Advertisment

മെക്കാനിക്കൽ ട്രേഡിൽ എഞ്ചിനീയറിങ്ങ് പാസായി രാഷ്ട്രീയവും ബിസിനസും സിനിമാ നിർമ്മാണവുമെല്ലാം ഒരുപോലെ കൊണ്ടുനടക്കുന്ന വ്യത്യസ്തനായ ഷിബു ബേബിജോണിന് ആർഎസ്‌പിയെ എന്ത് ചെയ്യാനാകും ? 'പേട്ട മുതൽ പേട്ട വരെയും ചവറ മുതൽ ചവറ' വരെയും എന്ന പഴയ പരിഹാസം ഏറ്റെടുക്കാനുള്ള ശക്തിപോലുമില്ലാത്ത വലത് മുന്നണിയിലെ ഇടത് പാർട്ടിയിലേക്ക് എന്തിന് പുതിയ ആളുകൾ ചേരണം ? ആകെയുള്ള ഏക ലോക്സഭാ സീറ്റുകൂടി നഷ്ടപ്പെട്ടാൽ സ്ഥിതി എന്താകും ? പുതിയ സെക്രട്ടറി ഷിബു ബേബി ജോണിന് മുൻപിലുള്ളത് ദുഷ്കരദൗത്യങ്ങളോ ?

New Update

publive-image

Advertisment

കൊല്ലം: '' ആളെണ്ണം കൊണ്ടല്ല ആർ.എസ്.പി കേരള രാഷ്‌ട്രീയത്തിൽ വേറിട്ട ശബ്ദമായത്, മറിച്ച് ഇടതുപക്ഷത്തെ കരുത്തുറ്റ തിരുത്തൽ ശബ്ദമായത് കൊണ്ടാണ്. ഭഗത് സിങ്ങിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഉണ്ടായ പാർട്ടിയാണിത്.

കേരളത്തിലെ ഇടതുപക്ഷത്ത് ഞങ്ങളില്ലെങ്കിലും, ജനങ്ങൾ ആഗ്രഹിക്കുന്ന യഥാർത്ഥ ഇടതുപക്ഷമായി ഞങ്ങൾ പ്രവർത്തിച്ചു മുന്നോട്ടു പോകും" - ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ഷിബു ബേബി ജോൺ പറഞ്ഞ വാക്കുകളാണിത്.

നിയമസഭാ പ്രാതിനിധ്യം കൂടി ഇല്ലാതെ വന്നതോടെ മെലിഞ്ഞ് നന്നേ ശോഷിച്ച അവസ്ഥയിലുളള ആർ.എസ്.പിയെ മുന്നോട്ടു നയിക്കുക എന്ന ദുഷ്ക്കരമായ ദൗത്യം ഏറ്റെടുത്തിരിക്കുന്ന ഷിബു ബേബിജോണിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്.

പേട്ട മുതൽ പേട്ട വരെയും ചവറ മുതൽ ചവറ വരെയും എന്നതായിരുന്നു ആർ.എസ്.പിയുടെ സംഘടനാ കരുത്തിനെപ്പറ്റിയുളള പരിഹാസം. കെ. പങ്കജാക്ഷനും ഒടുവിൽ ‌ടി.ജെ. ചന്ദ്രചൂഢനും മരിച്ചതോടെ പേട്ടയിലെ ആർ.എസ്.പി എന്നത് പഴങ്കഥകളിലെ പെരുമ മാത്രമാണ്.


പഴയ ആളുകൾ മാത്രം ഓർക്കുന്ന കൗമുദി ബാലകൃഷ്ണൻ മുതൽ ഇങ്ങോട്ട് കെ. പങ്കജാക്ഷൻ വരെയുളളവരുടെ പെരുമ. ചവറയിലും ബേബിജോണിൻെറ കാലത്തെ പോലെ ആർ.എസ്.പി ഒരു അനിഷേധ്യ ശക്തിയ‌ല്ല. കരിമണലിൻെറ നാട്ടിൽ തൊഴിലാളികളുടെ കരുത്തിൽ വളർന്ന ആർ.എസ്.പി ഇന്ന് ദുർബലമായ സാന്നിധ്യം മാത്രമാണ്.


രണ്ട് നിയമസഭാ തെരഞ്ഞെ‌‌ടുപ്പുകളിലെ തുടർച്ചയായ തോൽവിയോടെ ഉളളവർ തന്നെ കൊഴിഞ്ഞു പോകുന്നു. ആർ.എസ്.പി എന്ന വികാരം മനസിൽ പേറുന്നവരുളള പഴയ ശക്തി കേന്ദ്രങ്ങളിലെങ്കിലും പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനായാൽ അതാകും സെക്രട്ടറി പദത്തിൽ അവരോധിതനായ ഷിബു ബേബിജോണിൻെറ ഏറ്റവും വലിയ നേട്ടം. എന്നാൽ പുതിയ കാലത്ത് അത് അത്ര എളുപ്പമല്ല.

ആളുകളെ ആശയത്തിൻെറ അടിസ്ഥാനത്തിൽ സംഘടിപ്പിക്കുകയും ആശയങ്ങളോട് പ്രതിബദ്ധത പുലർത്തുന്നവരെ കർശനമായ പരിശോധനയിലൂടെ പാർട്ടി അംഗങ്ങളാക്കുകയും ചെയ്യുന്ന ഇടത് പാർട്ടികളുട‌െ പരമ്പരാഗതമായ പാർട്ടി വളർത്തൽ രീതി തന്നെ ഇന്നില്ല.

ലോകം ഒരു വിരൽ തുമ്പിലേക്കെത്തുന്ന ഡിജിറ്റൽ യുഗത്തിൽ ഇടതുപക്ഷം ആകെ തന്നെ ആശയപരമായി ദുർബലപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആ കാലത്ത് വലത് മുന്നണിയിൽ നിൽക്കുന്ന ഇടത് പാർട്ടിയായ ആർ.എസ്.പിയിലേക്ക് എന്തിന് പുതിയ ആളുകൾ ചേരണം എന്ന ചോദ്യത്തോട് എങ്ങനെ പ്രതികരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ആർ.എസ്.പിയുടെ ഭാവിയും വളർച്ചയും..

ആം ആദ്മി പാർട്ടി പോലെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ ശക്തമായി നിലപാടെടുക്കുന്ന പാർട്ടിയായി മാറുകയും ജനങ്ങളുടെ വിഷയങ്ങളിൽ ശക്തമായി ഇടപെടുകയും ചെയ്താൽ മാത്രമേ ഉയിർത്തെഴുന്നേൽപ് സാധ്യമാകൂ. അതിനുളള ആർജവവും കരുത്തും പ്രകടിപ്പിക്കാൻ ആർ.എസ്.പി നേതൃത്വത്തിന് കഴിയുമോ എന്നതാണ് ചോദ്യം.


യു.ഡി.എഫിൻെറ ഭാഗമായി നിൽക്കുന്ന ആർ.എസ്.പിക്ക് മുന്നിലുളള അടുത്ത കടമ്പ 2024 ലെ ലോകസഭാ തെരഞ്ഞെടുപ്പാണ്. ബംഗാളിൽ പൊടി പോലുമില്ല കണ്ടുപിടിക്കാൻ എന്ന സ്ഥിതിയിലായതോടെ കേരളം മാത്രമാണ് ആർ. എസ്.പിയുടെ പ്രതീക്ഷ. 2014 മുതൽ പ്രേമചന്ദ്രനിലൂടെ ജ‌യിച്ചുവരുന്ന കൊല്ലം ലോകസഭാ സീറ്റ് നിലനിർത്തേണ്ടത് ആർ.എസ്.പി കേരള ഘടകത്തിന് ജീവന്മരണ പ്രശ്നമാണ്.


2014ൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി‌യേയും 2019ൽ കെ.എൻ.ബാലഗോപാലിനെയും തറപറ്റിച്ചാണ് പ്രേമചന്ദ്രൻ വിജയക്കൊടി പാറിച്ചത്. ഇത്തവണ എന്തുവന്നാലും പ്രേമചന്ദ്രനെ തോൽപ്പിച്ചേ അടങ്ങൂ എന്ന വാശയിലുളള സി.പി.എം അതിനുളള നീക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. പ്രേമചന്ദ്രനാണെങ്കിൽ പണ്ടത്തെ അത്ര കരുത്തനുമല്ലിപ്പോൾ.

നിയമസഭാ മണ്ഡലങ്ങളുടെ കണക്ക് വെച്ച് പരിശോധിച്ചാൽ എൽ.ഡി.എഫിന് അനായാസം ജയിച്ചുകയറാവുന്ന സ്ഥലമാണ് കൊല്ലം ലോകസഭാ മണ്ഡലം. കാരണം ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ എല്ലായിടത്തും ഇടതുപക്ഷമാണ് ജയിച്ചിട്ടുളളത്. സംഘടനാപരമായും രാഷ്ട്രീയമായും അനുദിനം ക്ഷീണിച്ചുകൊണ്ടിരിക്കുന്ന യു.ഡി.എഫിൻെറ വിശിഷ്യ‌ാ കോൺഗ്രസിൻെറ കരുത്തിൽ വേണം ഈ സാഹചര്യത്തെയെല്ലാം അതിജീവിക്കാൻ.

പടലപിണക്കങ്ങളും ഗ്രൂപ്പുപോരും കൊണ്ട് വഷളായി കിടക്കുന്ന കൊല്ലത്തെ കോൺഗ്രസിനെ ഒരുമിച്ച് നിർത്തി വിജയം കൊയ്യേണ്ടത് ആർ.എസ്.പിയ‌ുടെ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം ഏറ്റെടുത്ത് പാർട്ടി‌യേയും മുന്നണിയേയും മുന്നിൽ നിന്ന് നയിക്കാൻ ഷിബു ബേബി ജോണിന് കഴിഞ്ഞാൽ പിടിച്ചുനിൽക്കാം.

കാരണം കൊല്ലത്തെ ലോകസഭാ വിജയത്തിൽ തൂങ്ങിയാണ് ആർ.എസ്.പിയുടെ സ്റ്റേറ്റ് പാർട്ടി എന്ന പദവി കിടക്കുന്നത്. അല്ലെങ്കിൽ വെറും പ്രാദേശിക പാർട്ടിയായി മാറും.


ലോകസഭ കഴിഞ്ഞാൽ തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെര‍ഞ്ഞെടുപ്പും വരുന്നുണ്ട്. പാർട്ടിയുടെ സംഘടനാപരമായ കരുത്ത് ഉയർത്താതെ കൂടുതൽ സീറ്റ് വാങ്ങിയെടുക്കാനാവില്ല. അല്ലെങ്കിൽ ആറ്റിങ്ങൽ സംവരണ സീറ്റും ചവറ ജനറൽ സീറ്റും കൊണ്ട് ഒതുങ്ങേണ്ടി വരും.


പാർട്ടിയിലെ അസ്വരസ്യങ്ങൾ ഇല്ലാതാക്കേണ്ട ഉത്തരവാദിത്തവും പുതിയ സെക്രട്ടറി ഷിബു ബേബിജോണിൽ നിക്ഷിപ്തമാണ്.

പ്രായം അറുപത് വയസിലേക്ക് എത്തുമ്പോഴാണ് ഷിബു ബേബിജോൺ ആർ.എസ്.പിയുടെ സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് എത്തുന്നത്. അച്ഛൻ ബേബിജോണും പ്രായം എഴുപതിലേക്ക് എത്തിയപ്പോഴാണ് ആർ.എസ്.പിയുടെ അമരത്തേക്ക് വന്നത്. മെക്കാനിക്കൽ ട്രേഡിൽ എഞ്ചിനീയറിങ്ങ് പാസായ ഷിബു ബേബിജോൺ രാഷ്ട്രീയവും കുടുംബ ബിസിനസും സിനിമാ നിർമ്മാണവും എല്ലാം ഒരുപോലെ കൊണ്ടുനടക്കുന്ന വ്യത്യസ്തനായ രാഷ്ട്രീയക്കാരനാണ്.

ഒരേസമയം പലകാര്യങ്ങളിൽ വ്യാപൃതനായതിനാൽ എല്ലാത്തിലും പൂർണമികവ് ഉണ്ടാകണമെന്നില്ല. ഇക്കാരണം കൊണ്ടുതന്നെ മുഴുവൻ സമയ രാഷ്ട്രീയക്കാരന് വേണ്ട നയചാതുരിയും കൗശലവും പയറ്റുമികവും ഷിബുവിന് അൽപ്പം കുറയും. മനസ്സിൽ തോന്നുന്നത് അതേപടി പറയുന്ന സ്വഭാവും ഉണ്ട് . പക്ഷെ , പ്രതികരണങ്ങളിൽ സൂക്ഷ്മത പുലർത്തുകയും പൊളിറ്റിക്കൽ കറക്റ്റൻസ് പാലിക്കുകയും ചെയ്യേണ്ടത് പുതിയ കാലത്തിൻെറ അനിവാര്യതയാണ്.

ഇത്തരം വ്യക്തിപരമായ പരിമിതികളെയും മറികടക്കണമെന്ന് പുതിയ പദവി ഷിബു ബേബി ജോണിനോട് ആവശ്യപ്പെടുന്നുണ്ട്. കാലത്തിൻെറ രാഷ്ട്രീയവും സംഘടനാപരവും വ്യക്തിപരവുമായ വെല്ലുവിളികളെ മറികടക്കാനുമായാൽ  ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ ഷിബുവിൻെറ പേര് അച്ഛൻ ബേബി ജോണിൻേറത് പോലെ ചരിത്രത്തിൽ രേഖപ്പെടുത്തുക തന്നെ ചെയ്യും.

Advertisment