Advertisment

ഗ്രാമീണ സർവ്വീസുകളും ഓർഡിനറി സർവ്വീസുകളും പിൻവലിച്ചത് രക്ഷിതാക്കൾക്ക് വലിയ ബാദ്ധ്യത. ബസുകൾ ഓടിക്കുന്നില്ലെങ്കിൽ സ്കൂളിൽ എത്താൻ വിദ്യാർത്ഥികൾ വലയും !

New Update

publive-image

Advertisment

കോട്ടയം: കെഎസ്ആർടിസി ഗ്രാമീണ സർവ്വീസുകളിൽ നിന്ന് പിൻവലിഞ്ഞതും സ്വകാര്യ ബസുകൾ സർവീസ് നിർത്തിയതും വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തി വയ്ക്കും. നവംബറിൽ വിദ്യാർത്ഥികൾക്ക് സ്കൂളിൽ എത്തണമെങ്കിൽ പകരം സംവിധാനം കണ്ടെത്തേണ്ടി വരും.

കെഎസ്ആർടിസി 2500-ൽ പരം ബസുകളാണ് ഓടിക്കാതെ പാർക്കിംഗ് പൂളിൽ പിടിച്ചിട്ടിരിക്കുന്നത്. ഭൂരിഭാഗവും ഗ്രാമീണ മേഖലയിൽ ഓടിക്കൊണ്ടിരുന്ന ഓർഡിനറി ബസുകളാണ്. കോളജും സ്കൂളുകളും തുറക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും യാത്രാ സൗകര്യം ലഭ്യമാക്കുവാൻ ഈ ബസുകൾ നിരത്തിലിറക്കുന്നതിന് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല: സ്വന്തമായി വാഹനമില്ലാത്ത രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ എങ്ങനെ സ്കൂളിൽ എത്തിക്കുമെന്ന് ആശങ്കയിലാണ്.

ഭൂരിപക്ഷം വിദ്യാർത്ഥികളും പൊതു വിദ്യാലയങ്ങളിലാണ് പഠിക്കുന്നത്. സംസ്ഥാനത്തെ 12951 വിദ്യാലയങ്ങളിൽ വെറും 1042 സ്ഥാപനങ്ങൾക്ക് മാത്രമെ സ്വന്തമായി ബസുകൾ ഉള്ളൂ. 37 ലക്ഷത്തിൽ പരം വിദ്യാർത്ഥികളിൽ അൺ എയ്ഡഡ് മേഖലയിലെ 3.5 ലക്ഷം പേർക്ക് മാത്രമെ നാമമാത്ര ബസ് യാത്രാ സൗകര്യം ലഭ്യമാകുന്നുള്ളൂ.

പൊതു വിദ്യാലയങ്ങൾക്ക് സ്വന്തമായി ബസുകൾ ഇല്ല. സമ്പന്നരുടെ വിദ്യാർത്ഥികൾ പഠിക്കുന്ന അൺ എയ്ഡഡ് സ്കൂളുകൾക്ക് മാത്രമാണ് സ്വന്തമായി ബസുകൾ ഉള്ളത്. ഈ മേഖലയിലും യാത്രാപ്രശ്നം ഉണ്ടാകും. ഒരു സീറ്ററിൽ ഒരു വിദ്യാർത്ഥി എന്നതാണ് പുതിയ നിർദ്ദേശം. കൂടുതൽ വാഹനങ്ങൾ ക്രമീകരിച്ചാലേ ഇവിടെയും വിദ്യാർത്ഥികളെ എത്തിക്കുവാൻ കഴിയൂ.

വളരെ ചുരുങ്ങിയ വിദ്യാർത്ഥികളുമായി വാഹനസർവ്വീസ് വലിയ ബാദ്ധ്യതയാവും സ്ഥാപനങ്ങൾക്കും രക്ഷിതാക്കൾക്കും ഉണ്ടാക്കുക. ഭൂരിപക്ഷം വിദ്യാർത്ഥികളും താമസസ്ഥലത്തു നിന്നും വളരെ അകലെയുള്ള വിദ്യാലയത്തിലാണ് ഏകജാലകം വഴി അഡ്മിഷൻ ലഭിച്ചിട്ടുള്ളതും. ഇവിടെ വിദ്യാർത്ഥികളെ എത്തിക്കുക എന്നത് രക്ഷിതാക്കളെ നേരിട്ട് ബാധിക്കും.

ജനജീവിതം സാധരണ നിലയിൽ എത്തുകയും യാത്രാ ആവശ്യം വർദ്ധിക്കുകയും ചെയ്തിട്ടും കൂടുതൽ സർവ്വീസുകൾ ആരംഭിക്കുവാൻ ഒരു നടപടിയും ഉണ്ടാക്കിയിട്ടില്ല. 4800-ൽ പരം സർവീസ് ഉണ്ടായിരുന്ന കെഎസ്ആർടിസി ഇപ്പോൾ 3000-ൽ പരം സർവ്വീസുകൾ മാത്രമാണ് പ്രതിദിനം ഓപ്പറേറ്റ് ചെയ്യുന്നത്. അതും വളരെ ഉയർന്ന നിരക്ക് ഈടാക്കുന്ന സർവ്വീസുകൾ മാത്രം.

ഇന്ധന ചിലവ് ഇരട്ടിയായി വർദ്ധിക്കുകയും യാത്രക്കാരുടെ എണ്ണം കുറയുകയും ചെയ്തതോടെ സ്വകാര്യ സർവ്വീസ് ഓപ്പറേറ്റർമാരും ഗ്രാമീണ മേഖലയിൽ നിന്നും പിൻവലിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിദ്യാലയങ്ങൾ തുറക്കുന്നത്.

സർക്കാരിൻ്റെ ഉത്തരവിലും പൊരുത്തക്കേട് ഉണ്ട്. പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് നിരവധി പേരോടൊപ്പം യാത്ര ചെയ്ത് എത്തുന്ന വിദ്യാർത്ഥിയും സ്കൂൾ ബസിൽ ഒരു സീറ്റിൽ ഒറ്റയ്ക്കിരുന്ന് എത്തുന്ന വിദ്യാർത്ഥിയും ഒരു ക്ലാസിൽ ഒന്നിച്ചാണ് ഇരിക്കേണ്ടത്. സ്വകാര്യ ബസുകളിൽ യാത്രക്കാരെ കയറ്റിയ ശേഷം മാത്രമാകും വിദ്യാർത്ഥികളെ കയറ്റുക. ഇവിടെ ഒരു സീറ്ററിൽ ഒരു വിദ്യാർത്ഥി എന്ന സർക്കാർ നിർദ്ദേശം എങ്ങനെ നടപ്പാക്കാനാകും എന്നാണ് രക്ഷിതാക്കൾ ചോദിക്കുന്നത്.

ഭൂരിഭാഗം അദ്ധ്യാപകരും ശരാശരി 60 കി.മീ. യാത്ര ചെയ്യുന്നവരാണ്. ഇവരും സ്കൂളിൽ എത്തുവാനും തിരികെ പോകുവാനും വിഷമിക്കും. കെഎസ്ആർടിസിയിൽ നിന്നു യാത്ര അനുവദിക്കുന്നുമില്ല. ഫലത്തിൽ സ്കൂൾ തുറക്കുന്നതോടെ സ്വന്തം വാഹനം ഉള്ളരക്ഷിതാക്കൾ തങ്ങളുടെ മക്കൾക്ക് വാഹന സൗകര്യം ഉറപ്പു വരുത്തുകയും നിരത്തുകളിൽ ചെറുവാഹനങ്ങൾ നിറയുകയും ചെയ്യും.

സ്കൂൾ തുറക്കുന്നതോടെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും യാത്രക്കായി ഓർഡിനറി നിരക്കിലുള്ള പൊതുഗതാഗത സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടം അവശ്യപ്പെട്ടു.ഈ ആവശ്യം ഉന്നയിച്ച് അധികൃതർക്ക് നിവേദനവും നൽകി.

kottayam news
Advertisment