Advertisment

കടമായി പറഞ്ഞുവെച്ച ലോട്ടറിയ്‌ക്ക് 6 കോടിയുടെ ബമ്പർ: കോടികളുടെ പ്രലോഭനത്തിന് മുന്നിൽ കണ്ണ് മഞ്ഞളിക്കാതെ ഉറച്ചു നിന്ന ലോട്ടറിവിൽപനക്കാരിക്ക് അപ്രതീക്ഷിത സമ്മാനവുമായി ചന്ദ്രൻ

New Update

publive-image

Advertisment

കൊച്ചി: ആലുവ സ്വദേശിയായ ചന്ദ്രനെ തേടിയെത്തിയ ആറ് കോടിയുടെ ഭാഗ്യ കഥ മലയാളികൾക്ക് അത്രപെട്ടന്ന് മറക്കാനാവില്ല. കോടികളുടെ പ്രലോഭനത്തിന് മുന്നിൽ കണ്ണ് മഞ്ഞളിക്കാതെ ഉറച്ചു നിന്ന സ്മിജയുടെ വാക്കാണ് ചന്ദ്രനെ കോടീശ്വരനാക്കിയത്. കഴിഞ്ഞ മാർച്ചിൽ ബമ്പറടിച്ച ചന്ദ്രന് കഴിഞ്ഞ ദിവസമാണ് പണം ലഭിച്ചത്. ഇതിന് പിന്നാലെ സ്മിജയ്‌ക്ക് സമ്മാനവുമായി എത്തിയിരിക്കുകയാണ് ചന്ദ്രൻ.

ഓണം ബമ്പർ ലോട്ടറി എടുക്കാനാണെന്ന് സ്മിജയെ വീട്ടിൽ വിളിച്ചു വരുത്തിയ ശേഷമാണ് ചന്ദ്രൻ സമ്മാനം നൽകിയത്. ഒരു ലക്ഷം രൂപയാണ് ചന്ദ്രൻ സ്മിജയ്‌ക്ക് നൽകിയത്. ലോട്ടറി വിറ്റതിന്റെ കമ്മീഷൻ തുക 60 ലക്ഷത്തിൽ നികുതി കിഴിച്ച് സ്മിജയ്‌ക്ക് 51 ലക്ഷം രൂപ കഴിഞ്ഞ മാസം ലഭിച്ചിരുന്നു.

കഴിഞ്ഞ മാർച്ചിലാണ് സംസ്ഥാന സർക്കാരിന്റെ സമ്മർ ബമ്പർ ലോട്ടറി ചന്ദ്രൻ ഫോണിലൂടെ കടം പറഞ്ഞ് ഉറപ്പിച്ച എസ്.ഡി 316142 എന്ന നമ്പറിന് ലഭിച്ചത്. പട്ടിമറ്റം ഭാഗ്യലക്ഷ്മി ഏജൻസിയിൽ നിന്ന് ലോട്ടറിയെടുത്ത് രാജഗിരി ആശുപത്രിക്ക് മുൻപിലാണ് സ്മിജ വിൽപ്പന നടത്തുന്നത്.

സംഭവം നടന്ന ദിവസം വൈകുന്നേരം 12 ബമ്പർ ടിക്കറ്റുകൾ ബാക്കി വന്നതോടെ സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന ചന്ദ്രനോട് ഒരു ടിക്കറ്റ് എടുക്കാൻ സ്മിജ ആവശ്യപ്പെടുകയായിരുന്നു. ഫോണിലൂടെ നമ്പറുകൾ ചോദിച്ചറിഞ്ഞ ചന്ദ്രൻ ടിക്കറ്റ് തിരഞ്ഞെടുക്കുകയും അത് സ്മിജ സൂക്ഷിക്കുകയും ചെയ്തു.

ഒരു മാസം കഴിഞ്ഞ് ടിക്കറ്റ് നിരക്കായ 200 രൂപ തരാമെന്നാണ് ചന്ദ്രൻ പറഞ്ഞിരുന്നത്. ചന്ദ്രനാണ് ലോട്ടറി അടിച്ചതെന്നറിഞ്ഞ ഉടൻ തന്നെ സ്മിജ ചന്ദ്രനെ വിളിച്ച് അറിയിച്ചിരുന്നു. കീഴ്മാട് ഡോൺ ബോസ്‌കോയിൽ പൂന്തോട്ട പരിപാലകനായി ജോലി ചെയ്യുകയാണ് ചന്ദ്രൻ.

സമ്മാനത്തുകയായി ഏജൻസി കമ്മീഷനും നികുതിയും കഴിഞ്ഞ് നാല് കോടി 20 ലക്ഷം രൂപയാണ് ചന്ദ്രന് ലഭിച്ചത്. പണം പോലും നൽകാത്ത ലോട്ടറി ടിക്കറ്റ് സമ്മാനം അടിച്ചിട്ടും വാക്ക് മാറാതെ ഉടമയെ ഏൽപിച്ച സ്മിജയുടെ സത്യസന്ധത ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

NEWS
Advertisment