Advertisment

കിടങ്ങൂരില്‍ കഞ്ചാവ് മാഫിയ തഴച്ചു വളരുന്നു; പോലീസിന്റെ സഹായത്തോടെയെന്ന് ആക്ഷേപം

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കിടങ്ങൂര്‍: കിടങ്ങൂര്‍ ടൗണിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് മാഫിയ അരങ്ങുവാഴുന്നു. പോലീസാകട്ടെ ഇവിടെ നോക്കുകുത്തിയും. പരാതിയേറുമ്പോള്‍ അഡ്ജസ്റ്റുമെന്റിന്റെ പേരില്‍ രണ്ടോ മൂന്നോ ഗ്രാം കഞ്ചാവുമായി അറസ്റ്റ് നാടകം നടത്തി കിടങ്ങൂര്‍ പോലീസ് തടിയൂരുകയാണെന്നാണ് ആക്ഷേപം.

കിടങ്ങൂര്‍ ടൗണ്‍, സൗത്ത്, എഞ്ചിനീയറിംഗ് കോളേജ് ഭാഗം, ചേര്‍പ്പുങ്കല്‍, കട്ടച്ചിറഭാഗത്തുള്ള ഒരു കോളനി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ കഞ്ചാവ് കച്ചവടം നടക്കുകയാണ്. കമ്പത്തുനിന്നും കുമളി വഴി നേരിട്ട് കിടങ്ങൂരിലെത്തിക്കുന്ന കഞ്ചാവ് ചെറുപൊതികളിലായി വില്‍ക്കാന്‍ യുവാക്കളടങ്ങിയ 20-ല്‍ലധികം ആളുകളുള്ള ഒരു സംഘം പ്രവര്‍ത്തിക്കുന്നതായാണ് രഹസ്യവിവരം. ഇതില്‍ ഭൂരിപക്ഷവും യുവാക്കളാണ്.

കിടങ്ങൂര്‍ എഞ്ചിനീയറിംഗ് കോളേജിന് സമീപം സ്ഥിരമായി കഞ്ചാവ് വില്‍ക്കുന്നവരുണ്ട്. കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് സാമൂഹ്യവിരുദ്ധ സംഘം കഞ്ചാവ് വില്പനയുമായി രംഗത്തിറങ്ങിയിട്ടുണ്ട്. കിടങ്ങൂര്‍ പോലീസ് കഞ്ചാവ് കച്ചവടക്കാര്‍ക്ക് വേണ്ട ഒത്താശകളെല്ലാം ചെയ്തുകൊടുക്കുകയാണെന്നാണ് ആരോപണം.

കഞ്ചാവ് മാഫിയായോട് മാസപ്പടി വാങ്ങുന്ന ചില പോലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടെന്നുള്ളതും പരസ്യമായ രഹസ്യമാണ്. സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ കഞ്ചാവ് വേട്ടയ്ക്ക് ഇറങ്ങിയാലും റെയ്ഡ് വിവരം നേരത്തെ കഞ്ചാവ് മാഫിയയ്ക്ക് ചോര്‍ത്തിക്കൊടുക്കുന്നുണ്ടെന്നാണ് ആരോപണം.

അതീവരഹസ്യമായി നടക്കുന്ന കഞ്ചാവ് കച്ചവടത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചെങ്കിലും പോലീസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍പോലും തട്ടിക്കൂട്ട് റിപ്പോര്‍ട്ട് തയ്യാറാക്കി ഉന്നത അധികാരികള്‍ക്കയച്ച് യഥാര്‍ത്ഥ കഞ്ചാവ് മാഫിയായെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കിടങ്ങൂരിലെ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരെക്കുറിച്ചും ഏറെ ആക്ഷേപങ്ങള്‍ ഉണ്ടെങ്കിലും ഇതൊന്നും മേലുദ്യോഗസ്ഥര്‍ ഗൗനിക്കുന്നതേയില്ല.

അടുത്തിടെ ശക്തിമായി പരാതി ഉയരുകയും കഞ്ചാവ് മാഫിയയ്‌ക്കെതിരെയുള്ള പ്രവര്‍ത്തനത്തില്‍ കിടങ്ങൂര്‍ പോലീസ് കടത്ത അനാസ്ഥ കാണിക്കുകയും ചെയ്യുന്നതായി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കിടങ്ങൂര്‍ എസ്.ഐയുടെ നേതൃത്വത്തില്‍ പേരിന് ചില അന്വേഷണങ്ങള്‍ നടത്തി ഒന്നുരണ്ട് പേരെ നാലഞ്ചുഗ്രാം കഞ്ചാവുമായി പിടികൂടിയതൊഴിച്ചാല്‍ തുടര്‍നടപടികള്‍ ഒന്നുമുണ്ടാകുന്നില്ല.

ഒന്നോ രണ്ടോ പേരെ അറസ്റ്റ് ചെയ്ത ശേഷം കേബിള്‍ ടി.വി. ജീവനക്കാരെ വിളിച്ചുവരുത്തി ഇവരുടെ ഫോട്ടോയെടുത്ത് പ്രദര്‍ശിപ്പിച്ച് തങ്ങള്‍ വലിയ കഞ്ചാവ് വേട്ടക്കാരാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് കിടങ്ങൂര്‍ പോലീസെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.

Advertisment