Advertisment

ആയിരത്തഞ്ഞൂറോളം വീടുകളിൽ മാണി സാറിൻ്റെ ഓർമ്മച്ചിത്രവുമായി ജോസ് കെ മാണി

New Update

publive-image

Advertisment

പാലാ: പാലാ നിയോജക മണ്ഡലത്തിൽ പഠനത്തിൽ മികവ് തെളിയിച്ച ആയിരത്തി നാനൂറ്റി മുപ്പത്തിയാറ് വിദ്യാർത്ഥികളെ നേരിട്ട് കണ്ട് ജോസ് കെ മാണി. കേരളാ സിലബസിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയാണ് കേരള കോൺഗ്രസ് എം ചെയർമാൻ വീടുകളിൽ നേരിട്ടെത്തി കണ്ടത്.

കെ.എം മാണി ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ മേഖലയിൽ നടത്തിവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഫൗണ്ടേഷൻ ചെയർമാൻ കൂടിയായ ജോസ് കെ മാണി വിദ്യാർത്ഥികളെ അവരുടെ ഭവനങ്ങളിൽ നേരിട്ടെത്തി അഭിനന്ദിക്കുക എന്ന ശ്രമകരമായ ദൗത്യം ഏറ്റെടുത്തത്.

ഷീൽഡും സർട്ടിഫിക്കേറ്റും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരമാണ് വിദ്യാർത്ഥികൾക്ക് നൽകിയത്. നിയോജക മണ്ഡലത്തിലെ പന്ത്രണ്ട് പഞ്ചായത്തുകളിലും നഗരസഭയിലുമുള്ള വീടുകളിലെത്തിയാണ് അവാർഡുകൾ വിതരണം ചെയ്തത്.

രാവിലെ എട്ടരയ്ക്ക് തുടങ്ങിയ അവാർഡ് ദാനം പല ദിവസങ്ങളിലും രാത്രി പത്തരവരെ നീണ്ടു. രാഷ്ട്രിയ തിരക്കുകൾക്കിടയിലും ഇത്രയേറെ ഭവനങ്ങളിൽ നേരിട്ടെത്തിയ ജോസ് കെ. മാണിയുമായി വിദ്യാർത്ഥികളും മാതാപിതാക്കളും തങ്ങളുടെ സന്തോഷം പങ്കുവച്ചു. അവാർഡുകൾ നൽകാൻ സാധിക്കാത്ത ഏതാനും വിദ്യാർത്ഥികൾക്ക് അടുത്ത ദിവസം തന്നെ അവ സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.

'അസ്പയർ 2021 എക്സലൻസ് അവാർഡ് ദാനം' എന്ന പേരിൽ ഭവനങ്ങളിലെത്തി അവാർഡ് സമ്മാനിക്കുന്ന പദ്ധതിയ്ക്ക് പാലാ സെൻ്റ് തോമസ് ഹൈസ്ക്കൂളിൽ വച്ച് തുടക്കം കുറിച്ചത് പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ്ബ് മുരിക്കൻ പിതാവാണ്.

തലനാട് പഞ്ചായത്തിൽ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് പഞ്ചായത്ത് കേന്ദ്രീകരിച്ചും ഏതാനും സ്ഥലങ്ങളിൽ ഭവനങ്ങൾ കേന്ദ്രീകരിച്ചുമാണ് വിദ്യാർത്ഥികൾ അവാർഡ് ഏറ്റുവാങ്ങിയത്.

ഭാവിയിലെ വാഗ്ദാനങ്ങളെ നേരിട്ട് കാണുക എന്ന ആശയം ജോസ് കെ മാണിയുടെതായിരുന്നു. കെ.എം.മാണി ജീവിച്ചിരുന്ന കാലത്തും മികച്ച വിജയം കരസ്ഥമാക്കുന്ന കുട്ടികൾക്ക് അവാർഡുകൾ നൽകിയിരുന്നു.

പാർലമെൻ്റംഗമായിരിക്കെ കോട്ടയം പാർലെമെൻറ് മണ്ഡലത്തിൽ നേടിയെടുത്ത സയൻസ് സിറ്റിയും ഇവിടെ സ്ഥാപിച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ജില്ലയിലെ പ്രതിഭകൾക്ക് വൻ അവസരങ്ങളാണ് നൽകുന്നത്. കോട്ടയം ജില്ലയെ കേരളത്തിൻ്റെ വിദ്യാഭ്യാസ തലസ്ഥാനമാക്കണമെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നതിൻെറ സൂചനയാണ് പാലായിലെ ഉയർന്ന വിജയശതമാനം നൽകുന്നതെന്ന് ജോസ് കെ മാണി പറഞ്ഞു.

കുട്ടികളെ നേരിട്ട് അഭിനന്ദിച്ച ജോസ് മാതാപിതാക്കളെയും അദ്ധ്യാപകരെയും അഭിനന്ദിക്കാനും മറന്നില്ല. കോവിഡ് കാലത്ത് കുട്ടികൾക്ക് റെക്കോർഡ് മാർക്ക് ലഭിച്ചത് രക്ഷകർത്താക്കളുടെ നിർലോഭമായ പിന്തുണകൊണ്ടു കൂടിയാണ്. ഓൺലൈനിലൂടെയാണെങ്കിലും കുട്ടികളെ പരീക്ഷക്ക് പ്രാപ്തരാക്കാൻ അധ്യാപകർ നടത്തിയ ശ്രമങ്ങൾ എന്നും ഓർമ്മിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

ഉന്നത പഠനത്തിന് അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ജോസ് കെ മാണി പറഞ്ഞു.

jose k mani
Advertisment