Advertisment

പാലാ അൽഫോൻസാ കോളജിലെ റൂസാ പദ്ധതികളുടെ ഉദ്ഘാടനം 21 ന്

author-image
സുനില്‍ പാലാ
Updated On
New Update

publive-image

Advertisment

പാലാ: അൽഫോൻസാ കോളജിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഏജൻസിയായ റൂസായുടെ ധനസഹായത്തോടെ പുതുതായി നിർമ്മിച്ച ഇൻഡോർ വോളീബോൾ സ്റ്റേഡിയത്തിൻ്റെയും പുനരുദ്ധാരണ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം 21 ന് നടക്കുമെന്ന് മാണി. സി .കാപ്പൻ എം എൽ എ, പ്രിൻസിപ്പൽ ഡോ സി റെജീനാമ്മ ജോസഫ്, ബർസാർ റവ ഡോ ജോസ് ജോസഫ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

രാവിലെ 11 ന് പുതിയ വോളീബോൾ കോർട്ടിൽ ചേരുന്ന സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും.

മാണി സി കാപ്പൻ എം എൽ എ മുഖ്യ പ്രഭാഷണം നടത്തും. എം പിമാരായ തോമസ് ചാഴികാടൻ, ജോസ് കെ മാണി, റൂസ കോ ഓഡിനേറ്റർ വി വിഗ്നേശ്വരി, പാലാ മുനിസിപ്പൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറെക്കര, മുനിസിപ്പൽ കൗൺസിലർ സാവിയോ കാവുകാട്ട്, പ്രിൻസിപ്പൽ ഡോ സിസ്റ്റർ റെജീനാമ്മ ജോസഫ്, ബർസാർ റവ ഡോ ജോസ് ജോസഫ്, റവ ഡോ ഷാജി ജോൺ, ഡോ സി മിനിമോൾ മാത്യു എന്നിവർ പ്രസംഗിക്കും.

2 കോടി രൂപയാണ് റൂസാ പദ്ധതി പ്രകാരം കോളജിൽ നിർമ്മാണ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി അനുവദിച്ചത്. ഇതിൽ 50 ലക്ഷം രൂപ മുടക്കിയാണ് കോളജിൽ പുതുതായി വിശാലമായ ഓപ്പൺ വോളിബോൾ കോർട്ടും ഓഡിറ്റോറിയവും നിർമ്മിച്ചിട്ടുള്ളത്. ഇതോടൊപ്പം 64 ലക്ഷം രൂപയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളും പൂർത്തീകരിച്ചു കഴിഞ്ഞു.

പുതിയ വോളിബോൾ കോർട്ട് കേരളത്തിൻ്റെ കായിക മേഖലയ്ക്കു ഒട്ടേറെ സംഭാവനകൾ നൽകിയ അൽഫോൻസ കോളജിനു മുതൽകൂട്ടാവുമെന്ന് അധികൃതർ പറഞ്ഞു. ഇതു വഴി വോളിബോൾ രംഗത്തുള്ള വിദ്യാർത്ഥികൾക്കു മെച്ചപ്പെട്ട പരിശീലനം ലഭ്യമാക്കാൻ സാധിക്കും. കോളജ് അധ്യാപകരായ ഡോ മായാ ജോർജ്, പ്രൊഫ രേഖാ മാത്യു എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.

ഉദ്ഘാടനത്തോടനുബന്ധിച്ചു പാലാ അൽഫോൻസാ കോളജും ആലുവ സെൻ്റ് സേവ്യേഴ്സ് കോളജും തമ്മിലുള്ള പ്രദർശന വോളീബോൾ മത്സരവും നടത്തും. കായിക പരിശീലകൻ ഡോ തങ്കച്ചൻ മാത്യുവും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Advertisment