Advertisment

'ഒരു വീട്ടിൽ ഒരു പ്ലാവ് ' പദ്ധതിക്ക് തുടക്കമായി. നട്ടത് 1000 തൈകൾ. കെ.എം മാണി ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ പ്ലാവ് നടീൽ പാലായിൽ ആരംഭിച്ചു

New Update

publive-image

Advertisment

'ഒരു വീട്ടിൽ ഒരു പ്ലാവ് ' പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് പ്ലാവിൻ തൈ സ്വന്തം പുരയിടത്തിൽ നട്ട് കെ.എം മാണി ഫൗണ്ടേഷൻ ചെയർമാൻ ജോസ് കെ മാണി ഉദ്ഘാടനം ചെയ്യുന്നു

പാലാ: ഒരു വീട്ടിൽ ഒരു പ്ലാവ് വച്ചുപിടിപ്പിക്കൽ പദ്ധതിക്ക് പാലായിൽ തുടക്കമായി. രണ്ട് വർഷം കൊണ്ട് കായ്ഫലം തരുന്ന അത്യുൽപാദനശേഷിയുള്ള പ്ലാവിൻ തൈ സ്വന്തം വീട്ടുമുറ്റത്ത് നട്ടുകൊണ്ട് കെ.എം മാണി ഫൗണ്ടേഷൻ ചെയർമാൻ ജോസ് കെ മാണി പ്ലാവിൻ തൈ നടീലിന് തുടക്കം കുറിച്ചു.

കീടനാശിനിയോ മറ്റ് വിഷപദാർത്ഥങ്ങളുടെയോ പ്രയോഗമില്ലാത്ത കായ്ഫലം നൽകുന്ന പ്ലാവ് കൃഷി പ്രോത്സാഹിപ്പിക്കുവാൻ ജോസ് കെ മാണി കർഷകരെ ആഹ്വാനം ചെയ്തു. ഉയരം വയ്ക്കാത്ത ഇനമായതിനാൽ ആർക്കും വളരെ എളുപ്പത്തിൽ പറിച്ചെടുക്കുകയും ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു.

ആദ്യഘട്ടത്തിൽ പാലാ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് കേന്ദ്രങ്ങിലായി ആയിരം പ്ലാവിൻ തൈകളാണ് ഇന്നലെ നട്ടത്. കെഎം മാണി ഫൗണ്ടേഷൻ്റെയും വേൾഡ് മലയാളി കൗൺസിലിൻ്റെയും ഗ്രീൻ വേൾഡ് ക്ലീൻ വേൾഡ് ഫൗണ്ടേഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പാലാ നിയോജക മണ്ഡലത്തിൽ ഉടനീളം വ്യാപകമായ പ്ലാവ് നടീൽ പദ്ധതി നടപ്പാക്കുന്നത്.

ഇരുനൂറ് രൂപയിലേറെ വിലവരുന്ന ആയുർ ജാക്ക് അഥവാ വിയറ്റ്നാം സൂപ്പർ ഏർളി പ്ലാവിൻ തൈകളാണ് തികച്ചും സൗജന്യമായി സംഘാടകർ വിതരണം ചെയ്തത്. രണ്ടാം വർഷം മുതൽ കായ്ഫലം തരുന്നതും വർഷത്തിൽ രണ്ട് തവണ കായ്ക്കുന്നതുമാണ് ഈ പ്ലാവുകൾ.

ശരാശരി പതിനഞ്ച് അടി ഉയരത്തിൽ മാത്രമാകും വളരുക. പാലാ മുൻസിപ്പാലിറ്റി, തലനാട്, പ്ലാശനാൽ, ഇടനാട്, കുടക്കച്ചിറ, വലവൂർ, രാമപുരം, കടനാട്, പയസ് മൗണ്ട്, മൂന്നിലവ്, പൂവരണി, ഇടമറ്റം, കൊഴുവനാൽ, മുത്തോലി, പന്തത്തല, പൈക എന്നിവിടങ്ങളിലും പ്ലാവിൻ തൈകൾ വിതരണം ചെയ്തു.

ജോർജ് കുളങ്ങര ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര, ഫിലിപ്പ് കുഴികുളം, വർഗ്ഗിസ്തരകൻ, ജോസ് പുതുകാടൻ, സുജിത്ത് ശ്രീനിവാസൻ, ജോസുകുട്ടി പൂവേലി, സാവിയോ കാവുകാട്ട്, ബൈജു കൊല്ലംപറമ്പിൽ, സന്തോഷ് മണർകാട്ട്, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ലീനാ സണ്ണി എന്നിവർ പങ്കെടുത്തു.

pala news
Advertisment