Advertisment

ഒടുവില്‍ കാവുകണ്ടം ജയനാശാന്‍ തിരിച്ചെത്തുന്നു ! പൂഞ്ഞാറിലെ വെള്ളക്കെട്ടില്‍ അപകടകരമായി ബസ് ഓടിച്ചതിന് സസ്‌പെന്‍ഷനിലായിരുന്ന ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യനെ തിരിച്ചെടുത്തു. ഈരാറ്റുപേട്ട ഡിപ്പോയിലെ ജയദീപിനെ തിരിച്ചെടുത്തത് എട്ടുമാസത്തിന് ശേഷം ! തിരിച്ചെടുത്തത് ഗുരുവായൂരിലേക്ക് സ്ഥലം മാറ്റത്തോടെ

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം: കഴിഞ്ഞ പ്രളയകാലത്ത് വെള്ളക്കെട്ടില്‍ അപകടകരമായ രീതിയില്‍ ബസ് ഓടിച്ചതിന് സസ്പെന്‍ഷനിലായിരുന്ന ഡ്രൈവറെ സര്‍വീസില്‍ തിരിച്ചെടുത്തു. കെഎസ്ആര്‍ടിസി ഈരാറ്റുപേട്ട ഡിപ്പോയിലെ ജയദീപ് സെബാസ്റ്റ്യനെയാണ് എട്ടു മാസത്തെ സസ്പെന്‍ഷനുശേഷം തിരികെ ഡ്യൂട്ടിയില്‍ എടുത്തത്. ഇയാളെ ഗുരുവായൂരിലേക്ക് സ്ഥലംമാറ്റുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പൂഞ്ഞാറില്‍ വച്ചായിരുന്നു സംഭവം. ശക്തമായ മഴയെ തുടര്‍ന്ന് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്കു മുന്നില്‍ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെയായിരുന്നു ജയദീപ് ബസ് ഓടിച്ചത്. യാത്രക്കാരുടെ ജീവന് ഭീഷണിയാകുകയും ബസിന് നാശനഷ്ടമുണ്ടാക്കുകയും ചെയ്യുന്ന തരത്തില്‍ വാഹനം കൈകാര്യം ചെയ്തത് ചൂണ്ടിക്കാട്ടിയായിരുന്നു അച്ചടക്ക നടപടി.

publive-image

ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞ ഒക്ടോബര്‍ 16ന് കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ ജയദീപിനെ സസ്പെന്‍ഡ് ചെയയുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോലീസിലും പരാതി നല്‍കിയിരുന്നു. പോലീസ് അറസ്റ്റ് ഭയന്ന് മുങ്ങിയ ഇയാള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കുകയായിരുന്നു.

ഒരാള്‍പൊക്കത്തിലുള്ള വെള്ളക്കെട്ടില്‍ മുക്കാല്‍ ഭാഗവും മുങ്ങിയ ബസ്സില്‍നിന്ന് നാട്ടുകാരാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. ബസ് പിന്നീട് വലിച്ച് കരക്കുകയറ്റുകയും ചെയ്തു. സസ്പെന്‍ഷനിലായ ശേഷം ഇയാള്‍ കെഎസ്ആര്‍ടിസിക്കെതിരെയും ഗതാഗത മന്ത്രിക്കെതിരെയും രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.

Advertisment