ട്രെഞ്ച് കുഴിക്കുക തുടങ്ങിയവയ്ക്ക് തടസ്സമില്ല. ഇക്കോ ടൂറിസത്തിനുള്ള നിർമ്മാണങ്ങൾ നടത്താം. പാലങ്ങളോ കലുങ്കുകളോ ചെക്ക്ഡാമുകളോ നിർമ്മിക്കാൻ തടസ്സമില്ല.

land
Advertisment